TRENDING:

മതനേതാക്കളാല്‍ അപമാനിക്കപ്പെടുന്ന പെണ്‍കുട്ടികള്‍ മതത്തെ വെറുക്കും: ഫാത്തിമ തഹ്ലിയ

Last Updated:

സമസ്ത നേതാവ് എം.ടി അബ്ദുല്ല മുസ്ല്യാര്‍ പെണ്‍കുട്ടിയെ അപമാനിച്ചതിനെതിരെ സമൂഹമാധ്യമങ്ങളില്‍ വലിയ വിമര്‍ശനമാണ് ഉയരുന്നത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കോഴിക്കോട്: പത്താം ക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടിയെ വേദിയിലേക്ക് ക്ഷണിച്ചതിന് അധിക്ഷേപം നടത്തിയ സമസ്ത നേതാവിനെതിരെ ഹരിത മുന്‍ സംസ്ഥാന പ്രസിഡന്‍റ് ഫാത്തിമ തഹ്ലിയ  ( fathima thahiliya) . മത നേതാക്കള്‍ ഇങ്ങനെ പ്രവര്‍ത്തിക്കുന്നത് തെറ്റാണെന്നും ഇത്തരം അനുഭവങ്ങളിലൂടെ കടന്നുപോകുന്നവര്‍ പിന്നീട് മതവിരുദ്ധരാകുമെന്നും ഫാത്തിമ തഹ്ലിയ ഫേസ്ബുക്കില്‍ കുറിച്ചു. പെണ്‍കുട്ടികള്‍ക്ക് വേദി നല്‍കി അവരെ പ്രോത്സാഹിപ്പിക്കുകയാണ് മത നേതാക്കള്‍ ചെയ്യേണ്ടത്. അതിലൂടെ മാത്രമേ സമുദായത്തിന്റെ ഉന്നമനം സാധ്യമാകൂ. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധിയുടെ പ്രസംഗം മനോഹരമായി തര്‍ജ്ജമ ചെയ്ത പതിനാറുകാരി സഫാ ഫെബിനെ ഓര്‍മ്മയില്ലേയെന്നും ഫാത്തിമ തഹ്ലിയ ചോദിക്കുന്നു.
advertisement

സമസ്ത നേതാവ് എം.ടി അബ്ദുല്ല മുസ്ല്യാര്‍ പെണ്‍കുട്ടിയെ അപമാനിച്ചതിനെതിരെ സമൂഹമാധ്യമങ്ങളില്‍ വലിയ വിമര്‍ശനമാണ് ഉയരുന്നത്. സമസ്ത പ്രവര്‍ത്തകര്‍ പോലും സ്വന്തം നേതാവിന്റെ പ്രവര്‍ത്തിയെ തള്ളിപ്പറഞ്ഞ് രംഗത്തുവന്നിട്ടുണ്ട്. പരാമര്‍ശം വിവാദമായെങ്കിലും മറ്റ് സമസ്ത നേതാക്കളൊന്നും ഇതുവരെ എം.ടി അബ്ദുല്ല മുസ്ല്യാരെ പിന്തുണച്ച് രംഗത്തുവന്നിട്ടില്ല.

Also Read- 'ആരാടോ പത്താം ക്ലാസിലെ പെണ്‍കുട്ടിയെ സ്റ്റേജിലേക്ക് വിളിപ്പിച്ചത്'; ക്ഷുഭിതനായി സമസ്ത നേതാവ്; വ്യാപക വിമര്‍ശനം

പെരിന്തല്‍മണ്ണ പനങ്കാങ്കരക്കടുത്തുള്ള മദ്രസാ വാര്‍ഷിക പരിപാടിയുടെ ഭാഗമായി നടന്ന ചടങ്ങിലായിരുന്നു സമസ്ത നേതാവിന്റെ വിവാദ പരാമര്‍ശം. പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പുരസ്‌കാരം ഏറ്റുവാങ്ങാനായി സംഘാടകര്‍ വേദിയിലേക്ക് ക്ഷണിച്ചു. ഇതോടെ വേദിയിലുണ്ടായിരുന്ന സമസ്ത വൈസ് നേതാവ് എം.ടി അബ്ദുല്ല മുസ്ല്യാര്‍ സംഘാടകര്‍ക്ക് നേരെ തിരിഞ്ഞു. പത്താം ക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടിയെ ആരാണ് സ്റ്റേജിലേക്ക് ക്ഷണിച്ചതെന്ന് ചോദിച്ചായിരുന്നു രോഷപ്രകടനം. പെണ്‍കുട്ടിക്ക് പകരം രക്ഷിതാവിനോട് വരാന്‍ പറയാനും ആവശ്യപ്പെടുന്നുണ്ട്.'

advertisement

'ആരാടോ പത്താം ക്ലാസിലെ പെണ്‍കുട്ടിയെ സ്റ്റേജിലേക്ക് വിളിപ്പിച്ചത്. ഇനി മേലില്‍ ഇങ്ങള് വിളിച്ചിട്ടുണ്ടെങ്കില്‍ കാണിച്ച് തരാം. അങ്ങനത്തെ പെണ്‍കുട്ടികളെ ഒന്നും ഇങ്ങോട്ട് വിളിക്കണ്ട. സമസ്തയുടെ തീരുമാനം നിങ്ങള്‍ക്കറിയില്ലേ. നീയാണോ വിളിച്ചത്. രക്ഷിതാവിനോട് വരാന്‍ പറയ്'- ഇതാണ് സ്റ്റേജില്‍ വെച്ച് എം.ടി അബ്ദുല്ല മുസ്ല്യാര്‍ പറഞ്ഞത്.

മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്‍റ് പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങളാണ് ഉപകാരം നല്‍കുന്നത്. പെണ്‍കുട്ടി വേദിയിലെത്തി ഉപഹാരം വാങ്ങിയതിന് പിന്നാലെയാണ് സമസ്ത നേതാവിന്റെ ശകാരവാക്കുകള്‍ ഉണ്ടായത്. സമസ്തയുമായി ബന്ധപ്പെട്ട സുന്നി ഉലമ ഫോളോവേഴ്സ് എന്ന ഫേസ്ബുക്ക് പേജിലൂടെയാണ് വീഡിയോ പുറത്തുവന്നത്. എം.ടി അബ്ദുല്ല മുസ്ല്യാരുടെ പ്രവര്‍ത്തിയെ വിമര്‍ശിച്ച് വീഡിയോക്ക് താഴെ സമസ്ത പ്രവര്‍ത്തകര്‍ തന്നെ രംഗത്തെത്തിയിട്ടുണ്ട്.

advertisement

എം.ടി അബ്ദുല്ല മുസ്ല്യാരുടെ നടപടിക്കെതിരെ സമൂഹമാധ്യമങ്ങളിലും വലിയ വിമര്‍ശനമാണ് വരുന്നത്. സമസ്തയിലെ ലീഗ് അനുകൂല പക്ഷ നേതാവാണ് എം.ടി അബ്ദുല്ല മുസ്ല്യാര്‍. സമസ്ത ലീഗിന്റെതാണെന്നും ലീഗ് സമസ്തയുടെതാണെന്നും അദ്ദേഹം നേരത്തെ നടത്തിയ പ്രസംഗവും വിവാദമായിരുന്നു.

ഫാത്തിമ തഹ്ലിയയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം.

കഴിഞ്ഞ ലോകസഭ തെരഞ്ഞെടുപ്പിന്റെ പ്രചാരണ വേളയില്‍ രാഹുല്‍ ഗാന്ധിയുടെ പ്രസംഗം മനോഹരമായി പരിഭാഷപ്പെടുത്തിയ പതിനാറുകാരി സഫാ ഫെബിനെ ഓര്‍മ്മയില്ലേ? അവളൊരു ഒറ്റപ്പെട്ട കുട്ടിയല്ല. തന്റേതായ പ്രതിഭകള്‍ ലോകത്തിനു മുന്നിലവതരിപ്പിച്ചു കൈയ്യടി നേടുന്ന ഒരു പാട് മുസ്ലിം പെണ്‍കുട്ടികളുണ്ട് നമ്മുടെ നാട്ടില്‍. ന്യായാധിപരായും, ഐ എ എസ്സുകാരായും പ്രൊഫഷനലുകളായും അവരൊട്ടനവധി മേഖലകളില്‍ തിളങ്ങുന്നു. ഇത്തരം മുസ്ലിം പെണ്‍കുട്ടികളെ സമുദായത്തോട് ചേര്‍ത്ത് നിര്‍ത്തി പ്രോത്സാഹിപ്പിക്കുകയാണ് സമുദായ നേതൃത്വം ചെയ്യേണ്ടത്.

advertisement

അവരുടെ കഴിവുകളും നൈപുണ്യവും സമുദായത്തിന്റേയും സമൂഹത്തിന്റേയും ഉന്നമനത്തിന് വേണ്ടി ഉപയോഗിക്കാന്‍ നമുക്ക് സാധിക്കണം. വേദികളില്‍ നിന്ന് അവരെ മാറ്റി നിര്‍ത്തുന്നതും, അപമാനിക്കുന്നതും ദൂരവ്യാപകമായ പ്രത്യാഘാതങ്ങളാണ് സമൂഹത്തിലുണ്ടാക്കുക. ഇത്തരം ദുരനുഭവങ്ങളിലൂടെ കടന്നുപോകേണ്ടിവരുന്നവര്‍, പിന്നീട് മതത്തേയും മതനേതൃത്വത്തേയും വെറുക്കുന്ന സ്ഥിതി വിശേഷമാകും സംജാതമാകുക.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
മതനേതാക്കളാല്‍ അപമാനിക്കപ്പെടുന്ന പെണ്‍കുട്ടികള്‍ മതത്തെ വെറുക്കും: ഫാത്തിമ തഹ്ലിയ
Open in App
Home
Video
Impact Shorts
Web Stories