രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പീഡന പരാതി നൽകിയ യുവതിയെ സൈബർ ഇടങ്ങളിൽ അധിക്ഷേപിച്ച സംഭവത്തിൽ കൂടുതൽ നടപടികൾ ഉണ്ടാകുമെന്ന് എഡിജിപി എസ്. ശ്രീജിത്ത്. സൈബർ അധിക്ഷേപ പരാതിയിൽ രാഹുൽ ഈശ്വറിനെ കസ്റ്റഡിയിലെടുത്ത സംഭവത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇരയ്ക്ക് സംരക്ഷണം നൽകാൻ പോലീസ് ബാധ്യസ്ഥരാണെന്നും, നിയമപരമായി ഇരയുടെ ഐഡന്റിറ്റി വെളിപ്പെടുത്താൻ പാടില്ലെന്നും അദ്ദേഹം പറഞ്ഞു.
advertisement
സൈബർ ഇടങ്ങളിൽ മോശം കമന്റ് ഇട്ടവർക്കും, സൈബർ ഗ്രൂപ്പുകൾക്കും എതിരെ പ്രോസിക്യൂഷൻ നടപടി ഉണ്ടാകും. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ, എല്ലാവരുടെയും യുആർഎച്ച് ഉൾപ്പെടുത്തി ഒരു പൊതു എഫ്.ഐ.ആർ ആണ് തയ്യാറാക്കിയിരിക്കുന്നത്. ഓരോരുത്തരുടെയും പോസ്റ്റുകൾ വിശദമായി പരിശോധിച്ച ശേഷമാകും കേസിൽ പ്രതിചേർക്കുക.
നിലവിൽ, പത്തനംതിട്ടയിലെ മഹിളാ കോൺഗ്രസ് നേതാവ്, രാഹുൽ ഈശ്വർ, സന്ദീപ് വാര്യർ എന്നിവരുടെ പോസ്റ്റുകൾക്കെതിരെയാണ് പരാതി ലഭിച്ചിരിക്കുന്നത്. മോശം കമന്റ് ഇട്ടവരെയും പ്രതിയാക്കുമെന്നും, കുറ്റക്കാർക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും സൈബർ ഓപ്പറേഷൻസിന്റെ അധിക ചുമതലയുള്ള എഡിജിപി എസ്. ശ്രീജിത്ത് വ്യക്തമാക്കി.
