അടുത്തിടെ പുറത്തിറങ്ങിയ ദിലീപ് ചിത്രം 'പ്രിൻസ് ആൻഡ് ഫാമിലി'യിൽ കണ്ടന്റിന് റീച്ച് കിട്ടാൻ എന്തും ചെയ്യാൻ തയ്യാറാവുന്ന ഇൻഫ്ലുവെൻസർ ആയിരുന്നു കഥാനായിക. ചിത്രത്തിൽ ഹോട്ടൽ നടത്തുന്ന സഫിയ എന്ന മഞ്ജു പിള്ള കഥാപാത്രം ഇൻഫ്ലുവെൻസറുടെ വീഡിയോയിൽ പരാമർശിക്കപ്പെട്ട വസ്തുതാവിരുദ്ധമായ കാര്യങ്ങളിൽ മനംനൊന്ത് ജീവനൊടുക്കാൻ ശ്രമിക്കുകയും, തലനാരിഴയ്ക്ക് രക്ഷപെടുകയും ചെയ്യുന്ന സന്ദർഭമുണ്ട്. സഫിയക്ക് സമാനമായി, കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക് യു. ജീവിത്തിലെ രക്തസാക്ഷിയാണോ എന്നറിയാൻ കേരള മനസാക്ഷിക്ക് ആഗ്രഹമുണ്ട്.
സ്റ്റോപ്പ് എത്തിയതും ബസിനുള്ളിൽ നിന്നും പുറത്തിറങ്ങുന്നവരുടെ വരിയിൽ നടന്നു നീങ്ങിയ ദീപക്കിന്റെ കൈ യുവതിയുടെ മേൽ തട്ടുന്ന ദൃശ്യമാണ് വീഡിയോയിൽ. ഇത് ലൈംഗികാതിക്രമം എന്ന പേരിൽ പ്രചരിച്ചതും സെയിൽസ് മാനേജരായ ദീപക് കടുത്ത മാനസിക സമ്മർദ്ദത്തിലായി.
advertisement
ദീപക് ബസിൽ പോയിരുന്നോ എന്ന് നാട്ടുകാരിൽ ചിലർ അദ്ദേഹത്തോട് ചോദിച്ചിരുന്നു. ഇത്തരത്തിൽ ഒരു വീഡിയോ പ്രചരിക്കുന്നതായും അവർ ദീപക്കിനെ അറിയിച്ചു. വീഡിയോ കണ്ടതും ദീപക് കടുത്ത മാനസിക സമ്മർദ്ദത്തിലായി. കുടുംബവും സുഹൃത്തുക്കളും ദീപക്കിനെ ആശ്വസിപ്പിക്കാൻ ശ്രമിച്ചുവെങ്കിലും ആ ജീവൻ പൊലിയാതെ കാക്കാൻ ആർക്കുമായില്ല.
“ഏകദേശം അഞ്ചോ ആറോ വർഷങ്ങൾക്ക് മുമ്പാണ് കുടുംബം ഇവിടെ താമസം മാറ്റിയത്. അദ്ദേഹം അധികം സംസാരിക്കാറില്ലായിരുന്നു, പക്ഷേ കഠിനാധ്വാനിയായിരുന്നു. വീഡിയോ വൈറലായതിനുശേഷം, വിദേശത്ത് നിന്ന് സുഹൃത്തുക്കളും ബന്ധുക്കളും ഇതേക്കുറിച്ച് അന്വേഷിക്കാൻ വിളിച്ചു. അദ്ദേഹം കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നു, കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ശരിയായി ഭക്ഷണം കഴിച്ചിരുന്നില്ല,” ഒരു അയൽക്കാരൻ പറഞ്ഞതായി ഓൺമനോരമ റിപ്പോർട്ട് ചെയ്യുന്നു.
ദീപക്കിന്റെ വീട് സന്ദർശിച്ച ടി. സിദ്ധിഖ് എം.എൽ.എ. അവിടെക്കണ്ട കരളലിയിപ്പിക്കുന്ന കാഴ്ച ഫേസ്ബുക്ക് പോസ്റ്റിൽ വാക്കുകളിലൂടെയും ചിത്രങ്ങളിലൂടെയും പൊതുജനത്തിന്റെ മുന്നിലെത്തിച്ചു.
"എന്റെ മുത്തില്ലാതെ ഈ അമ്മക്ക് ജീവിക്കാൻ പറ്റില്ലെന്ന് എന്റെ വാവക്ക് അറിയില്ലേ…? എന്തിനാ വാവേ ഇത് ചെയ്തത്.. എന്റെ കുട്ടീന്റെ മുഖോക്കെ മാറിപ്പോയല്ലോ... എന്തിനു പാവമായിട്ട് ചെയ്തത്? എന്തിനു വാവേ ഇത് ചെയ്തത്..? ആകെ ഒരു മകനേയുള്ളൂ… അച്ഛൻ മാധ്യമങ്ങൾക്ക് മുന്നിൽ ഹൃദയം തകർന്ന് വാക്കുകൾ കിട്ടാതെ നിൽക്കുന്നത് കണ്ടപ്പോൾ നെഞ്ചൊന്നാളിപ്പോയി… ആരുണ്ട് അവർക്കിനി..! കണ്ടിട്ട് സഹിക്കാൻ കഴിയുന്നില്ല, എത്ര നിസാരമായാണ് ഒരു പാവം യുവാവിന്റെ ഒരു ജീവൻ നഷ്ടമായത്. സോഷ്യൽമീഡിയ ഇരുതല മൂർച്ചയുള്ള വാളാണ്. ഒരാളുടെ ജീവിതം തകർക്കാൻ ഏറ്റവും എളുപ്പത്തിൽ ഉപയോഗിക്കാവുന്ന ആയുധം" സിദ്ധിഖ് കുറിച്ചു.
നിരുത്തരവാദപരമായ ഡിജിറ്റൽ അപമാനിക്കലിനെതിരെ നടപടി വേണമെന്ന് ആവശ്യമുയരുന്ന സാഹചര്യത്തിൽ, കോഴിക്കോട് മെഡിക്കൽ കോളേജ് പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. വീഡിയോ വൈറലായതിനെ തുടർന്നാണ് ദീപക് ജീവനൊടുക്കിയത് എന്ന് പോലീസ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി.
