പാലക്കാട് അട്ടപ്പാടി വനത്തിൽ കടുവ സെൻസസിനു പോയ വനം വകുപ്പ് ജീവനക്കാരൻ കാട്ടാനയുടെ ആക്രമണത്തിൽ മരിച്ചു. അഗളി നെല്ലിപ്പതി സ്വദേശിയും പുതൂർ ഫോറസ്റ്റ് സ്റ്റേഷനിലെ വാച്ചറുമായ കാളിമുത്തുവാണ് (52) മരിച്ചത്. കഴിഞ്ഞ ദിവസം രാവിലെ മുള്ളി വനത്തിൽ ബ്ലോക്ക് 12ലെ കടുവ കണക്കെടുപ്പിനു പോയി തിരെകെ വരുമ്പോൾ കാട്ടാനായുടെ മുന്നിൽപ്പെടുകയായിരുന്നു. കാളിമുത്തുവിനൊപ്പം മറ്റ് രണ്ട് സഹ പ്രവർത്തകരും ഉണ്ടായിരുന്നു. ഇവർ ഓടി രക്ഷപെട്ടു.
advertisement
കാളിമുത്തുവിനെ കാണാനില്ലെന്ന് കൂടെയുള്ള ഉദ്യോഗസ്ഥർ അറിയിച്ചതിനെത്തുടർന്ന് നടത്തിയ തിരച്ചിലിനൊടുവിൽ മൃതദേഹം മുള്ളി വനം മേഖലയിൽ നിന്ന് കണ്ടെത്തുകയായിരുന്നു. കാട്ടാന ആക്രമണമുള്ള മേഖലയാണിത്.
കാട്ടാന മുന്നിൽ പെട്ടപ്പോൾ മൂന്ന് പേരും ഒരേ വഴിക്കാണ് ആദ്യം ഓടിയതെന്നും പിന്നീട് മൂന്നു വഴിക്കായതാണെന്നും കാളിമുത്തുവിനൊപ്പമുൻണ്ടായിരുന്ന വാച്ചർ അച്യുതൻ പറഞ്ഞു. അച്യുതന് തലയ്ക്കും കൈയ്ക്കും പരുക്കുണ്ട്. കാളിമുത്തുവിന്റെ മൃതദേഹം അഗളി ഗവ.ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
