മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് എതിരായി വന്ന ഫർഹാൻ കരിങ്കൊടി കാട്ടി മുദ്രാവാക്യം വിളിക്കുകയായിരുന്നു. തൊട്ടുപിന്നാലെ പൊലീസ് വാഹനത്തിലെത്തിയ സിറ്റി പൊലീസ് കമ്മീഷണർ ഫർഹാനെ പിടികൂടിയെങ്കിലും ആക്രോശവുമായി ഓടിയെത്തിയ സിപിഎം പ്രവര്‍ത്തകര്‍ ഫർഹാനെ മര്‍ദിക്കുകയായിരുന്നു. ഇവരെ തള്ളിമാറ്റിയതിന് ശേഷമാണ് ഫർഹാനെ പൊലീസ് വാഹനത്തിൽ കയറ്റി കൊണ്ടുപോയത്.
അതേസമയം, കണ്ണൂരിൽ മുഖ്യമന്ത്രിക്ക് എതിരെ കരിങ്കൊടി പ്രതിഷേധവുമായി നിരവധി യുവജന സംഘടനകളാണ് രംഗത്തിറങ്ങിയിരിക്കുന്നത്. കണ്ണൂർ ഗസ്റ്റ് ഹൗസിന് മുമ്പിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധവുമായി എത്തിയിരുന്നു. മുഖ്യമന്ത്രിയുടെ മാർഗമധ്യേ തളാപ്പില്‍വെച്ച് യുവമോർച്ച പ്രവർത്തകരും മുഖ്യമന്ത്രിക്കുനേരെ കരിങ്കൊടി കാണിച്ചു. പ്രതിഷേധക്കാർക്കു നേരെ പോലീസ് ജലപീരങ്കി പ്രയോഗിക്കുകയും പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കുകയും ചെയ്തു.
advertisement
Also read- കണ്ണൂരിലും മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി പ്രതിഷേധം; ജലപീരങ്കിയും ലാത്തിച്ചാര്‍ജുമായി പൊലീസ്
ഇരുപതോളം വരുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് പ്രതിഷേധ കരിങ്കൊടിയുമായി ഗസ്റ്റ് ഹൗസിന് മുമ്പിൽ പ്രതിഷേധിക്കാനെത്തിയത്. ഇവർക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. ഗസ്റ്റ് ഹൗസിനകത്തേക്ക് കടക്കാനുള്ള ശ്രമം നടത്തിയ പ്രതിഷേധക്കാരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. തളിപ്പറമ്പില്‍ യൂത്ത് കോണ്‍ഗ്രസ്-യൂത്ത് ലീഗ് പ്രവർത്തകരും കരിങ്കൊടി പ്രകടനം നടത്തി.
മുഖ്യമന്ത്രിയുടെ പൊതുപരിപാടിക്ക് പഴുതടച്ചസുരക്ഷയാണ് കണ്ണൂരില്‍ പോലീസ് ഏർപ്പെടുത്തിയിരിക്കുന്നത്. എട്ട് ഡി.വൈ.എസ്.പിമാരുടെ നേതൃത്വത്തിൽ അഞ്ഞൂറോളം പോലീസുകാരെയാണ് വിന്യസിച്ചിരിക്കുന്നത്.
