“ശ്രീജിത്ത് പണിക്കർക്കെതിരായ പരാമർശത്തിൽ കെ സുരേന്ദ്രൻ മാപ്പ് പറയണമെന്ന്,” ജി സുകുമാരൻ നായർ ആവശ്യപ്പെട്ടെന്ന് പറയുന്ന ഏഷ്യാനെറ്റ് ന്യൂസിന്റെ ന്യൂസ്‌കാർഡ് ഫേസ്ബുക്കിൽ വൈറലാവുന്നുണ്ട്. “കള്ള പണിക്കർ പരാമർശം ശരിയല്ല. സുരേന്ദ്രൻ തിരുത്തണം, മാപ്പ് പറയണം- ജി സുകുമാരൻ നായർ,” എന്നാണ് പ്രചരിക്കുന്ന ന്യൂസ്‌കാർഡിൽ എഴുതിയിരിക്കുന്നത്.
“പെരുന്നയിലെ പോപ്പ് വന്നിട്ടുണ്ട്. അവരായി അവരുടെ പാടായി. നമ്മളില്ലേ,” എന്ന വിവരണത്തിനൊപ്പമാണ് ന്യൂസ്‌കാർഡ് വൈറലാവുന്നത്.
advertisement
ശ്രീജിത്ത് പണിക്കരെ കുറിച്ച് കെ സുരേന്ദ്രന്‍ നടത്തിയ പരാമര്‍ശത്തിന്റെ പശ്ചാത്തലത്തിലാണ് പ്രചരണം.
“തിരഞ്ഞെടുപ്പ് വന്നപ്പൊ നിങ്ങള്‍ (മാധ്യമങ്ങള്‍) പറഞ്ഞു, സുരേഷ് ഗോപിയെ തൃശൂരില്‍ തോല്‍പ്പിക്കാന്‍ ബിജെപി സംസ്ഥാന ഘടകം പരിശ്രമിക്കുന്നുവെന്ന്. നിങ്ങള്‍ മാത്രമല്ല, ചില ആക്രി നിരീക്ഷകരും. അവര് വൈകുന്നേരം ചാനലുകളില്‍ വന്നിരിക്കുന്നുണ്ടല്ലോ, കള്ളപ്പണിക്കര്‍മാര്‍ കുറേയാള്‍ക്കാര്‍. അവര് വന്നിട്ട് പറയുകയാണ്, സുരേഷ് ഗോപിയെ തോല്‍പ്പിക്കാന്‍ സംസ്ഥാന ഘടകം ശ്രമിക്കുന്നുവെന്ന്,” എന്നായിരുന്നു സുരേന്ദ്രന്റെ പരാമർശം.
പിന്നാലെ സുരേന്ദ്രന്റെ പ്രസ്താവനയ്‌ക്കെതിരെ ശ്രീജിത്ത് പണിക്കരും രംഗത്തെത്തിയിരുന്നു. 'ഗണപതിവട്ടജി' എന്ന് അഭിസംബോധന ചെയ്തുകൊണ്ടൊരു ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ശ്രീജിത്ത് പണിക്കർ പ്രതികരിച്ചത്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വയനാട് മണ്ഡലത്തിലെ പ്രചാരണത്തിനിടെ സുൽത്താൻ ബത്തേരിയെ ഗണപതിവട്ടമാക്കുമെന്ന സുരേന്ദ്രന്റെ വിവാദം പരാമർശിച്ചായിരുന്നു പണിക്കരുടെ പോസ്റ്റ്.
“പാർട്ടിയിൽ വരൂ പദവി തരാം, ഒപ്പം നിൽക്കൂ സീറ്റ് തരാം എന്നൊക്കെ പറഞ്ഞപ്പോൾ പണിക്കർ കള്ളപ്പണിക്കർ ആണെന്ന് അങ്ങേയ്ക്ക് തോന്നിയില്ലേ,” എന്നാണ് സുരേന്ദ്രന്‍റെ പേര് പറയാതെയുള്ള കുറിപ്പില്‍ ശ്രീജിത്ത് പണിക്കര്‍ ചോദിച്ചിട്ടുള്ളത്. “മനുഷ്യരെ വെറുപ്പിക്കുന്ന കുത്തിത്തിരിപ്പ് മാറ്റിവച്ച് അവർക്ക് ഗുണമുള്ള കാര്യങ്ങൾ ചെയ്താൽ സുരേഷ് ഗോപിക്ക് കിട്ടിയ സ്വീകാര്യത നിങ്ങൾക്കും കിട്ടും. അല്ലെങ്കിൽ പതിവുപോലെ കെട്ടിവച്ച കാശു പോകുമെന്നും,” ശ്രീജിത്ത് പോസ്റ്റിൽ പറഞ്ഞു.
വസ്തുതാ അന്വേഷണം
ശ്രീജിത്ത് പണിക്കരെ കുറിച്ച് കെ സുരേന്ദ്രന്‍ നടത്തിയ പരാമര്‍ശം സംബന്ധിച്ച് എന്‍എസ്‌എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ എന്തെങ്കിലും അഭിപ്രായ പ്രകടനം നടത്തിയോ എന്ന് ഞങ്ങൾ ഒരു കീ വേർഡ് സേർച്ച് ചെയ്തു പരിശോധിച്ചു. ഇത്തരം ഒരു പരാമർശം എന്‍എസ്‌എസ് ജനറല്‍ സെക്രട്ടറി നടത്തിയിരുന്നെങ്കിൽ മാധ്യമ വാര്‍ത്തയാകുമായിരുന്നു. എന്നാല്‍ ഒരു മാധ്യമവും ഇങ്ങനെ ഒരു വാര്‍ത്ത കൊടുത്തതായി ഞങ്ങൾക്ക് കണ്ടെത്താൻ കഴിഞ്ഞില്ല.
എന്നാൽ കീ വേർസ് സെർച്ചിൽ ഈ വാർത്ത വ്യാജമാണ് എന്ന് വ്യക്തമാക്കുന്ന ജൂൺ 11,2024 ലെ ഒരു വാർത്ത ഏഷ്യാനെറ്റ് ന്യൂസിന്റെ വെബ്‌സൈറ്റിൽ കണ്ടു. “ഏഷ്യാനെറ്റ് ന്യൂസിന്റെ ഗ്രാഫിക് കാർഡെന്ന പേരിൽ വ്യാജ പ്രചാരണം. ജി സുകുമാരൻ നായരുടെ പ്രതികരണം എന്ന തരത്തിലാണ് പ്രചാരണം നടക്കുന്നത്. പ്രചരിക്കുന്ന ഗ്രാഫിക് കാർഡിൽ ‘കള്ള പണിക്കർ’ എന്ന പരാമർശം തിരുത്തണമെന്ന് ജി സുകുമാരൻ നായർ ആവശ്യപ്പെട്ടു എന്ന തരത്തിലാണ് ചേർത്തിരിക്കുന്നത്. ഇരുവരുടെയും ചിത്രത്തിനൊപ്പം ഏഷ്യാനെറ്റ് ന്യൂസിന്റെ ലോഗോയും ഇന്നത്തെ ഡേറ്റും ചേർത്താണ് പ്രചരിപ്പിക്കുന്ന വ്യാജ കാർഡ് തയ്യാറാക്കിയിരിക്കുന്നത്. എന്നാൽ ഇത്തരമൊരു കാർഡ് ഏഷ്യാനെറ്റ് ന്യൂസ് നിർമിക്കുകയോ പങ്കുവയ്ക്കുകയോ ചെയ്തിട്ടുള്ളതല്ല,” എന്നായിരുന്നു വാർത്ത.
ജി സുകുമാരന്‍ നായര്‍ ഒരിടത്തും ഇങ്ങനെ ഒരു പ്രതികരണം നടത്തിയിട്ടില്ലെന്ന്, അദ്ദേഹത്തിന്റെ ഓഫീസില്‍ നിന്നും അറിയിച്ചു.
നിഗമനം
ഞങ്ങളുടെ അന്വേഷണത്തിൽ ഏഷ്യാനെറ്റ് ന്യൂസിന്റെ പേരിൽ പ്രചരിക്കുന്ന ഈ ന്യൂസ്‌കാർഡ് വ്യാജമാണെന്ന് ബോധ്യപ്പെട്ടു.