എൻ എൻ കൃഷ്ണദാസിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് പൂർണരൂപം
ഒരു കോടതിവിധി സംബന്ധിച്ച വാർത്തകളുടെ നിജസ്ഥിതി വ്യക്തമാക്കാനാണ് ഇതെഴുതുന്നത്. പാലക്കാട് ഇ. എസ്. ഐ ആശുപത്രിയിൽ അതിക്രമിച്ചു കയറി ; ആശുപത്രി സൂപ്രണ്ടിന്റെ കൃത്യവിലോപം തടസ്സപ്പെടുത്തി എന്നൊക്കെയുള്ള കുറ്റങ്ങൾ ചുമത്തി എനിക്കും, DYFI ബ്ലോക്ക് സെക്രട്ടറി ആയിരുന്ന സഖാവ് ജോസിനും എതിരെ പാലക്കാട് CJM കോടതി ശിക്ഷ വിധിച്ചു. 2015ൽ ഉമ്മൻ ചാണ്ടി ഭരണ കാലത്താണ് കേസിനാസ്പദമായ "സംഭവം" ഉണ്ടായത്. പാലക്കാട് ESI ആശുപത്രിയിൽ നിന്ന് ESI ആനുകൂല്യമുള്ള തൊഴിലാളികൾക്ക് ആവശ്യമായ സർട്ടിഫിക്കറ്റുകൾ നൽകുന്നതിന് തൊഴിലാളികളായ ചികിത്സാർഥികളിൽ നിന്ന് അനധികൃതമായി പണം ചോദിക്കുകയും, അത് നൽകാത്തവർക്ക് സർട്ടിഫിക്കറ്റ് നൽകാതിരിക്കുകയും ചെയ്യുന്നത് നിത്യസംഭവമായിരുന്നു.
advertisement
അതിനിടയിൽ ഭിന്നശേഷിക്കാരി കൂടിയായ ഒരു തൊഴിലാളി സ്ത്രീക്ക് ഉയർന്ന ചികിത്സാവശ്യത്തിനുള്ള റഫറൻസ് സെർട്ടിഫിക്കറ്റ് നൽകാതെ അവരെ ദിവസങ്ങളോളം നടത്തി ബുദ്ധിമുട്ടിച്ചു അവിടത്തെ ആശുപത്രി സൂപ്രണ്ട്. ഇതറിഞ്ഞു ഒരു കൂട്ടം സഖാക്കൾ അവിടെയെത്തി ഈ അന്യായത്തിനെതിരെ സൂപ്രണ്ട് ഓഫീസ് മുൻ വശത്ത് കുത്തിയിരുന്നു. വിവരം അറിഞ്ഞപ്പോൾ ഈയുള്ളവനും അവിടെയെത്തി. അധികം വൈകാതെ സമരം അവസാനിക്കുകയും ചെയ്തു. എന്നാൽ ഞങ്ങൾക്കെതിരെ മേൽപ്പറഞ്ഞ കുറ്റം ചുമത്തി പോലീസ് case എടുത്തു. ആ കേസ് പാലക്കാട് CJM കോടതിയിൽ ആയിരുന്നു. കഴിഞ്ഞ 15ന് മേൽ സൂചിപ്പിച്ച പ്രകാരം വിധി കൽപ്പിച്ചു. ആ സമയം തന്നെ ഞങ്ങൾക്ക് വേണ്ടി ഹാജരായിരുന്ന വക്കീൽമാർ കേസിനു stay വാങ്ങുകയും പിറ്റേ ദിവസം തന്നെ ജില്ലാ കോടതിയിൽ അപ്പീൽ നൽകുകയും ചെയ്തിട്ടുള്ളതാകുന്നു.
വർഷങ്ങളായി തുടരുന്ന പാർട്ടി പ്രവർത്തനത്തിൽ ഇതൊക്കെ സാധാരണ സംഭവമായി കാണുന്നവരാണ് കമ്മ്യൂണിസ്റ്റ്കാർ. അതിനിടയിൽ ദിവസങ്ങൾക്കു ശേഷം എന്തോ വലിയൊരു കണ്ട് പിടിത്തം നടത്തിയപോലെ ചില മാധ്യമങ്ങൾ ഇതൊരു "വൻ" സംഭവമാക്കിയത്കൊണ്ടാണ് ഈ കുറിപ്പ്. ഇങ്ങനെയൊക്കെയോ, ചിലപ്പോൾ ഇതിലും വലുതോ സംഭവിക്കും എന്നറിഞ്ഞട്ടല്ലേ ഒരാൾ കമ്മ്യൂണിസ്റ്റ് ആവുന്നത്! കമ്മ്യൂണിസ്റ്റ് കാർ ആ പാർട്ടി തന്നെ തെരെഞ്ഞെടുക്കുന്നത്, വഴിതെറ്റിക്കയറിയ അപരിചിത സഞ്ചാരികളെ പോലെ അല്ലാത്തത് കൊണ്ടാണ്.
അത് കൊണ്ട് ഇങ്ങനെ ഒരു കേസ് ഉണ്ടാവുന്നതും, അതിൽ ചിലപ്പോൾ ശിക്ഷ വിധിക്കുന്നതും ചിലർക്ക് അസാധാരണമായി തോന്നാം. ഞങ്ങൾക്ക് ഇതൊക്കെ സാധാരണ പാർട്ടി പ്രവർത്തനത്തിന്റെ ഭാഗമാണ്. ഇതിനൊന്നും ഒരു പ്രാധാന്യവും കണക്കാക്കുന്നില്ല.