ശനിയാഴ്ചയാണ് എൽഡിഎഫ് ഭരിക്കുന്ന കൂത്താട്ടുകുളം നഗരസഭയിൽ യുഡിഎഫ് നൽകിയ അവിശ്വാസപ്രമേയത്തിന്മേലുള്ള ചർച്ചയിൽ പങ്കെടുക്കാനെത്തിയ സ്വന്തം കൗൺസിലറെ സിപിഎം പ്രവർത്തകർ തട്ടിക്കൊണ്ടുപോയതായി ആരോപണം ഉയരുന്നത്. സിപിഎം ഏരിയ കമ്മിറ്റി ഓഫീസിലെത്തിച്ച കൗൺസിലർ കലാ രാജുവിനെ പിന്നീട് പ്രവർത്തകർതന്നെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
പിന്നീട്, സിപിഎം പ്രവർത്തകർ തന്നെ തട്ടിക്കൊണ്ടുപോയെന്ന് ആരോപിച്ച് കലാ രാജു തന്നെ രംഗത്തെത്തി. വാഹനത്തിലേക്ക് വലിച്ചെറിയുകയായിരുന്നു. പൊതുജനമധ്യത്തിലാണ് ഈ സംഭവങ്ങൾ നടന്നത്. കാറിന്റെ ഡോറിനിടയിൽ കുരുങ്ങിയ കാല് എടുക്കാൻ കഴിഞ്ഞില്ല. വേദനകൊണ്ട് പുളഞ്ഞപ്പോഴും ഡോർ തുറന്ന് കാലെടുക്കാൻ അനുവദിച്ചില്ല. ആശുപത്രിയിൽ പോകണമെന്നും മക്കളെ കാണണമെന്നും ആവശ്യപ്പെട്ടപ്പോൾ ഏരിയ സെക്രട്ടറിയുടെ അനുവാദം വേണമെന്നായിരുന്നു മറുപടിയെന്നും കല ആരോപിച്ചു.
advertisement
നാല് കേസുകളിലായി എൽഡിഎഫിലെയും യുഡിഎഫിലെയും 150 ഓളം പേർ പ്രതികളാണ്. സിപിഎം ഏരിയ സെക്രട്ടറി ഉൾപ്പെടെയുള്ളവർക്കെതിരെ ചുമത്തിയിരിക്കുന്ന കേസുകളുടെ സ്വഭാവം ഗുരുതരമാണ്. അതേസമയം എംഎൽഎമാരായ അനൂപ് ജേക്കബിന്റെയും മാത്യുക്കുഴൽ നാടിന്റെയും നേതൃത്വത്തിൽ നടന്ന രാഷ്ട്രീയ കുതിരക്കച്ചവടമാണ് കൂത്താട്ടുകുളത്ത് ഉണ്ടായതെന്നാണ് സിപിഎമ്മിന്റെ ആരോപണം.
പരിക്കേറ്റ നഗരസഭ കൗൺസിലർ കലാരാജു ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. കൂത്താട്ടുകുളം സംഭവത്തിൽ വാദപ്രതിവാദങ്ങളുമായി ഇടത് വലതു മുന്നണികളുടെ പ്രമുഖ നേതാക്കൾ തന്നെ രംഗത്ത് വന്നതോടെ സംസ്ഥാനത്തെ ചൂടുള്ള രാഷ്ട്രീയ വിഷയമായി ഇത് മാറിക്കഴിഞ്ഞു.