അടൂരിന്റെ സഹോദരൻ പ്രഫ. രാമചന്ദ്രൻ ഉണ്ണിത്താന്റെ മകളുടെ ഭർത്താവ് ബിജുവിന്റെ നേതൃത്വത്തിലാണ് വീട് പൊളിക്കാൻ ശ്രമം നടന്നത്. വീടും സ്ഥലവും വിലകൊടുത്ത് വാങ്ങി സംരക്ഷിക്കാൻ തയ്യാറായി കുടുംബാംഗങ്ങൾ രംഗത്തെത്തിയ വേളയിലാണ് മറുഭാഗത്ത് പൊളിക്കാനുള്ള ശ്രമം ഉണ്ടായത്. വീട് നിലനിർത്തുന്നതിനോടാണ് അടൂർ ഗോപാലകൃഷ്ണനും താത്പര്യം.
അതേസമയം, ജന്മനാട്ടിലെ തന്റെ 13.5 സെന്റ് ഭൂമി മനസ്സോടിത്തിരി മണ്ണ് ക്യാമ്പയിനിലൂടെ ഭൂരഹിതർക്ക് നൽകാൻ അടൂർ ഗോപാലകൃഷ്ണൻ സന്നദ്ധത പ്രകടിപ്പിച്ചു. ഇതേക്കുറിച്ച് എം.വി. ഗോവിന്ദൻ മാസ്റ്റർ കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്ത ഫേസ്ബുക്ക് കുറിപ്പ് വായിക്കാം.
advertisement
ഇന്ന് രാവിലെയാണ് വിഖ്യാത ചലചിത്രകാരനായ അടൂര്‍ ഗോപാലകൃഷ്ണന്‍ ഫോണില്‍ ബന്ധപ്പെടുന്നത്. ലൈഫ്മിഷന്റെ ഭാഗമായി ഭൂ-ഭവനരഹിതര്‍ക്ക് ഭൂമി ലഭ്യമാക്കാന്‍ ആരംഭിച്ച “മനസ്സോടിത്തിരി മണ്ണ്” ക്യാമ്പയിനില്‍ പങ്കാളിയാകാന്‍ താല്‍പ്പര്യമുണ്ടെന്ന് അറിയിക്കാനായിരുന്നു ആ വിളിയെത്തിയത്.
മനസ്സോടിത്തിരി മണ്ണ് ക്യാമ്പയിന്റെ ഉദ്ഘാടന വേളയിലും തുടര്‍ന്നും ഭൂ-ഭവന രഹിതരായ പാവങ്ങള്‍ക്ക് ഭൂമി സംഭാവന ചെയ്യാന്‍ തയ്യാറാവണമെന്നഭ്യര്‍ത്ഥിച്ചുകൊണ്ടുള്ള പ്രസ്താവന ശ്രദ്ധയില്‍പ്പെട്ടപ്പോഴാണ് അടൂർ നിറഞ്ഞ മനസ്സോടെ തന്റെ ഭൂമി പങ്കുവെക്കാന്‍ തീരുമാനിച്ചത്.
ഐ പി എസ് ഉദ്യോഗസ്ഥയായി നാഗ്പൂരില്‍ ജോലി ചെയ്യുന്ന മകള്‍ അശ്വതിയോട് അടൂര്‍ ഈ കാര്യം പങ്കുവെച്ചപ്പോള്‍ മകളും അച്ഛനോടൊപ്പം ചേരുകയായിരുന്നു. എത്രയും പെട്ടെന്ന് ഭൂമി നല്‍കാനുള്ള നടപടികള്‍ കൈക്കൊള്ളാന്‍ ആശ്വതിയും പറഞ്ഞു.
നിറഞ്ഞ മനസ്സോടെ തന്റെ മണ്ണ് പങ്കുവെക്കുന്നുവെന്ന് അറിയിച്ചുള്ള അടൂരിന്റെ ഫോണ്‍ വന്നയുടന്‍ തന്നെ അദ്ദേഹത്തിന്റെ ആക്കുളത്തെ വീട്ടിലെത്തി സംസ്ഥാന സര്‍ക്കാരിന് വേണ്ടി നന്ദി അറിയിച്ചു.
അടൂര്‍, ഏറത്ത് പഞ്ചായത്തിലെ തൂവയൂരിലാണ് 13.5 സെന്റ് ഭൂമി മനസ്സോടിത്തിരി മണ്ണ് ക്യാമ്പയിനിലൂടെ ഭൂ-ഭവന രഹിതര്‍ക്ക് അടൂര്‍ ഗോപാലകൃഷ്ണന്‍ കൈമാറുന്നത്. ഇത് ഭൂദാനമല്ലെന്നും മണ്ണിന്റെ പങ്ക് പകുത്ത് നല്‍കുകയാണെന്നും കടമ നിറവേറ്റുകയാണെന്നുമാണ് അടൂര്‍ പറഞ്ഞത്.
ലോകചലച്ചിത്രരംഗത്ത് മലയാളത്തെ അടയാളപ്പെടുത്തിയ മഹാപ്രതിഭയായ അടൂരിന്റെ ഈ തീരുമാനം സംസ്ഥാന സര്‍ക്കാരിന് വലിയ പ്രചോദനമാണ് നല്‍കുന്നത്. ഭൂ-ഭവന രഹിതര്‍ക്ക് ഭൂമി ലഭ്യമാക്കാനുള്ള യത്‌നം സഫലമാക്കാനുള്ള ഊര്‍ജ്ജമാണ് ഇത്തരം നിലപാടുകൾ പകരുന്നത്. ചലച്ചിത്ര മേഖലയിലും പുറത്തുമുള്ള സുമനസുകള്‍ “മനസ്സോടിത്തിരി മണ്ണ്” ക്യാമ്പയിനില്‍ പങ്കാളികളാവാന്‍ മുന്നോട്ടുവന്നാല്‍ രണ്ടരലക്ഷത്തിലേറെയുള്ള അര്‍ഹതയുള്ള ഭൂ-ഭവന രഹിതര്‍ക്ക് തലചായ്ക്കാന്‍ സ്വന്തമായി വീടൊരുക്കാന്‍ സാധിക്കും.
ലൈഫ്മിഷന്റെ മൂന്നാം ഘട്ടത്തില്‍ വന്‍ ജനകീയ പങ്കാളിത്തത്തോടെ ഭൂരഹിതര്‍ക്ക് ഭൂമി ലഭ്യമാക്കാനുള്ള പ്രവര്‍ത്തനങ്ങളുമായാണ് സര്‍ക്കാര്‍ മുന്നേറുന്നത്.