ഉപതിരഞ്ഞെടുപ്പിന് മുൻപ് വി ഡി സതീശനും ഷാഫി പറമ്പിലിനുമെതിരെ ഷാനിബ് രൂക്ഷവിമര്‍ശനം ഉന്നയിച്ചതിന് പിന്നാലെ കോണ്‍ഗ്രസ് പുറത്താക്കിയിരുന്നു. പാര്‍ട്ടി പുറത്താക്കിയെങ്കിലും കോണ്‍ഗ്രസുകാരനായി തുടരുമെന്നായിരുന്നു ഷാനിബിന്റെ നിലപാട്. തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് പ്രഖ്യാപിച്ച ഷാനിബ്, ഇടത് സ്വതന്ത്രന്‍ പി സരിനുമായുള്ള ചര്‍ച്ചയ്ക്ക് പിന്നാലെ പിന്മാറി. പിന്നീട് സരിനുവേണ്ടി സജീവമായി രംഗത്തിറങ്ങുകയും ചെയ്തു.
തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പാലക്കാട്ട് എത്തിയ സിപിഎം. സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെ ഷാനിബ് സന്ദര്‍ശിച്ചിരുന്നു. സരിന്റെ പ്രചാരണത്തിനായി ഇടത് യുവജനസംഘടനകള്‍ നടത്തിയ പ്രചാരണയോഗങ്ങളിലും ഷാനിബ് പങ്കെടുത്തിരുന്നു.
advertisement
കോണ്‍ഗ്രസുകാരനായി തന്നെ തുടരുക എന്ന തന്റെ ആഗ്രഹം ഉപേക്ഷിക്കുകയാണെന്ന് ഷാനിബ് കഴിഞ്ഞദിവസം ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. കേരളത്തിലെ കോണ്‍ഗ്രസ് തെറ്റില്‍നിന്ന് തെറ്റിലേക്ക് നിരന്തരം സഞ്ചരിക്കുകയാണ്. ഒരു സാധാരണ കോണ്‍ഗ്രസുകാരനാണ് എന്നുപറഞ്ഞ് തുടരുന്നതുപോലും മതേതര കേരളത്തോട് ചെയ്യുന്ന അനീതിയാണെന്നും ഷാനിബ് കുറിച്ചിരുന്നു.
''പാർട്ടി തിരുത്തലിനു തയാറായില്ല. തിരഞ്ഞെടുപ്പ് വിജയം കൂടി ആയതോടെ ഞാൻ ഉന്നയിച്ച പരാതികൾ കണക്കിലെടുക്കേണ്ട എന്നാണ് കോൺഗ്രസിന്റെ നിലപാട്. പാർട്ടിയുമായി യോജിച്ചുപോകാൻ പറ്റില്ല. മതനിരപേക്ഷ കേരളത്തിന് അതു തിരിച്ചടിയാകും. ആർഎസ്എസിന്റെ ആലയിൽ കൊണ്ടുപോയി കോൺഗ്രസ് പാർട്ടിയെ കെട്ടാനാണ് വി ഡി സതീശന്റെ നീക്കം. സതീശനെതിരായ ആരോപണം പിൻവലിച്ചാൽ ചർച്ചയാകാമെന്നാണ് ആദ്യം അറിയിച്ചിരുന്നത്. എന്നാൽ ആർഎസ്എസിനു വേണ്ടി പ്രവർത്തിച്ച സന്ദീപ് വാരിയർക്ക് കോൺഗ്രസ് ഓഫീസിലേക്ക് നേരിട്ട് പ്രവേശനം നൽകി. ഉപതിരഞ്ഞെടുപ്പ് സമയത്ത് സന്ദീപ്, കൃഷ്ണകുമാറിനു വേണ്ടി വോട്ട് ചോദിച്ചിരുന്നു. കോൺഗ്രസ് നേതൃത്വത്തിന്റെ തെറ്റായ നയത്തെ കുറിച്ചു വിളിച്ചു പറഞ്ഞതാണ് താൻ ചെയ്ത കുറ്റം''- നേരത്തെ ഷാനിബ് പറഞ്ഞിരുന്നു.