രാവിലെ പതിനൊന്നു മണിയോടെ കൊല്ലം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയില്‍ ശിക്ഷയെ കുറിച്ചുളള വാദം തുടങ്ങും. കിരണിന് ജീവപര്യന്തം ശിക്ഷ നല്‍കണമെന്ന ആവശ്യമാകും പ്രോസിക്യൂഷന്‍ ഉന്നയിക്കുക. പ്രായം പരിഗണിച്ച് ശിക്ഷയില്‍ ഇളവു നല്‍കണമെന്നാകും പ്രതിഭാഗത്തിന്റെ വാദം. വിസ്മയയുടെ മരണത്തില്‍ ഭര്‍ത്താവ് കിരണ്‍ കുമാറാണ് കേസിലെ ഏക പ്രതി. സ്ത്രീധന പീഡനങ്ങളില്‍ സംസ്ഥാനത്ത് ഏറ്റവുമധികം ശ്രദ്ധ നേടിയ കേസായിരുന്നു ഇത്.
advertisement
ഐപിസി 304 (B), ഗാര്‍ഹിക പീഡനത്തിനെതിരായ 498 (A), ആത്മഹത്യാ പ്രേരണയ്‌ക്കെതിരായ ഐപിസി 306 വകുപ്പുകളും സ്ത്രീധന നിരോധന നിയമത്തിലെ 3, 4 വകുപ്പുകളുമാണ് കോടതി ശരിവച്ചത്. ഐപിസി 506, 323 വകുപ്പുകള്‍ മാത്രമാണ് തള്ളിക്കളഞ്ഞത്. കിരണിനെ കുറ്റക്കാരനാണെന്ന് വിധിച്ചതിനു പിന്നാലെ ഇയാളുടെ ജാമ്യം റദ്ദാക്കിയിരുന്നു.
കേസില്‍ നിര്‍ണായകമായത് ഡിജിറ്റല്‍ തെളിവുകളാണെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ രാജ് കുമാര്‍. പ്രതിക്ക് ജാമ്യം ലഭിക്കാതിരിക്കാനാണ് പ്രഥമ പരിഗണന നല്‍കിയതെന്നും രാജ് കുമാര്‍ ന്യൂസ് 18നോട് പ്രതികരിച്ചിരുന്നു.
2021 ജൂണ്‍ 21 നാണ് ശാസ്താംകോട്ട പോരുവഴിയിലെ ഭര്‍തൃവീട്ടില്‍ നിലമേല്‍ സ്വദേശിയായ എംബിബിഎസ് വിദ്യാര്‍ത്ഥിനി വിസ്മയയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ശാരീരികമായും മാനസികമായും പീഡിപ്പിച്ചതിനെ തുടര്‍ന്നാണ് വിസ്മയ ആത്മഹത്യ ചെയ്തെന്നാണ് കേസ്. സ്ത്രീധനമായി നല്‍കിയ കാറില്‍ തൃപ്തനല്ലാത്തതിനാലും വാഗ്ദാനം ചെയ്ത സ്വര്‍ണം ലഭിക്കാത്തതിനാലും നിരന്തരം പീഡിപ്പിച്ചിരുന്നുവെന്നാണ് ഭര്‍ത്താവ് കിരണ്‍കുമാറിനെതിരായ കേസ്.