TRENDING:

പ്രശസ്ത ദളിത്- സ്ത്രീ ചിന്തക രേഖ രാജ് ഇനി എംജി സർവകലാശാലയിൽ അസിസ്റ്റന്‍റ് പ്രൊഫസർ

Last Updated:

ആക്ടിവിസ്റ്റും രാഷ്ട്രീയ പ്രവർത്തകയുമായ സുധ മേനോൻ തന്‍റെ ഫേസ്ബുക്ക് പോസ്റ്റിൽ അറിയിച്ചതാണ് ഇക്കാര്യം.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കൊച്ചി: പ്രശസ്ത ദളിത്- സ്ത്രീ ചിന്തകയും, ബഹുജൻ ആക്ടിവിസ്റ്റും സമരപാതയിലെ സ്ഥിരം സാന്നിധ്യവുമായ രേഖാ രാജ് ‌മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റിയിലെ ഗാന്ധിയന്‍ പഠന വിഭാഗത്തില്‍ അസിസ്റ്റന്‍റ് പ്രൊഫസർ ആയി ജോയിൻ ചെയ്തു. ആക്ടിവിസ്റ്റും രാഷ്ട്രീയ പ്രവർത്തകയുമായ സുധ മേനോൻ തന്‍റെ ഫേസ്ബുക്ക് പോസ്റ്റിൽ അറിയിച്ചതാണ് ഇക്കാര്യം.
advertisement

സുധ മേനോന്‍റെ ഫേസ്ബുക്ക് പോസ്റ്റ്,

'സണ്ണി. എം. കപിക്കാട് കേരളത്തിലെ ഏറ്റവും മികച്ച സാമൂഹ്യചിന്തകരിൽ ഒരാളും, പ്രഗത്ഭനായ പ്രാസംഗികനുമാണ്. കേരളത്തിന്റെ സാമൂഹ്യചരിത്രത്തെ ഇത്രമേൽ വിമർശനാത്മകമായും, സൂക്ഷ്മമായും , ജൈവികമായും സമീപിച്ച ചുരുക്കം ചിലർ മാത്രമേ നമുക്കിടയിൽ ഉള്ളൂ. പക്ഷെ, ഫിലോസഫിയിൽ ബിരുദവും, ബിരുദാനന്തര ബിരുദവും ഒന്നാം റാങ്കോടെ പാസ്സായ സണ്ണി ഒരിക്കലും നമ്മുടെ അക്കാദമിക സമൂഹത്തിന്റെ ഭാഗമായിരുന്നില്ല. ഒരു യൂണിവേഴ്സിറ്റിയിലെയും അധ്യാപക പട്ടികയിൽ ഒരിക്കലും സണ്ണി കപിക്കാട് എന്ന പേര് വന്നില്ല. അദ്ദേഹത്തിനു ഇന്നുള്ള സാമൂഹ്യമൂലധനം, സമരങ്ങളിലൂടെയും, അനുഭവങ്ങളിലൂടെയും, നിരന്തര വായനയിലൂടെയും നേടിയെടുത്തതാണ്.

advertisement

പ്രൊഫ. എം. കുഞ്ഞാമൻ കേരളം കണ്ട ഏറ്റവും ധിഷണാശാലിയായ സാമ്പത്തിക ശാസ്ത്രജ്ഞൻ ആയിരുന്നിട്ടും, നിർഭാഗ്യവശാൽ അദ്ദേഹത്തിന് കേരളാ യൂണിവേഴ്‌സിറ്റി മാത്രമല്ല, സംസ്ഥാനം തന്നെ വിടേണ്ടി വന്നു. ഇന്ന് TISSലെ ഭാഗ്യവാന്മാരായ വിദ്യാർത്ഥികൾ പ്രൗഢഗംഭീരമായ ആ ക്ലാസ്സിൽ ഇരിക്കുന്നു. കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗത്തെ നികത്താനാവാത്ത നഷ്ടമാണ് കുഞ്ഞാമൻ സാർ.

ഭരണഘടനാ നിർമാണ സഭയിലെ ഒൻപത് വനിതകളിൽ ഒരാൾ ആയിരുന്നു ദാക്ഷായണി വേലായുധൻ. അവരുടെ മകള്‍ ആണ് പ്രസിദ്ധയായ പോളിസി അനലിസ്റ്റും, സ്ത്രീപഠനഗവേഷകയും, ആക്ടിവിസ്റ്റും ആയ മീരാ വേലായുധന്‍. മീരയും കേരളത്തിലെ മുഖ്യധാരാ അക്കാദമിക സമൂഹത്തിന് അത്രയേറെ പരിചയമില്ലാത്ത പേരാണ്.

advertisement

ഇങ്ങനെയുള്ള ഒരുപാട് നഷ്ടങ്ങളുടെയും, അവസരനിഷേധങ്ങളുടെയും കൂടി ചരിത്രമാണ് കേരളത്തിലെ ഉന്നതവിദ്യാഭ്യാസമണ്ഡലത്തിന്റേതു.... ദളിത് ബൗദ്ധികതയോടും മൗലികവും സമരോല്സുകവും ജൈവികവുമായ ദളിത് അക്കാദമിക മികവിനോടും എന്നും പുച്ഛവും കുറ്റകരമായ അനാസ്ഥയും ആണ് നമ്മുടെ യൂണിവേഴ്‌സിറ്റികളിലും പൊതു സമൂഹത്തിലും ഇന്ന് കണ്ടു വരുന്നത്. സംവരണ നിയമങ്ങളുടെ തികച്ചും സാങ്കേതികമായ പിന്തുടരൽ മാത്രമായി, പലപ്പോഴും ഒഴിവാക്കാനുള്ള കാരണങ്ങൾ തേടിയുള്ള അമിതജാഗ്രത കൂടിയായി ഓരോ അക്കാദമിക നിയമനവും മാറുമ്പോൾ സാമൂഹ്യനീതി കേരളത്തിൽ പലപ്പോഴും rhetoric മാത്രമായി അവശേഷിക്കുകയായിരുന്നു. അതെ സമയത്തു രോഹിത് വെമുലയുടെ ഇന്സ്ടിട്യൂഷണൽ മർഡർ നമ്മൾ വൈകാരികമായി ഏറ്റെടുക്കുകയും ചെയ്തു എന്നുള്ളത് വലിയൊരു തമാശ ആയിരുന്നു.

advertisement

ഈയൊരു സാമൂഹ്യ സാഹചര്യത്തിൽ ആണ്, പ്രശസ്ത ദളിത്- സ്ത്രീ ചിന്തകയും, ബഹുജൻ ആക്ടിവിസ്റ്റും, സമരപാതയിലെ സ്ഥിരം സാന്നിധ്യവുമായ രേഖാ രാജ് ‌മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റിയിലെ ഗാന്ധിയന്‍ പഠന വിഭാഗത്തില്‍ അസിസ്റ്റന്റ് പ്രൊഫസർ ആയി ജോയിൻ ചെയ്യുമ്പോൾ അത് സാമൂഹ്യ നീതിയുടെയും, മാനവികതയുടെയും രാഷ്ട്രീയത്തിൽ വിശ്വസിക്കുന്ന ഓരോരുത്തർക്കും, ആഘോഷിക്കപ്പെടേണ്ട ഒന്നായി തോന്നുന്നത്.

എല്ലാ യോഗ്യതകളും ഉണ്ടായിട്ടും പല കാരണങ്ങൾ കൊണ്ടും രേഖ ഇതുവരെ അക്കാദമിക രംഗത്ത് എത്തിയിരുന്നില്ല. എന്നിട്ടും, നിരന്തര വായനയിലൂടെ, അനുഭവങ്ങളിലൂടെ, സമരങ്ങളിലൂടെ നേടിയെടുത്ത ഉൾക്കരുത്തിലൂടെ രേഖ സ്വന്തമായ, തികച്ചും സ്വതന്ത്രമായ, ഒരു സ്പേസ്, കേരളീയ പൊതുമണ്ഡലത്തിൽ നേടിയെടുത്ത കരുത്തയായ സ്ത്രീ ആണ്.

advertisement

ഇന്ന് രേഖ മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റിയിലെ ഔദ്യോഗിക അക്കാദമിക സമൂഹത്തിന്റെ ഭാഗമാകുമ്പോൾ അതൊരു അംഗീകാരം മാത്രമല്ല, മറിച്ചു ഒരു രാഷ്ട്രീയ സന്ദേശം കൂടിയാണ്. സംവരണത്തിന്റെ കണക്കുപുസ്തകത്തിൽ മാത്രം ഒതുക്കപ്പെടേണ്ട ഒന്നല്ല പ്രതിഭയെന്നു അത് പറയാതെ പറയുന്നു. പൊതു നിയമനപട്ടികയിലും അർഹരായവർ കടന്നു വരേണ്ടത് കേവല നീതിയുടെ മാത്രം പ്രശ്നമല്ല, അതിലുപരി നമ്മൾ ഉയർത്തിപിടിക്കുന്ന ബ്രാഹ്മണിക്കൽ- ഉപരിവർഗ മേധാവിത്വത്തിനു എതിരായ രാഷ്ട്രീയ നിലപാടുകളുടെ ആർജ്ജവത്തിന്‍റെയും കൂടി കരുത്താണ്. ആ അർത്ഥത്തിൽ, ചരിത്രത്തിന്‍റെ കാവ്യനീതിയുടെ സൗന്ദര്യം കൂടിയാണ് ഈ നിയമനം.

മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി, ഉദാത്തമായ, സാമൂഹ്യനീതിയെ കുറിച്ചുള്ള സങ്കൽപ്പങ്ങളെ അക്കാദമിക രംഗത്ത് കൃത്യമായി അടയാളപ്പെടുത്തിയ ഒരു കീഴ് വഴക്കത്തിനാണ് ഇതുവഴി തുടക്കം കുറിച്ചത്. ഇനിയും നമ്മുടെ യൂണിവേഴ്സിറ്റികളിൽ പൊതു നിയമനങ്ങളിൽ കൂടി അർഹരായ ദളിത് അപേക്ഷകർ കടന്നുവരട്ടെ. കേരളം വ്യത്യസ്തമാകേണ്ടത് അങ്ങനെയാണ്. അല്ലാതെ ഇവിടെ അയിത്തം ഇല്ലെന്ന വാചകകസർത്തുകളിലൂടെ അല്ല.

ദളിത് ബഹുജൻ രാഷ്ട്രീയത്തെ കുറിച്ച് കൃത്യമായ അവബോധവും ഉണ്ട് . നാട്യങ്ങൾ ഇല്ലാതെ, സ്വയം ബോധ്യത്തിൽ നിന്ന് കൊണ്ട് രേഖ പ്രശ്നങ്ങളിൽ സജീവമായി ഇടപെടുന്നു. വ്യക്തിപരമായ പല നഷ്ടങ്ങളും ഉണ്ടായിട്ടും, സവര്‍ണ്ണ- വലതുപക്ഷ രാഷ്ട്രീയത്തിന്റെ സകലരൂപങ്ങളോടും കലഹിച്ചുകൊണ്ട് എന്നും നീതിക്കൊപ്പം മാത്രം നിന്ന രേഖക്കു ഈ പുതിയ ജോലി അർഹതക്കു വൈകി കിട്ടിയ അംഗീകാരമാണ്. ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ പ്രിയപ്പെട്ട രേഖ... രാഷ്ട്രീയ ബോധ്യങ്ങളില്‍ ഉറച്ചു നിന്നുകൊണ്ട് അക്കാദമിക മികവിന്റെ ഉയരങ്ങളില്‍ എത്താന്‍ രേഖക്ക് കഴിയട്ടെ.. Rekha Raj'

മലയാളം വാർത്തകൾ/ വാർത്ത/Kerala/
പ്രശസ്ത ദളിത്- സ്ത്രീ ചിന്തക രേഖ രാജ് ഇനി എംജി സർവകലാശാലയിൽ അസിസ്റ്റന്‍റ് പ്രൊഫസർ