ഒരു നടി യുവനേതാവിനെതിരെ നടത്തിയ വെളിപ്പെടുത്തലും പാർട്ടിക്കുള്ളിൽ വലിയ ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്. നടിയോട് മോശമായി പെരുമാറിയെന്ന ആരോപണം നേരിടുന്ന ഈ യുവ നേതാവിനെതിരെ പാർട്ടിക്കുള്ളിൽ തന്നെ മുൻപും പരാതികൾ ഉണ്ടായിരുന്നതായി സൂചനയുണ്ട്. ഈ വിഷയത്തിൽ സംസ്ഥാന, ദേശീയ നേതൃത്വങ്ങൾക്ക് മുൻപിലും ചില ആക്ഷേപങ്ങളുണ്ടായിരുന്നതായി വിവരമുണ്ട്. എന്നാൽ, ഈ പരാതികളിൽ എന്ത് നടപടിയാണ് സ്വീകരിച്ചതെന്ന് വ്യക്തമല്ല. നടിയുടെ വെളിപ്പെടുത്തലിൽ പേര് വെളിപ്പെടുത്താത്തതിനാൽ പരസ്യപ്രതികരണം വേണ്ടെന്നാണ് കോൺഗ്രസ് നേതൃത്വത്തിന്റെ നിലപാട്.
അതേസമയം ഇടതുപക്ഷ സംഘടനകൾ ഉൾപ്പെടെ ഈ വിഷയം രാഷ്ട്രീയ ആയുധമാക്കാൻ തുടങ്ങിയത് കോൺഗ്രസിന് തലവേദന സൃഷ്ടിക്കുന്നുണ്ട്. നടി പേര് വെളിപ്പെടുത്തിയില്ലെങ്കിലും ആരോപണങ്ങളുടെ മുന നീളുന്നത് രാഹുൽ മാങ്കൂട്ടത്തിലിലേക്കാണ്. ഇതിനിടെ, ബിജെപി പ്രവർത്തകർ ഇന്നലെ രാത്രി രാഹുൽ മാങ്കൂട്ടത്തിലിന്റെ പാലക്കാടുള്ള ഓഫീസിലേക്ക് മാർച്ച് നടത്തി. പോലീസ് മാർച്ച് തടഞ്ഞതോടെ ഉന്തും തള്ളുമുണ്ടായി. പോലീസ് അറസ്റ്റ് ചെയ്ത പ്രവർത്തകരെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് സൗത്ത് പോലീസ് സ്റ്റേഷൻ ഉപരോധിക്കുകയും ചെയ്തു.
advertisement
വരും ദിവസങ്ങളിലും പ്രതിഷേധം ശക്തമാക്കാനാണ് ബിജെപിയുടെ തീരുമാനം. രാഹുൽ മാങ്കൂട്ടത്തിൽ രാത്രിയിൽ "ആക്ടീവ്" ആകുന്ന ആളാണെന്നും, കോൺഗ്രസ് പാർട്ടിയിലെ സ്ത്രീകൾ രാഹുലുള്ള പരിപാടികൾക്ക് പോകാൻ മടിക്കുന്നുണ്ടെന്നും ബിജെപി നേതാവ് കൃഷ്ണകുമാർ ആരോപിച്ചു. നടി കൂടുതൽ വെളിപ്പെടുത്തലുകൾ നടത്താൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.