കഴിഞ്ഞ ദിവസം വൈകിട്ടോടെയാണ് പാറക്കെട്ടിൽ ആള് കുടുങ്ങിയെന്ന സന്ദേശം ലഭിച്ചതോടെ കഞ്ഞിക്കുഴി എസ്‌എച്ച്‌ഒയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പാല്‍ക്കുളം മേടിന്റെ താഴ്‌വാരത്തുള്ള ആല്‍പാറയില്‍ എത്തി പരിശോധന നടത്തി. മലയ്ക്കു മുകളില്‍ കൊടിയോടു സാദൃശ്യമുള്ള എന്തോ കുടുങ്ങി കിടപ്പുണ്ടെന്നു അവർ കണ്ടെത്തി. ഇക്കാര്യം നഗരംപാറ റേഞ്ച് ഓഫിസില്‍ അറിയിച്ചതിനെ തുടര്‍ന്ന് ഡപ്യൂട്ടി റേഞ്ചര്‍ ജോജി എം.ജേക്കബിന്റെ നേതൃത്വത്തില്‍ വനപാലകരും താല്‍ക്കാലിക വാച്ചര്‍മാരും അടങ്ങുന്ന സംഘം ആല്‍പാറയില്‍ എത്തി.
പ്രദേശവാസികളെ കണ്ട് വിവരം അന്വേഷിച്ചെങ്കിലും ആരും പാറയിലേക്ക് പോയതായി അറിയാൻ കഴിഞ്ഞില്ല. മലയടിവാരത്തു നിന്നു ബൈനോകുലർ ഉൾപ്പടെയുള്ള സംവിധാനങ്ങൾ ഉപയോഗിച്ച് നിരീക്ഷണം നടത്തിയെങ്കിലും കുടുങ്ങിക്കിടക്കുന്നത് എന്താണെന്ന് വ്യക്തമായില്ല. ഇതോടെ കുത്തനെയുള്ള മലമുകളിലേക്ക് കയറാൻ സംഘം തീരുമാനിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയിൽ പാറക്കെട്ട് നിറയെ പായല്‍ പിടിച്ചു വഴുക്കനായി കിടക്കുകയായിരുന്നു. അതുകൊണ്ടുതന്നെ ഏറെ ശ്രമപ്പെട്ട് ഒന്നര മണിക്കുറോളമെടുത്താണ് വനപാലകരും താൽക്കാലിക വാച്ചർമാരും മലയിടുക്കിൽ എത്തിയത്.
advertisement
എന്നാൽ മുകളിലെത്തിയ സംഘം കണ്ടത് കുട്ടികളുടെ കളിപ്പാട്ടമായ ഹൈഡ്രജൻ നിറയ്ക്കുന്ന ടെഡി ബെയർ ആണ്. ഉൽസവപ്പറമ്പുകളിൽ വാങ്ങാൻ കിട്ടുന്ന ഈ ടെഡി ബെയർ ഏതെങ്കിലും കുട്ടിയുടെ കൈയിൽനിന്ന് പിടിവിട്ട് മുകളിലേക്ക് പറന്നുയരുകയും മലയിടുക്കിൽ തങ്ങി ഇരിക്കുകയും ചെയ്തതാകാമെന്നാണ് നിഗമനം. ഈ സമയമത്രയും പൊലീസും ഫയർഫോഴ്സും നാട്ടുകാരും മലയടിവാരത്തിൽ കാത്തുനിൽക്കുകയായിരുന്നു. ഏതായാലും മൂന്നു മണക്കൂറോളം പൊലീസിനെയും ഫയർഫോഴ്സിനെയും വനംവകുപ്പ് ഉദ്യോഗസ്ഥരെയും വട്ടംചുറ്റിച്ച യുവാവിനെതിരെ കേസെടുക്കുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.
