പി കെ ശശിയ്ക്കെതിരെ പരാതി നൽകിയ യുവതിയെ പിന്തുണച്ച ജില്ലാ സെക്രട്ടറിയേറ്റംഗത്തെ ജില്ലാ കമ്മറ്റിയിലേക്ക് മാറ്റിയതിൽ പ്രതിഷേധിച്ചതാണ് ജില്ലാ കമ്മറ്റിയംഗമായ വനിതാ നേതാവ് നേതൃസ്ഥാനം ഒഴിയുന്നതായി അറിയിച്ച് കത്ത് നൽകിയത്. എന്നാൽ സംഭവം വിവാദമായതോടെ യുവതിയുടെ രാജി ഇപ്പോൾ സ്വീകരിക്കേണ്ടെന്ന നിലപാടിലാണ് ജില്ലാ നേതൃത്വം.
കത്തിൽ യുവതി ഉന്നയിച്ച വിഷയങ്ങൾ ചർച്ച ചെയ്യാനാണ് ജില്ലാ കമ്മറ്റി തീരുമാനിച്ചിട്ടുള്ളത്. എന്നാൽ അടുത്ത സംസ്ഥാന കമ്മറ്റിക്ക് ശേഷമേ ഇക്കാര്യം ജില്ലാ കമ്മറ്റി ചർച്ച ചെയ്യൂ. പ്രശ്നത്തിൽ സംസ്ഥാന നേതൃത്വത്തിന്റെ ഇടപെടലും അംഗീകാരവും ജില്ലാ നേതൃത്വം പ്രതീക്ഷിക്കുന്നു.
advertisement
എന്നാൽ യുവതി ഉന്നയിച്ച വിഷയങ്ങളിൽ ഇടപെടുന്നതിന് പരിമിതിയുണ്ടെന്ന നിലപാടിലാണ് ജില്ലാ നേതൃത്വം.
യുവതിയെ പിന്തുണച്ച നേതാവിനെ വീണ്ടും ജില്ലാ സെക്രട്ടറിയേറ്റിൽ ഉൾപ്പെടുത്താൻ കഴിയില്ല.
അതുകൊണ്ടുതന്നെ പ്രശ്നം അവസാനിപ്പിക്കാൻ സംസ്ഥാന നേതൃത്വം ഇടപെടുമെന്നാണ് ജില്ലാ നേതൃത്വത്തിലെ ഒരു വിഭാഗം കരുതുന്നത്.
പുന:സംഘടനയിലെ തർക്കങ്ങളിൽ DYFI ജില്ലാ നേതാക്കൾക്കിടയിൽ ഭിന്നത വളർന്നിട്ടുണ്ട്.
അതേ സമയം പ്രശ്നത്തിൽ വീണ്ടും സംസ്ഥാന കമ്മറ്റിക്ക് പരാതി നൽകാൻ യുവതി തയ്യാറായിട്ടില്ല. വിഷയത്തിൽ മുൻപ് നൽകിയ പരാതികളിൽ അനുകൂല നടപടിയുണ്ടായിട്ടില്ലാത്തതിനാൽ, ഇപ്പോഴുണ്ടായ പ്രശ്നത്തിൽ നേതൃത്വം നേരിട്ടിടപെടട്ടെ എന്ന നിലപാടിലാണ് യുവതി.