ഇടത് സർക്കാരായതുകൊണ്ടു തന്നെ പേരിലെ ലാൽസലാമും വിവാദമായി. പരിപാടിക്ക് ലാല്‍സലാം എന്ന് പേര് നൽകിയത് കമ്മ്യൂണിസ്റ്റ് തത്വങ്ങളുമായി ചേര്‍ത്ത് കൊണ്ടുപോകാമെന്ന അതിബുദ്ധിയോടെയാണെന്നായിരുന്നു താരങ്ങളുടെ സംഘടനയായ 'അമ്മ'യുടെ വൈസ് പ്രസിഡന്റ് ജയൻ ചേർത്തല വിമർശിച്ചത്.
ഒട്ടേറെ കോൺഗ്രസ് നേതാക്കളും ലാൽസലാം എന്നതിനെതിരെ വിമർശനവുമായി രംഗത്ത് എത്തിയിട്ടുണ്ട്.സംസ്ഥാനത്തെ പ്രമുഖ കമ്മ്യൂണിസ്റ്റ് നേതാക്കളുമായി ബന്ധപ്പെട്ട കഥ പറഞ്ഞ മോഹൻലാൽ ചിത്രത്തിൻ്റെ പേരും ലാൽസലാം എന്നായിരുന്നു.
എന്നാൽ മോഹൻലാലിന് മോഹിപ്പിക്കുന്ന ആ പേര് നൽകിയത് ആരാണെന്നറിയാമോ? ലാലേട്ടൻ എന്ന് പ്രേക്ഷകരും ആരാധകരും സ്നേഹത്തോടെ വിളിക്കുന്ന മോഹൻലാിന് ആ മനോഹരമായ പേര് സമ്മാനിച്ചത് അദ്ദേഹത്തിന്റെ അമ്മാവനായ ഗോപിനാഥൻ നായർ ആയിരുന്നു. മോഹൻലാലിന് മാത്രമല്ല അദ്ദേഹത്തിന്റെ മൂത്ത സഹോദരന് പ്യാരിലാൽ എന്ന് പേര് നൽകിയതും ഈ അമ്മാവനാണ്.
advertisement
മോഹന്‍ലാലിന്റെ അമ്മയുടെ മൂത്ത സഹോദരനാണ് ഗോപിനാഥൻ നായർ.
അമ്മാവൻ തനിക്ക് ആദ്യം നല്‍കാന്‍ ഉദ്ദേശിച്ച പേര് റോഷന്‍ ലാല്‍ എന്നായിരുന്നു എന്നും പിന്നെ മോഹിപ്പിക്കുന്ന ഒരു പേരാകട്ടെ എന്ന അമ്മാവന്റെ തീരുമാനം തന്നെ മോഹന്‍ലാല്‍ ആക്കി എന്നും താരം പറഞ്ഞിട്ടുണ്ട്.അന്നത്തെ കാലത്ത് കേരളത്തിൽ അത്ര പരിചയമില്ലാത്ത പേരുകൾ ആയിരുന്നു ഇവയൊക്കെ. പരമ്പരാഗതമായ പേരുകളിൽ നിന്നും വ്യത്യസ്തമായി വേണം തന്റെ സഹോദരിയുടെ മക്കളുടെ പേര് എന്നത് അദ്ദേഹത്തിൻ്റെ നിർബന്ധമായിരുന്നു.എന്തായാലും അമ്മാവൻ മോഹൻലാൽ എന്ന പേരിട്ടത് കൊണ്ട് മലയാളികൾക്കും ഇപ്പോൾ മറുനാട്ടുകാർക്കും ഇദ്ദേഹത്തെ സ്നേഹത്തോടെ ലാലേട്ടാ എന്ന് വിളിക്കാൻ പറ്റുന്നു.
ഇക്കഴിഞ്ഞ ജൂൺ ഏഴിനായിരുന്നു പത്തനംതിട്ട ഇലന്തൂർ സ്വദേശിയായ ഗോപിനാഥൻ നായർ അന്തരിച്ചത്. മാതാ അമൃതാനന്ദമയിയുടെ ആദ്യകാല ഭക്തരിൽ ഒരാളായിരുന്നു അദ്ദേഹം.ആലപ്പുഴ ജില്ലാ സഹകരണ ബാങ്കിന്റെ ജനറല്‍ മാനേജരായിരുന്ന അദ്ദേഹം ജോലിയിൽ നിന്ന് വിരമിച്ച ശേഷം
മാതാ അമൃതാനന്ദമയിയുടെ ആശ്രമം ഉൾപ്പെടുന്ന കൊല്ലം അമൃതപുരിയിലെ അന്തേവാസിയായി. അദ്ദേഹത്തിൻ്റെ കുടുംബവും അവിടെയാണ് താമസിച്ചിരുന്നത്.
അമ്മാവൻ മരിക്കുന്ന സമയത്ത് മോഹൻലാൽ വിദേശത്തായിരുന്നു. മടങ്ങി എത്തിയ ശേഷം അമ്മാവൻ ഗോപിനാഥൻ നായരുടെ കുടുംബത്തെ കാണാൻ അമൃതപുരി ആശ്രമത്തിൽ എത്തിയിരുന്നു.