മാരാരിക്കുളം തെക്ക് പൊള്ളേത്തൈ പള്ളിക്കത്തൈയിൽ ജുസിഞ്ഞിന്റെയും റബേക്കയുടെയും മകനായി 1937ലാണ് പി ജെ ഫ്രാൻസിസിന്റെ ജനനം. 1978-84 കാലഘട്ടത്തില്‍ ആലപ്പുഴ നഗരസഭയില്‍ പ്രതിപക്ഷ നേതാവായിരുന്നു. ആലപ്പുഴയില്‍ ഡിസിസി വൈസ് പ്രസിഡന്റായി പ്രവര്‍ത്തിച്ചിരുന്ന ഫ്രാന്‍സിസ് 1987,91 വര്‍ഷങ്ങളില്‍ അരൂര്‍ നിയമസഭാ മണ്ഡലത്തില്‍ നിന്ന് ജനവിധി തേടി. അരൂരിൽ രണ്ടുതവണയും കെ ആർ ഗൗരിയമ്മയ്ക്കെതിരെ മത്സരിച്ച് തോറ്റു.
മൂന്നാംവട്ടം പോരാട്ടം വി എസ് അച്യുതാനന്ദനെതിരെ മാരാരിക്കുളത്തായിരുന്നു. മുഖ്യമന്ത്രി സ്ഥാനാർത്ഥി എന്ന നിലയിൽ വി എസ് കളം നിറഞ്ഞുനിൽക്കുന്ന സമയത്ത്, എ കെ ആന്റണിയുടെ നിർദേശ പ്രകാരമായിരുന്നു ഫ്രാൻസിസ് മത്സരത്തിനിറങ്ങിയത്. കമ്മ്യൂണിസ്‌റ്റ് കോട്ടയെന്ന് വിശേഷിപ്പിച്ചിരുന്ന മാരാരിക്കുളത്ത് 1996ൽ വി.എസ്. അച്യുതാനന്ദനെ 1965 വോട്ടുകൾക്ക് മലർത്തിയടിച്ച് കേരള രാഷ്ട്രീയത്തിന്റെ ചരിത്രത്തിലേക്കാണ് അദ്ദേഹം ജയിച്ചുകയറിയത്.
advertisement
1991ല്‍ 9980 വോട്ടുകള്‍ക്ക് ഡി സുഗതനെ പരാജയപ്പെടുത്തിയാണ് വി എസ് നിയമസഭയിലെത്തിയിരുന്നത്. അങ്ങനെ ഇടതുരാഷ്ട്രീയത്തില്‍ വി എസ് കരുത്തനായി നില്‍ക്കവെയായിരുന്നു ഫ്രാന്‍സിസിന്റെ അപ്രതീക്ഷിത വിജയം. അതോടെ ജയന്റ് കില്ലറെന്ന വിശേഷണം ഫ്രാന്‍സിസിന് ലഭിച്ചു. 2001ല്‍ മാരാരിക്കുളത്ത് വീണ്ടും മത്സരിച്ചെങ്കിലും ടി എം തോമസ് ഐസക്കിനോട് പരാജയപ്പെട്ടു. 12403 വോട്ടുകള്‍ക്കാണ് തോമസ് ഐസക്ക് വിജയിച്ചത്.
സെന്റ് ജോസഫ് വനിതാ കോളേജിലെ ചരിത്ര പ്രൊഫസറായ വി പി മറിയാമ്മയാണ് പി ജെ ഫ്രാന്‍സിസിന്റെ ഭാര്യ. രണ്ട് ആണ്‍ മക്കളും രണ്ട് പെണ്‍മക്കളുമുണ്ട്. വെള്ളിയാഴ്ച ഉച്ചക്ക് ശേഷം 3 മണിക്ക് ആലപ്പുഴ മൌണ്ട് കാർമ്മൽ കത്തീഡ്രൽ പള്ളിയിൽ സംസ്കാര ചടങ്ങുകൾ നടക്കും.