ചോര പുരണ്ട ബാലറ്റ്
മണ്ഡലം രൂപീകരിച്ച് അഞ്ച് വർഷമാകുമ്പോൾ ആദ്യ ഉപതിരഞ്ഞെടുപ്പിനെ നേരിട്ട മണ്ഡലമാണ് നിലമ്പൂർ. അതിനു പുറമെ കേരള ചരിത്രത്തിൽ ഒരു എം എൽ എ വെടിയേറ്റ് കൊല്ലപ്പെടുന്നതും ആദ്യത്തേ സംഭവമായിരുന്നു.
നിലമ്പൂർ മണ്ഡലത്തിലെ ആദ്യ തിരഞ്ഞെടുപ്പിൽ ഇവിടെ നിന്ന് ജയിച്ചത് സിപിഎമ്മിലെ കെ കുഞ്ഞാലിയായിരുന്നു. തോൽപ്പിച്ചത് കോൺഗ്രസിലെ ആര്യാടൻ മുഹമ്മദിനെയും. ആർക്കും ഭൂരിപക്ഷം ഇല്ലാത്തതിനാൽ നിയമസഭാ പിരിച്ചു വിട്ട് രണ്ടു വർഷം കഴിഞ്ഞ് 1967 ൽ നടന്ന പൊതുതിരഞ്ഞെടുപ്പിലും കുഞ്ഞാലി ആര്യാടനെ തോൽപ്പിച്ചു. 1969 ജൂലൈ 26 ന് എതിരാളികളുടെ വെടിയേറ്റ കുഞ്ഞാലി രണ്ടു ദിവസം കഴിഞ്ഞ് മരണമടഞ്ഞു. ഈ കേസിൽ പ്രതിസ്ഥാനത്ത് വന്നത് രണ്ടു തവണയും കുഞ്ഞാലിയോട് തോറ്റ ആര്യാടൻ മുഹമ്മദ്.
advertisement
കുഞ്ഞാലി കൊല്ലപ്പെട്ടതിനെ തുടർന്നാണ് 1970ൽ ഈ മണ്ഡലത്തിലെ ആദ്യ ഉപതിരഞ്ഞെടുപ്പ്. എന്നാൽ ആറ് മാസം കഴിഞ്ഞ് നടന്ന ഉപതിരഞ്ഞടുപ്പിൽ കുഞ്ഞാലിയുടെ പാർട്ടി പരാജയപ്പെട്ടു. ആര്യാടൻ മുഹമ്മദിനെ മാറ്റി കോൺഗ്രസ് സ്ഥാനാർത്ഥിയായത് എം പി ഗംഗാധരൻ. 1970 ഏപ്രിൽ 21 ന് ഫലം പുറത്തുവന്നപ്പോൾ സി പി എമ്മിലെ സി പി അബൂബക്കറിനെ തോൽപ്പിച്ച് ഗംഗാധരൻ കന്നിയങ്കം ജയിച്ചു.
അപൂർവമായ ത്യാഗത്തിന്റെ കഥ
അടുത്ത ഉപതിരഞ്ഞെടുപ്പ് പത്ത് വർഷത്തിന് ശേഷം 1980ൽ. ആദ്യ രണ്ടു പരാജയങ്ങൾക്കു ശേഷം ആര്യാടൻ ആദ്യമായി നിലമ്പൂരിൽ നിന്നും ജയിച്ചത് 1977ലാണ്. 1970 ലെ ഉപതിരഞ്ഞെടുപ്പിനു ശേഷം നടന്ന 1977ലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിച്ചപ്പോഴായിരുന്നു അത്. ഇതിനിടയിൽ നിലമ്പൂർ മലപ്പുറം എന്ന പുതിയ ജില്ലയുടെ ഭാഗമായി.എന്നാൽ കോൺഗ്രസിലെ പിളർപ്പിന് ശേഷം 1980 ൽ നിലമ്പൂരിൽ നിന്ന് മത്സരിച്ചത് ടി കെ ഹംസയായിരുന്നു.
സിപിഎമ്മിനൊപ്പം ഇടതുമുന്നണിക്ക് വേണ്ടി ഹംസയെ എതിർത്തത് ആര്യാടനൊപ്പം കോൺഗ്രസിൽ നിന്നും വിട്ട് കോൺഗ്രസ് (യു) വിൽ ചേർന്ന സി ഹരിദാസ് ആയിരുന്നു. എ കെ ആന്റണിയുടെ കീഴിൽ കേരളത്തിലെ എ ഗ്രൂപ്പായി രൂപാന്തരപ്പെട്ട വിഭാഗമാണ് കോൺഗ്രസ് (യു). 1980 ൽ നിയമസഭയ്‌ക്കൊപ്പം നടന്ന ലോകസഭാ തിരഞ്ഞെടുപ്പിൽ ആര്യാടൻ പൊന്നാനി മണ്ഡലത്തിൽ നിന്ന് ഇടതുപക്ഷ സ്ഥാനാർത്ഥിയായി മത്സരിച്ചതിനാലാണ് നിയമസഭയിലേക്ക് മത്സരിക്കാതിരുന്നത്. നിയമസഭയിലേക്ക് ജയം ഇടതുമുന്നണിയുടെ ഹരിദാസിന്.
ഇടതുമുന്നണി ആദ്യമായി അധികാരത്തിലെത്തിയപ്പോൾ രൂപീകരിച്ച ഇ കെ നായനാർ മന്ത്രിസഭയിൽ കോൺഗ്രസ് യു ചേർന്നു. അപ്പോൾ ലോക്സഭയിൽ തോറ്റ ആര്യാടനെയും മന്ത്രിസഭയിലെടുത്തു. ആര്യാടന് എം എൽ എ ആകാൻ ഹരിദാസ് പത്ത് ദിവസത്തിനകം രാജിവച്ചു. ആ രാജിയിലൂടെ ഹരിദാസ് കേരള ചരിത്രത്തിലേക്കും ഇടം നേടി. ഏറ്റവും കുറച്ചുകാലം എം എൽ എ ആയിരുന്ന വ്യക്തിയായി അദ്ദേഹം.
അങ്ങനെ 1980 ലെ ഉപതിരഞ്ഞെടുപ്പിൽ ആര്യാടനെ തോൽപ്പിക്കാൻ കോൺഗ്രസ് രംഗത്തിറക്കിയത് അന്നത്തെ യുവതുർക്കി മുല്ലപ്പള്ളി രാമചന്ദ്രനെയായിരുന്നു. യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് എന്ന താര പരിവേഷത്തോടെ മത്സരിക്കാനെത്തിയ മുല്ലപ്പള്ളിക്ക് മന്ത്രി ആര്യാടനോട് തോൽക്കാനായിരുന്നു വിധി. സി ഹരിദാസ് പിന്നാലെ രാജ്യസഭാംഗമായി.
പിണങ്ങിപ്പിരിഞ്ഞ സ്വന്തക്കാരന്റെ മൂന്നാം ഉപതിരഞ്ഞെടുപ്പ്
എൽ ഡി എഫ് സ്വതന്ത്രനായി 2016 ലും 2021ലും ജയിച്ച പി വി അൻവർ സി പി എം നേതൃത്വവുമായി പിണങ്ങി എം എൽ എ സ്ഥാനം രാജിവച്ചതിനെ തുടർന്നാണ് ഇപ്പോഴത്തെ ഉപതിരഞ്ഞെടുപ്പ്. 2025 ജനുവരി 13 നാണ് അൻവർ രാജിവച്ചത്.
ആദ്യ രണ്ട് ഉപതിരഞ്ഞെടുപ്പുകൾക്കിടയിൽ പത്ത് വർഷം മാത്രമായിരുന്നു ഇടവേളയെങ്കിൽ മൂന്നാം ഉപതെരഞ്ഞെടുപ്പ് 45 വർഷത്തിന് ശേഷമാണ്. ഒന്നിൽ കോൺഗ്രസിനും ഒന്നിൽ എൽ ഡി എഫിനും അനുകൂലമായി വിധിയെഴുതിയതാണ് ചരിത്രം.
അപ്പോൾ ആർക്കാകും ഈ പതിനേഴാം നമ്പറിലെ മധുരം ?