ദേവസ്വം ബോർഡ് പ്രസിഡന്റായി കെ.ജയകുമാറിനെ സിപിഎം നിശ്ചയിച്ചതോടെയാണ് സിപിഐ തീരുമാനിച്ച പ്രതിനിധി മാറിയത്. സിപിഐ സംസ്‌ഥാന കൗൺസിൽ അംഗമായ വിളപ്പിൽ രാധാകൃഷ്ണനാണ് ദേവസ്വം ബോർഡ് അംഗത്വപദവി ജാതിയിൽ തട്ടി നഷ്ടമായത്. ബോർഡിലെ സാമുദായിക സമവാക്യങ്ങൾ പാലിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎം നേതൃത്വം തന്നെ ഇടപെട്ടതോടെയാണ് സിപിഐക്ക് വഴങ്ങിയത്. ബോർഡിലെ നിലവിലെ സിപിഐ നോമിനിയായ എ.അജികുമാറിനു പകരം വിളപ്പിൽ രാധാകൃഷ്ണനെ നിയോഗിക്കാൻ മൂന്ന് ദിവസം മുൻപ് സിപിഐ തീരുമാനിച്ചിരുന്നു.
പി എസ് പ്രശാന്തിന്റെ പിൻഗാമിയായി പ്രസിഡൻ്റ് സ്ഥാനത്തേക്ക് ഈഴവ സമുദായത്തിൽപ്പെട്ട ഒരാളായിരിക്കും എന്നുള്ള സൂചനയെ തുടർന്നാണ് സിപിഐ ഇങ്ങനെ തീരുമാനിച്ചത്. ഇക്കാര്യം രാധാകൃഷ്ണനെയും സിപിഐ ജില്ലാ നേതൃത്വത്തെയും സം സ്‌ഥാന സെക്രട്ടറി അറിയിച്ചു.
advertisement
എന്നാൽ വെള്ളിയാഴ്ച ചേർന്ന സിപിഎം സംസ്‌ഥാന സെക്രട്ടേറിയറ്റ് മുൻ ചീഫ് സെക്രട്ടറി കെ.ജയകുമാറിനെ പ്രസിഡന്റാക്കാൻ തീരുമാനിച്ചതോടെ കാര്യങ്ങൾ മാറി മറിഞ്ഞു.
ജയകുമാറും രാധാകൃഷ്ണനും നായർ സമുദായത്തിൽ നിന്ന് ഉള്ളവരായതിനാൽ രാധാകൃഷ്ണനു പകരം മറ്റൊരാളെ വയ്ക്കാൻ കഴിയുമോ എന്ന് സി പിഐ നേതൃത്വത്തോട് സിപിഎം നേതൃത്വം ചോദിച്ചു. പാർട്ടി തീരുമാനവും രാധാകൃഷ്ണനു കൊടുത്ത വാക്കും ചൂണ്ടിക്കാട്ടി അത് സാധിക്കില്ലെന്നു സംസ്ഥാന നേതൃത്വം വ്യക്തമാക്കി. പിന്നീട് വിദേശത്തു നിന്ന് മുഖ്യമന്ത്രി സിപിഐ സംസ്ഥാന സെക്രട്ടറിയുമായി സംസാരിച്ചു എന്നാണ് സൂചന.
രാഷ്ട്രീയപരമായി ആലപ്പുഴയിൽ നിന്നുള്ള സിപിഎം നേതാവ് ദേവകുമാറിന്റെ പേരിനായിരുന്നു മുൻഗണന. എന്നാൽ നിലവിലെ സാഹചര്യത്തിൽ മറ്റെല്ലാ പരിഗണനകളും മാറ്റി നിർത്തി കെ ജയകുമാർ വരണമെന്ന് താല്പര്യമെടുത്തത് മുഖ്യമന്ത്രിയാണ്. പാർട്ടിക്ക് പുറത്തുള്ള ഒരാളെ വയ്ക്കാനുള്ള കാരണവും സിപിഎം തീരുമാനവും അതിന്റെ അടിസ്ഥാനത്തിൽ ജയകുമാറിനെ കണ്ടെത്തിയതും സിപിഎം നേതൃത്വം വിശദീകരിച്ചു. സാഹചര്യം മനസ്സിലാക്കി സിപിഐ അംഗീകരിച്ചു. ജില്ലാ ഭാരവാഹി പട്ടികയിലെ നായർ പ്രാതിനിധ്യത്തിന്റെ പേരിൽ തിരുവനന്തപുരത്ത് സിപിഐയിൽ അടുത്തിടെ തർക്കങ്ങൾ ഉണ്ടായിരുന്നതായി വാർത്ത ഉണ്ടായിരുന്നു. പ്രസിഡന്റടക്കം മൂന്ന് അംഗങ്ങളാണ് തിരുവിതാംകൂർ ദേവസ്വം ബോർഡിലുള്ളത്.
