ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് രാഹുലിന് നോട്ടീസ് നൽകിയിരുന്നു. പ്രതികളിലൊരാളുടെ മൊബൈലിൽ നിന്ന് ലഭിച്ച ശബ്ദസന്ദേശത്തിൽ രാഹുലിന്റെ പേര് വന്നതോടെയാണ് അന്വേഷണം വീണ്ടും അദ്ദേഹത്തിലേക്കെത്തിയത്.
വ്യാജ തിരിച്ചറിയൽ കാർഡ് കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. അടൂരും ഏലംകുളത്തുമുള്ള യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ വീടുകളിൽ ഇന്നലെ പൊലീസ് വ്യാപക പരിശോധന നടത്തി. സംഘടന പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട രേഖകളും പിടിച്ചെടുത്തിട്ടുണ്ട്. കെഎസ്‌യു ജില്ലാ സെക്രട്ടറി നൂബിൻ ബിനുവിന്റെ മൊബൈൽ ഫോൺ ക്രൈംബ്രാഞ്ച് പിടിച്ചെടുത്തിരുന്നു.
advertisement
യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പിൽ രാഹുലിന്റെ വിജയം ഉറപ്പാക്കാൻ വേണ്ടിയാണ് വ്യാജ ഐഡി കാർഡുകൾ നിർമ്മിച്ചത് എന്നതായിരുന്നു കേസ്. 'സി ആർ കാർഡ്' എന്ന ആപ്പ് ഉപയോഗിച്ചാണ് വ്യാജ തിരിച്ചറിയൽ കാർഡുകൾ ഉണ്ടാക്കിയത്. തിരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയ പരാതിയിലാണ് പോലീസ് കേസെടുത്തത്. സംഭവത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ അറസ്റ്റിലായിരുന്നു.
ഇതിനിടയിൽ, രാഹുൽ മാങ്കൂട്ടത്തിനെതിരെയുള്ള ലൈംഗികാരോപണ വിവാദത്തിലും ക്രൈംബ്രാഞ്ച് അന്വേഷണം സജീവമായി നടത്തുകയാണ്. ആരോപണങ്ങൾ പരസ്യമായി ഉന്നയിച്ച സ്ത്രീകളുടെ മൊഴി ഉൾപ്പെടെ ക്രൈംബ്രാഞ്ച് പ്രത്യേക സംഘം രേഖപ്പെടുത്തി വരുന്നു.