'കട്ടൻ ചായയും പരിപ്പുവടയും എന്ന പുസ്തകത്തിന്റെ പ്രസാധനം നിർമ്മിതിയിലുള്ള സാങ്കേതിക പ്രശ്നം മൂലം കുറച്ചു ദിവസത്തേക്ക് നീട്ടി വച്ചിരിക്കുന്നു. ഉള്ളടക്കത്തെ സംബന്ധിച്ച കാര്യങ്ങൾ പുസ്തകം പ്രസിദ്ധപ്പെടുത്തുമ്പോൾ വ്യക്തമാകുന്നതാണ്' - ഡി സി ബുക്സ് സോഷ്യൽ മീഡിയ പേജിലൂടെ അറിയിച്ചു.
ഇ പി ജയരാജന്റേതെന്ന പേരിൽ പുറത്തിറങ്ങിയ ആത്മകഥയിൽ ഗുരുതരമായ തുറന്നുപറച്ചിലുകളാണുള്ളത്. ബിജെപി നേതാവ് പ്രകാശ് ജാവദേക്കറെ കണ്ടത് ബിജെപിയിൽ ചേരാനുള്ള ചർച്ചയുടെ ഭാഗമാണെന്ന് വരുത്തി തീർത്തതിന് പിന്നിൽ ശോഭാ സുരേന്ദ്രനാണെന്നാണ് ആത്മകഥയായി പ്രചരിക്കുന്ന പുസ്തക ഭാഗങ്ങളിലുള്ളത്.
advertisement
പുറത്തുവന്ന ഉള്ളടക്കത്തിലെ പ്രധാന ഭാഗങ്ങൾ
തൃശൂർ ഗസ്റ്റ് ഹൗസിലും ഡൽഹിയിലും എറണാകുളത്തും ശോഭാ സുരേന്ദ്രനോടൊപ്പം ബിജെപി നേതാക്കളുമായി ചർച്ച നടത്തി എന്നാണ് അവർ ആവർത്തിച്ചു പറയുന്നത്. ഒരു തവണ മാത്രമാണ് ശോഭാ സുരേന്ദ്രനെ കണ്ടിട്ടുള്ളത്. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ സംസ്കാര ചടങ്ങിനിടെയാണത്. അതിനു മുൻപോ ശേഷമോ ഫോണിൽപോലും സംസാരിച്ചിട്ടില്ല. മകനെ എറണാകുളത്ത് വച്ച് ഒരു വിവാഹചടങ്ങിനിടെ കണ്ടപ്പോൾ ശോഭാ സുരേന്ദ്രൻ ഫോൺ നമ്പർ വാങ്ങിയിരുന്നു. ഒന്നും രണ്ടു തവണ ശോഭ വിളിച്ചെങ്കിലും മകൻ ഫോണെടുത്തില്ല.
മകന്റെ ഫോണിലേക്കാണ് ജാവദേക്കർ വിളിച്ചത്. അച്ഛൻ അവിടെ ഉണ്ടോ എന്നു ചോദിച്ചു. അൽപം കഴിയുന്നതിനു മുൻപ് ഫ്ലാറ്റിലെത്തി. ഈ വഴി പോയപ്പോൾ കണ്ടുകളയാമെന്നു കരുതിയാണ് വന്നതെന്നു പറഞ്ഞു. എല്ലാ രാഷ്ട്രീയ നേതാക്കളെയും കാണുന്നതിന്റെ ഭാഗമായാണ് കൂടിക്കാഴ്ച എന്നാണ് പറഞ്ഞത്. അഞ്ചു മിനിറ്റിൽ കൂടുതൽ കൂടിക്കാഴ്ച നീണ്ടുനിന്നില്ല.
എൽഡിഎഫ് കൺവീനർ സ്ഥാനം നഷ്ടപ്പെട്ടതിൽ പ്രയാസം മറച്ചു വയ്ക്കുന്നില്ല. പദവി നഷ്ടപ്പെട്ടതിലല്ല, പാർട്ടി മനസ്സിലാക്കാത്തതിലാണ് പ്രയാസം. അന്തിമ തീരുമാനം ഉണ്ടാകേണ്ടത് കേന്ദ്ര കമ്മിറ്റിയിലാണ്. പറയാനുള്ളത് കമ്മിറ്റിയെ അറിയിച്ചിട്ടുണ്ട്. അവസരവാദ രാഷ്ട്രീയത്തെക്കുറിച്ചു പറയുമ്പോൾ പാലക്കാട്ടെ എൽഡിഎഫ് സ്ഥാനാർത്ഥിയുടെ കാര്യവും ചർച്ചയാകും. ഡോ. പി സരിൻ തലേദിവസം വരെ യുഡിഎഫ് സ്ഥാനാർത്ഥിയാകുമെന്ന പ്രതീക്ഷയിലായിരുന്നു. കിട്ടാതെയായപ്പോൾ മറുകണ്ടം ചാടി. ശത്രുപാളയത്തിലെ വിള്ളൽ മുതലെടുക്കണമെന്നതു നേര്. സ്വതന്ത്രൻ പല ഘട്ടങ്ങളിലും പ്രയോജനപ്പെട്ടിട്ടുണ്ട്. വയ്യാവേലിയായ സന്ദർഭങ്ങളും നിരവധി. പി വിഅൻവർ അതിലൊരു പ്രതീകമാണ്.
ഇ പിയുടെ പ്രതികരണം
ആത്മകഥ എഴുതുകയാണ്. പ്രസിദ്ധീകരിക്കാൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ല. എഴുതിയ കാര്യങ്ങൾ ടൈപ്പ് ചെയ്യുന്ന ഘട്ടത്തിൽ. പുറത്തുവന്ന കാര്യങ്ങൾ ഞാൻ എഴുതിയതല്ല. എഴുതാത്ത കാര്യങ്ങൾ എഴുതി. ഇന്ന് 10.30ന് പുസ്തകം പ്രസിദ്ധീകരിക്കുമെന്നാണ് വാർത്ത കാണുന്നത്. തെറ്റായ നടപടിയാണ്. ഇന്ന് തിരഞ്ഞെടുപ്പ് ദിവസം പാർട്ടിക്കെതിരെ വാർത്ത സൃഷ്ടിക്കാൻ മനപൂർവം ചെയ്തതാണ്. ഇതിനെതിരെ നിയമനടപടി സ്വീകരിക്കും. പുസ്തകം ഇറങ്ങുമ്പോൾ കാര്യങ്ങൾ വ്യക്തമാകും.
