‘കെ റെയിലിന്റെ നിരക്ക് താരതമ്യേന കുറവാണ്. സാധാരണക്കാരന് അപ്പം കൊണ്ടുപോയി വിറ്റു വരാൻ കഴിയും. നിങ്ങൾക്ക് മൗലികമായ വല്ല പ്രശ്‌നവും പറയാനുണ്ടെങ്കിൽ പറയാം. ഇപ്പോ ബസിന് എത്രയാ ചാർജ്? അത് പഠിക്കണം ആദ്യം. ബസും ട്രെയിനും തമ്മിലുള്ള ചാർജിന്റെ വ്യത്യാസം എത്രയാണെന്ന് പഠിക്ക് ആദ്യം. കൂടുതലാണെന്ന് വെറുതെ പറഞ്ഞാൽ പോരാ. വസ്തുതാപരമായി പറയണം.’ കെ റെയിലിനെ കുറിച്ച് പറഞ്ഞത് യാഥാർത്ഥ്യത്തോട് ഒരുപാട് പൊരുത്തക്കേടുള്ളതല്ലേ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിനാണ് എം വി ഗോവിന്ദൻ മറുപടി നൽകിയത്.
advertisement
തൃത്താലയിൽ എം വി ഗോവിന്ദൻ പറഞ്ഞത്
കെ-റെയിൽ വന്നാൽ അമ്പത് കൊല്ലത്തേക്ക് അപ്പുറത്തെ വളർച്ചയാണ് കേരളത്തിന് ഉണ്ടാകുക. 20 മിനുട്ട് ഇടവിട്ട് 39 വണ്ടികൾ അങ്ങോട്ടും ഇങ്ങോട്ടും ഓടും. പാലക്കാട് കൂറ്റനാട് നിന്ന് രണ്ടു കെട്ട് അപ്പവുമായി കൊച്ചിയിൽ പോയി അതു വിറ്റ് ഉച്ചഭക്ഷണത്തിനു മുമ്പ് വീട്ടിൽ തിരിച്ചെത്താം. കൂറ്റനാടു നിന്ന് കുടുംബശ്രീക്കാർക്ക് രണ്ട് വലിയ കെട്ട് അപ്പവുമായി ഷൊർണൂരിൽ നിന്ന് കയറാം. വീട്ടിൽ നിന്ന് എട്ട് മണിക്ക് പുറപ്പെട്ടാൽ എട്ടരയ്ക്ക് ഷോർണൂരിൽ എത്തും. ഇരുപത് മിനിറ്റ് കാത്തിരിക്കുകയേ വേണ്ടൂ. പത്തു മിനിറ്റ് കഴിഞ്ഞാൽ വണ്ടി വരും.
റിസർവേഷനും വേണ്ട. ചെറിയ ചാർജേ ഉള്ളൂ. കൊച്ചിയിലേക്ക് പത്തോ ഇരുപത്തിയഞ്ചോ മിനുട്ട്, കൂടിവന്നാൽ അരമണിക്കൂർ. ചൂടപ്പമല്ലേ , അരമണിക്കൂർ കൊണ്ട് അപ്പം വിറ്റ് പൈസയും വാങ്ങി ഒരു ചായയും കുടിച്ച് ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാനാകുമ്പോഴേക്ക് കൂറ്റനാടെത്താം. ഇതാണ് കെ-റെയിൽ വന്നാലുള്ള സൗകര്യം. കാസർഗോഡ് നിന്ന് തിരുവനന്തപുരത്ത് എത്താൻ വെറും മൂന്ന് മണിക്കൂർ 54 മിനുട്ട് മതി. നാഷണൽ ഹൈവേക്ക് എടുക്കുന്ന ഭൂമിയുടെ പകുതി മതി. അതും മലപ്പുറത്തെ തിരൂർ വരെ ഭൂമിയൊന്നും ഏറ്റെടുക്കേണ്ടതില്ല. കാരണം അത് റെയിലിന് ഒപ്പം തന്നെ വരും. അതിനു ശേഷമേ ഭൂമി ആവശ്യമുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. കെ-റെയിൽ വന്നാൽ ലക്ഷക്കണക്കിന് വാഹനം റോഡിൽനിന്ന് പിൻവലിക്കാനാകുമെന്നും കാർബൺ ബഹിർഗമനം കുറയ്ക്കാനാകുമെന്നും എംവി ഗോവിന്ദൻ പറയുന്നു.