മോൻതാ തീവ്ര ചുഴലിക്കാറ്റ് ഇന്നലെ രാത്രി 11.30 ക്കും 12.30 നും ഇടയിൽ മച്ചിലിപട്ടണത്തിനും കലിംഗ പട്ടണത്തിനും ഇടയിൽ നർസപൂരിനു സമീപം മണിക്കൂറിൽ 90-100 കിലോമീറ്റർ വേഗതയിൽ കരയിൽ പ്രവേശിച്ചു. തുടർന്ന് തീരദേശ ആന്ധ്രയ്ക്ക് മുകളിൽ ചുഴലിക്കാറ്റായും നിലവിൽ അതിതീവ്ര ന്യൂനമർദമായും ( Deep Depression ) ശക്തി കുറഞ്ഞു. വടക്ക് -വടക്കുപടിഞ്ഞാറ് ദിശയിൽ നീങ്ങി ആന്ധ്രപ്രദേശ്, അതിനോട് ചേർന്ന തെലങ്കാന, തെക്കൻ ഛത്തീസ്ഗഢ് വഴി നീങ്ങി അടുത്ത 6 മണിക്കൂറിനുള്ളിൽ തീവ്ര ന്യൂനമർദമായി (Depression) വീണ്ടും ശക്തി കുറയാൻ സാധ്യത. മധ്യ കിഴക്കൻ അറബിക്കടലിനു മുകളിലായി തീവ്രന്യൂനമർദം ( Depression ) സ്ഥിതി ചെയ്യുന്നു. ഇത് അടുത്ത 36 മണിക്കൂറിനുള്ളിൽ മധ്യ കിഴക്കൻ അറബിക്കടലിലൂടെ വടക്ക് - വടക്കു കിഴക്കൻ ദിശയിൽ നീങ്ങാൻ സാധ്യത. കേരളത്തിൽ അടുത്ത 5 ദിവസം നേരിയ/ഇടത്തരം മഴയ്ക്കോ ഇടിയോടുകൂടിയ മഴയ്ക്കോ സാധ്യത. ഇന്ന് ( ഒക്ടോബർ 29 ) ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.
advertisement
അതേസമയം, അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും; കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
