ജാതിയില്ലെന്ന് എസ്എസ്എൽസി ബുക്കിൽ രേഖപ്പെടുത്തിയ ആൾക്കെതിരെ എസ് സി - എസ് ടി ആക്ട് നിലനിൽക്കില്ലെന്നാണ് കോടതി പറഞ്ഞത്. പട്ടികജാതിക്കാരിയാണെന്ന അറിവോടെയല്ല അതിക്രമം നടന്നത്. നിയമത്തിനു മുന്നിൽ എല്ലാവരും തുല്യരാണെന്നും ജാതിരഹിത സമൂഹമാണ് ഭരണഘടനാ ശിൽപികൾ ഉൾപ്പെടെ ലക്ഷ്യം വച്ചിരുന്നതെന്നാണ് കോടതിയുടെ നിരീക്ഷണം. അതിജീവിത കാര്യബോധമില്ലാത്തയാളല്ലെന്നും കോഴിക്കോട് ജില്ലാ സെഷൻസ് കോടതി ചൂണ്ടിക്കാട്ടി.
എഴുത്തുകാരിയും അധ്യാപികയുമായ ദളിത് യുവതി നൽകിയ പീഡന പരാതിയിലാണ് സിവിക് ചന്ദ്രന് കോടതി മുൻകൂർ ജാമ്യം അനുവദിച്ചത്. സിവിക് ചന്ദ്രൻ യുവതിക്കയച്ച വാട്സ് അപ് ചാറ്റുകളടക്കം പ്രോസിക്യൂഷൻ ഹാജരാക്കിയിരുന്നു. എന്നാൽ പട്ടികജാതി പീഡന നിരോധന നിയമം അടക്കം നിലനിൽക്കില്ലെന്ന പ്രതിഭാഗത്തിന്‍റെ വാദം പരിഗണിച്ചാണ് സെഷൻസ് കോടതി മുൻകൂർ ജാമ്യം അനുവദിച്ചത്.
advertisement
കൊയിലാണ്ടി പൊലീസ് രജിസ്റ്റർ ചെയ്ത രണ്ടാമത്തെ ലൈംഗിക പീഡന കേസിൽ സിവിക് ചന്ദ്രന്റെ മുൻകൂർ ജാമ്യ അപേക്ഷയിൽ കോടതി സ്വീകരിച്ച നിലപാടും വിവാദത്തിന് വഴിവെച്ചിരുന്നു.കോഴിക്കോട് സെഷൻസ് കോടതി ജഡ്ജി എസ് കൃഷ്ണകുമാറിൻറെ ഉത്തരവാണ് വിവാദമായത്. ലൈംഗികപരമായി പ്രകോപനം ഉണ്ടാക്കുന്ന തരത്തിലുള്ള വസ്ത്രങ്ങളാണ് പരാതിക്കാരി ധരിച്ചിരുന്നതെന്നും, സെക്ഷൻ 354 പ്രകാരം പ്രഥമദൃഷ്ട്യാ കേസ് എടുക്കാനാകില്ലെന്നുമായിരുന്നു കോടതി നിരീക്ഷണം.
ശാരീരിക അവശതകളുള്ള, എഴുപത്തിനാലു വയസുകാരനായ പ്രതി പരാതിക്കാരിയെ ബലം പ്രയോഗിച്ച് മടിയിൽ കിടത്തി, സ്വകാര്യ ഭാഗത്ത് സ്പർശിക്കാൻ ശ്രമിച്ചെന്നു പറയുന്നത് വിശ്വസിക്കാൻ കഴിയില്ലെന്നും കോടതി പറഞ്ഞു. സെക്ഷൻ 354 പ്രകാരം കേസ് എടുക്കണമെങ്കിൽ ഒരു സ്ത്രീയുടെ മാന്യതക്കും അന്തസിനും ഭംഗം വരുത്തിയതിന് മതിയായ തെളിവുകൾ ഉണ്ടായിരിക്കണം എന്നും കോടതി പറഞ്ഞു.
ലൈംഗിക പീഡനത്തെക്കുറിച്ചും ഈ കുറ്റത്തിന് ലഭിക്കാവുന്ന ശിക്ഷകളെ കുറിച്ചുമാണ് സെക്ഷൻ 354 എയിൽ പറയുന്നത്. സമ്മതമില്ലാത്ത ശാരീരിക ബന്ധമമോ സ്പഷ്ടമായ ലൈംഗിക പ്രവർത്തികളോ ലൈംഗികമായി ആക്രമിക്കാനുള്ള ശ്രമമോ ലൈംഗിക ചുവയുള്ള പരാമർശങ്ങളോ ആവശ്യങ്ങളോ ലൈംഗിക താത്പര്യം പ്രകടിപ്പിച്ചു കൊണ്ടുള്ള അഭ്യർത്ഥനകളോ നടന്നിട്ടുണ്ടെങ്കിൽ ഈ സെക്ഷൻ പ്രകാരം കേസ് എടുക്കാമെന്നും കോടതി പറഞ്ഞു.