ദുൽഖർ സൽമാന്റെ ഇത്തരത്തിലുള്ള 2 വാഹനങ്ങൾ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു. പൃഥ്വിരാജ് സുകുമാരന്റെ പേരിലും ഇത്തരമൊരു കാർ ഉണ്ടെന്നും എന്നാൽ അത് കണ്ടെത്തിയിട്ടില്ലെന്നും കസ്റ്റംസ് കമ്മീഷണർ പറഞ്ഞു. അമിത് ചക്കാലയ്ക്കലിന്റെ വാഹനങ്ങളും കസ്റ്റംസ് പിടിച്ചെടുത്തവയിൽ ഉൾപ്പെടും. അമിത്തിന്റെ പേരിലുള്ള 2 വാഹനങ്ങൾ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു. വിവരങ്ങൾ വെളിപ്പെടുത്തുന്നതിനിടെ എത്തിയ ഫോൺ കോളിനെ തുടർന്ന് കമ്മീഷണര്‍ വാർത്താ സമ്മേളനം പാതിവഴിയിൽ അവസാനിപ്പിച്ചു.
തട്ടിപ്പുകൾ വ്യാജ രേഖകൾ ചമച്ച്
ഇന്ത്യൻ സൈന്യത്തിന്റെ പേരിലും അമേരിക്കൻ എംബസി ഉൾപ്പെടെയുള്ളവയുടെ പേരിലും വ്യാജരേഖകൾ ചമച്ചും എം- പരിവാഹൻ വെബ്സൈറ്റിൽ കൃത്രിമം നടത്തിയും ഇത്തരത്തില്‍ എത്തിക്കുന്ന വാഹനങ്ങളുടെ രജിസ്ട്രേഷൻ നടന്നിട്ടുണ്ടെന്നും കമ്മീഷണർ വ്യക്തമാക്കി. ഇരുന്നൂറോളം വാഹനങ്ങളാണ് ഇത്തരത്തിൽ കേരളത്തിൽ എത്തിയത്. ഇതിൽ 36 എണ്ണം ഇന്ന് സംസ്ഥാനമൊട്ടാകെ 30ലേറെ സ്ഥലങ്ങളിൽ നടന്ന പരിശോധനയിൽ കസ്റ്റംസ് പിടികൂടി. ശരിയായ മാർഗത്തിൽ അല്ല എത്തിച്ചിരിക്കുന്നത് എന്ന് ബോധ്യമായതിന്റെ അടിസ്ഥാനത്തിലാണ് പരിശോധനകള്‍ നടത്തിയതും വാഹനങ്ങൾ പിടികൂടിയത് എന്നും കമ്മീഷണർ പറഞ്ഞു.
advertisement
ഇതും വായിക്കുക: ഒരു ലക്ഷത്തിന് വാങ്ങിയ കാർ 10 ലക്ഷത്തിനും 3 ലക്ഷത്തിന് വാങ്ങിയ കാർ 30 ലക്ഷത്തിനും വിൽക്കും; ഭൂട്ടാൻ വാഹനക്കടത്ത് ഇങ്ങനെ
പിഴയടച്ച് കേസ് അവസാനിപ്പിക്കാനാകില്ല
സെക്കൻഡ് ഹാന്‍ഡ് വാഹനങ്ങൾ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യാൻ നിയമമില്ല. വിദേശത്ത് മൂന്നു വര്‍ഷമെങ്കിലും ഉപയോഗിച്ച സ്വന്തം വാഹനം മാത്രമേ നികുതി അടച്ച് കൊണ്ടുവരാൻ സാധിക്കൂ. എന്നാൽ പിടിച്ചെടുത്ത വാഹനങ്ങൾ ഭൂട്ടാനിൽ നിന്ന് സെക്കൻഡ് ഹാൻഡായി കൊണ്ടുവന്നതാണ്. അത് നിയമവിരുദ്ധമാണ്. അതുകൊണ്ടു തന്നെ പിഴയടച്ച് കേസ് അവസാനിപ്പിക്കാൻ സാധിക്കില്ല എന്നും കമ്മിഷണർ വ്യക്തമാക്കി.
വാഹനങ്ങൾ പിടികൂടിയ നടന്മാര്‍ വാഹനങ്ങളുടെ രേഖകളുമായി നേരിട്ടു ഹാജരാകാൻ സമൻസ് നൽകും. വാഹനങ്ങൾ ഇറക്കുമതി ചെയ്തിരിക്കുന്നതിനു പിന്നിൽ ഇത്തരത്തിലുള്ള കൃത്രിമങ്ങൾ നടന്നിട്ടുള്ളത് നടന്മാരുടെ അറിവോടെയാണോ എന്നത് പരിശോധിക്കും. ഇതിന്റെ അടിസ്ഥാനത്തിലാവും മുന്നോട്ടുള്ള നിയമനടപടികൾ. വാഹനങ്ങൾ ഇത്തരത്തിൽ അതിർത്തി കടത്തിക്കൊണ്ടു വരുന്നതിൽ കള്ളപ്പണം വെളുപ്പിക്കൽ ഉള്‍പ്പെടെ ഉണ്ടോ എന്ന കാര്യവും പരിശോധിക്കുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ മറ്റ് അന്വേഷണ ഏജൻസികൾക്ക് കേസ് കൈമാറണമെങ്കിൽ അത് ചെയ്യും. കേരളത്തിൽ നടന്ന റെയ്ഡിൽ സംസ്ഥാനത്തെ ഭീകരവിരുദ്ധ സ്ക്വാഡും എംവിഡിയും എല്ലാ സഹായങ്ങളും നൽകിയതായും കമ്മീഷണർ പറഞ്ഞു.
കോയമ്പത്തൂർ കേന്ദ്രമായ സംഘം
ഭൂട്ടാനിൽ നികുതി കുറവായതിനാൽ പുറത്തു നിന്ന് ഇറക്കുമതി ചെയ്യാൻ പണം കുറവാണ്. വാഹനങ്ങൾ അഴിച്ച് പല ഭാഗങ്ങളായി കൊണ്ടുവരുന്നുണ്ട്. ഇന്ത്യയിൽ നിന്ന് ടൂറിസ്റ്റുകളായി വാഹനത്തിൽ പോയി വാഹനം അവിടെ ഉപേക്ഷിച്ചു പോരികയും പിന്നീട് അത് ഇന്ത്യയിലെത്തിക്കുകയും ചെയ്യുന്നുണ്ട്. കോയമ്പത്തൂർ കേന്ദ്രമായ ഒരു സംഘത്തെ കുറിച്ചുള്ള വിവരം കിട്ടിയതിനു പിന്നാലെയാണ് തങ്ങൾ അന്വേഷണം ആരംഭിച്ചതെന്നും കമ്മീഷണർ പറഞ്ഞു.
വാഹനങ്ങൾ വാങ്ങിയ പലരും പണം നൽകിയതിനു കൃത്യമായ രേഖകളോ ഒന്നുമില്ലെന്നും കമ്മീഷണർ പറഞ്ഞു. പലതും അനധികൃത മാർഗങ്ങളിലൂടെയാണ് പണം നൽകിയിരിക്കുന്നത്. വാഹനത്തിന്റെ ആദ്യത്തെ ഉടമ ആരെന്ന് അറിയില്ലാത്ത വാഹനങ്ങളാണ് കടത്തിയിട്ടുള്ളവയിൽ 90 ശതമാനവുമെന്നാണ് പ്രാഥമിക പരിശോധനയിൽ വ്യക്തമായതായി കമ്മീഷണർ പറഞ്ഞു. സെക്കൻഡ് ഹാൻഡ് വാഹനങ്ങൾ വില്‍ക്കുന്ന ഷോറൂമുകളിൽ നടത്തിയ പരിശോധനയിൽ ജിഎസ്ടി വെട്ടിപ്പും കണ്ടെത്തിയിട്ടുണ്ട്. പല വാഹനങ്ങൾക്കും ഫിറ്റ്നെസ് സർട്ടിഫിക്കറ്റോ ഇൻഷ്വറൻസോ ഇല്ല. എന്നാൽ ആ വാഹനങ്ങളൊക്കെ കേരളത്തിലെ റോഡുകളിലൂടെ ഓടുന്നുണ്ടെന്നും കമ്മീഷണർ പറഞ്ഞു.
Summary: Customs have revealed more details about the illegal import and registration of vehicles from Bhutan to India. Customs Commissioner T. Tiju told the media that influential figures, including Malayalam film actors, are using such vehicles and will be summoned for questioning.