പാലക്കാട്: കെ-റെയിൽ വന്നാലുള്ള നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. കുടുംബശ്രീ പ്രവർത്തകരുടെ അപ്പ വിൽപനയ്ക്കു വരെ കെ റെയിൽ ഉപകാരപ്പെടുമെന്നാണ് പാലക്കാട് തൃത്താലയിൽ എംവി ഗോവിന്ദൻ പറഞ്ഞത്. സിപിഎം ജനകീയ പ്രതിരോധ യാത്രയ്ക്ക് തൃത്താലയിൽ നൽകിയ സ്വീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു പാർട്ടി സെക്രട്ടറി.
കെ-റെയിൽ വന്നാൽ അമ്പത് കൊല്ലത്തേക്ക് അപ്പുറത്തെ വളർച്ചയാണ് കേരളത്തിന് ഉണ്ടാകുക. 20 മിനുട്ട് ഇടവിട്ട് 39 വണ്ടികൾ അങ്ങോട്ടും ഇങ്ങോട്ടും ഓടും. പാലക്കാട് കൂറ്റനാട് നിന്ന് രണ്ടു കെട്ട് അപ്പവുമായി കൊച്ചിയിൽ പോയി അതു വിറ്റ് ഉച്ചഭക്ഷണത്തിനു മുമ്പ് വീട്ടിൽ തിരിച്ചെത്താം. കൂറ്റനാടു നിന്ന് കുടുംബശ്രീക്കാർക്ക് രണ്ട് വലിയ കെട്ട് അപ്പവുമായി ഷൊർണൂരിൽ നിന്ന് കയറാം. വീട്ടിൽ നിന്ന് എട്ട് മണിക്ക് പുറപ്പെട്ടാൽ എട്ടരയ്ക്ക് ഷോർണൂരിൽ എത്തും. ഇരുപത് മിനിറ്റ് കാത്തിരിക്കുകയേ വേണ്ടൂ. പത്തു മിനിറ്റ് കഴിഞ്ഞാൽ വണ്ടി വരും.
റിസർവേഷനും വേണ്ട. ചെറിയ ചാർജേ ഉള്ളൂ. കൊച്ചിയിലേക്ക് പത്തോ ഇരുപത്തിയഞ്ചോ മിനുട്ട്, കൂടിവന്നാൽ അരമണിക്കൂർ. ചൂടപ്പമല്ലേ , അരമണിക്കൂർ കൊണ്ട് അപ്പം വിറ്റ് പൈസയും വാങ്ങി ഒരു ചായയും കുടിച്ച് ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാനാകുമ്പോഴേക്ക് കൂറ്റനാടെത്താം. ഇതാണ് കെ-റെയിൽ വന്നാലുള്ള സൗകര്യം. കാസർഗോഡ് നിന്ന് തിരുവനന്തപുരത്ത് എത്താൻ വെറും മൂന്ന് മണിക്കൂർ 54 മിനുട്ട് മതി. നാഷണൽ ഹൈവേക്ക് എടുക്കുന്ന ഭൂമിയുടെ പകുതി മതി. അതും മലപ്പുറത്തെ തിരൂർ വരെ ഭൂമിയൊന്നും ഏറ്റെടുക്കേണ്ടതില്ല. കാരണം അത് റെയിലിന് ഒപ്പം തന്നെ വരും. അതിനു ശേഷമേ ഭൂമി ആവശ്യമുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
കെ-റെയിൽ വന്നാൽ ലക്ഷക്കണക്കിന് വാഹനം റോഡിൽനിന്ന് പിൻവലിക്കാനാകുമെന്നും കാർബൺ ബഹിർഗമനം കുറയ്ക്കാനാകുമെന്നും എംവി ഗോവിന്ദൻ പറയുന്നു.
കെ റെയിലിന് വേണ്ടി 0.5 ശതമാനം പലിശയ്ക്ക് ജപ്പാൻ ബാങ്ക് കടം തരും. 20 കൊല്ലം കഴിഞ്ഞിട്ട് തിരിച്ചടച്ചാൽ മതി. നമ്മുടെ നാടിന്റെ സമ്പത്തിന് കടം വാങ്ങരുത് എന്ന് പറയാൻ പാടുണ്ടോ. കടം വാങ്ങണം എന്നാണ് ബൂർഷ്വാ അർത്ഥശാസ്ത്രം പറയുന്നത്. അമ്പതു കൊല്ലത്തിന്റെ വളർച്ച നമുക്കുണ്ടാകുമായിരുന്നു. മൂലധന നിക്ഷേപത്തിന് വേണ്ടി കടം വാങ്ങാമെന്നാണ് അർത്ഥ ശാസ്ത്രത്തിന്റെ ആദ്യഭാഗത്തു പറയുന്നത്. കെ-റെയിലിനെ എതിർക്കുന്ന യുഡിഎഫ് നിലപാടിനെ വിമർശിച്ച് എംവി ഗോവിന്ദന്റെ പരാമർശങ്ങൾ ഇങ്ങനെ,
കോൺഗ്രസെന്നാൽ ഒരു വസ്തു വായിക്കില്ല. ലീഗിനെ പറ്റി പിന്നെ പറയുകയും വേണ്ടല്ലോ. ഒന്നും വായിക്കുന്നില്ല. ഇവരെല്ലാം തിയറി വായിക്കണമെന്നും അദ്ദേഹം വിമർശിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.