നിയമസഭാ തിരഞ്ഞെടുപ്പിനുള്ള തന്ത്രങ്ങള്‍ മെനയാന്‍ കോണ്‍ഗ്രസ് നേതൃത്വം വയനാട് സുല്‍ത്താന്‍ ബത്തേരി പൂളവയലിലെ സപ്ത റിസോർട് ആൻഡ് സ്പായിൽ നടത്തിയ 'ലക്ഷ്യ 2026' ക്യാംപിനോടനുബന്ധിച്ച് മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം പാർട്ടിയുടെ നിലവിലെ അവസ്ഥ വിവരിച്ചത്.
കോൺഗ്രസ് പാർട്ടിയുടെ പക്കൽ ഇപ്പോൾ പണമില്ലെന്നും പാർട്ടിക്കായി തന്ത്രങ്ങൾ മെനയാൻ വലിയ പി.ആർ (Public Relations) ഏജൻസികളില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു.കേന്ദ്ര സർക്കാരോ കേരള സർക്കാരോ പാർട്ടിയുടെ കൈവശമില്ലാത്തതിനാൽ നേരിടുന്ന കടുത്ത പരിമിതികളെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു. പാവപ്പെട്ട ജനങ്ങളിൽ നിന്നും ശേഖരിക്കുന്ന തുച്ഛമായ തുക ഉപയോഗിച്ചാണ് നിലവിൽ തിരഞ്ഞെടുപ്പുകളെ നേരിടുന്നത് എന്നും അദ്ദേഹം വിശദീകരിച്ചു.
advertisement
' പി ആർ ഒ ഒന്നും ഞങ്ങളുടെ കയ്യിലില്ല. ഞങ്ങളുടെ കയ്യിൽ കേന്ദ്രവുമില്ല, കേരളവുമില്ല, ഞങ്ങളുടെ കയ്യിൽ പൈസയുമില്ല. പാവപ്പെട്ട ജനങ്ങളുടെ സഹായത്തിലാണ് പാർട്ടി ആത്മവിശ്വാസത്തോടെ മുന്നോട്ടുപോകുന്നത്. എല്ലാവരും തേങ്ങ ചിരകുമ്പോൾ, ഞങ്ങളും ചിരട്ട എങ്കിലും ചിരകി ജീവിക്കട്ടെ.'- കെ സി വേണുഗോപാൽ പറഞ്ഞു.
നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് 85 മണ്ഡലങ്ങളില്‍ വിജയം ഉറപ്പെന്ന് വിലയിരുത്തിയ ദ്വിദിന ക്യാംപിൽ ഇത് 100 സീറ്റുകളാക്കി തിളക്കം കൂട്ടാൻ തന്ത്രങ്ങള്‍ ആവിഷ്‌കരിക്കുന്നതിനായി നിലവിൽ രാജ്യത്തെ ഏറ്റവും പ്രമുഖനായ തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ സുനില്‍ കനുഗോലുവിന്റെ സാന്നിധ്യവമുണ്ടായിരുന്നു.
ജില്ലയിലെ ആദ്യത്തെ ഫൈവ് സ്റ്റാർ റിസോർട്ട് ആയ സപ്ത സിഎംപി നേതാവ് എൻ വിജയകൃഷ്ണൻ ചെയർമാനായ കേരളാ ലാൻഡ് റിഫോംസ് ആൻഡ് ഡെവലപ്പമെന്റ് സൊസൈറ്റി (ലാഡർ ) യുടെ സ്ഥാപനമാണ്.
