തിരുവനന്തപുരത്തെ നാല് ഡിപ്പോകളിൽ 2022 ജൂൺ 26നു നടന്ന മിന്നൽ പണിമുടക്കിൽ നഷ്ടം വന്ന 9,50,137 രൂപ ശമ്പളത്തിൽ നിന്ന് ഈടാക്കാനുള്ള നീക്കത്തിനെതിരെ 107 ജീവനക്കാർ നൽകിയ ഹർജികളാണു ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പരിഗണിച്ചത്. പാപ്പനംകോട്, തിരുവനന്തപുരം സിറ്റി, വികാസ് ഭവൻ, പേരൂർക്കട ഡിപ്പോകളിൽ നടന്ന പണിമുടക്കിൽ 63 സർവീസുകൾ മുടങ്ങിയതായി കെഎസ്ആർടിസി അറിയിച്ചു. സർവീസ് ഷെഡ്യൂൾ മാറ്റിയതിൽ പ്രതിഷേധിച്ചായിരുന്നു പണിമുടക്ക്. ശമ്പളം കിട്ടാതായപ്പോൾ ജനങ്ങളെല്ലാം ജീവനക്കാർക്ക് ഒപ്പമായിരുന്നുവെന്നും കാട്ടാക്കടയിലെ ഒറ്റ സംഭവത്തോടെ ജനം എതിരായെന്നും കോടതി പറഞ്ഞു.
advertisement
അതിനിടെ ഒക്ടോബർ ഒന്ന് മുതൽ പ്രതിപക്ഷയൂണിയനായ ടിഡിഎഫ് നടത്തുന്ന പണിമുടക്കിനെ ശക്തമായി നേരിടുമെന്ന് കെഎസ്ആർടിസി വ്യക്തമാക്കി. സമരത്തിൽ പങ്കെടുക്കുന്ന ജീവനക്കാർക്ക് ഡയസ്നോൺ ബാധകമാക്കും. സെപ്റ്റംബറിലെ ശമ്പളം ഒക്ടോബർ 5 നു മുൻപ് നൽകാനാണു തീരുമാനം. എന്നാൽ സമരത്തിൽ പങ്കെടുക്കുന്ന ആർക്കും ഇതു നൽകില്ലെന്നു മാനേജ്മെന്റ് മുന്നറിയിപ്പു നൽകി. ഒക്ടോബർ 1 മുതലാണ് സമരം പ്രഖ്യാപിച്ചിരിക്കുന്നത്.
