പുലർച്ചെ 4.56-ന് പാലത്തിലൂടെ ആദ്യത്തെ ഗുഡ്സ് ട്രെയിൻ കടത്തിവിട്ടു. തുടർന്ന് 5.35-ന് യാത്രക്കാരുമായുള്ള പോർബന്തർ എക്സ്പ്രസും കടന്നുപോയതോടെ കണ്ണൂർ ഭാഗത്തേക്കുള്ള ട്രെയിനുകൾ വേഗം കുറച്ച് പുതിയ പാലത്തിലൂടെ സർവീസ് ആരംഭിച്ചു. നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതിനിടെ വെസ്റ്റ് കോസ്റ്റ് എക്സ്പ്രസ്, മംഗള എക്സ്പ്രസ് എന്നീ ട്രെയിനുകൾ പഴയ പാതയിലൂടെ (ഒന്നാം ട്രാക്ക്) കടത്തിവിട്ടാണ് ഗതാഗതം ക്രമീകരിച്ചിരുന്നത്.
1906-ൽ നിർമിച്ച ചങ്കുരിച്ചാൽ പാലത്തിന് ബലക്ഷയം സംഭവിച്ചതിനെ തുടർന്നാണ് പുതിയ പാലം നിർമിക്കാൻ തീരുമാനിച്ചത്. രണ്ട് വർഷം മുൻപ് പുതിയ പാലത്തിന്റെ പണി പൂർത്തിയാക്കിയിരുന്നെങ്കിലും, സമീപന റെയിൽപാത നിർമിക്കാൻ സ്ഥലം ലഭിക്കാത്തതിനാൽ പാലം തുറക്കുന്നത് വൈകുകയായിരുന്നു. നിലവിൽ, കണ്ണൂർ ഭാഗത്തേക്കുള്ള റെയിൽപാതയിൽ നിന്നാണ് പുതിയ പാലവുമായി ബന്ധിപ്പിക്കുന്ന പാത വെള്ളിയാഴ്ച രാത്രി, അനുവദിച്ച 7 മണിക്കൂറിനുള്ളിൽ നിർമിച്ചത്.
advertisement
ഇപ്പോൾ രണ്ടാമത്തെ ട്രാക്കാണ് പുതിയ പാലവുമായി ബന്ധിപ്പിച്ചിരിക്കുന്നത്. അടുത്ത ഘട്ടമായി, സെപ്റ്റംബർ 24-ന് രാത്രിയിൽ പഴയ പാലത്തിലേക്കുള്ള ഒന്നാം ട്രാക്ക്, പുതിയ പാലവുമായി ബന്ധിപ്പിക്കും. അതോടെ 1906-ൽ പണിത പഴയ ചങ്കുരിച്ചാൽ പാലം പൂർണമായും ഒഴിവാക്കുമെന്നും ആവശ്യമെങ്കിൽ അവ പൊളിച്ചു നീക്കുമെന്നും റെയിൽവേ അധികൃതർ അറിയിച്ചു.