ശബരിമല വികസനം സംസ്ഥാനത്തിനും രാജ്യത്തിനും വലിയ സാമ്പത്തിക മുന്നേറ്റമുണ്ടാക്കുമെന്നും, ഇതിനോട് സഹകരിക്കാത്തവർ ചരിത്രത്തിലെ അപഹാസ്യ കഥാപാത്രങ്ങളായി മാറുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി തിരഞ്ഞെടുപ്പിന് ബന്ധമില്ലെന്ന് പറഞ്ഞ അദ്ദേഹം, സ്ത്രീ പ്രവേശനത്തിന് ശേഷം തിരഞ്ഞെടുപ്പ് നടന്നിട്ടും പിണറായി സർക്കാർ വീണ്ടും അധികാരത്തിൽ വന്നത് ഉദാഹരണമായി ചൂണ്ടിക്കാട്ടി.
ലീഗും കേരള കോൺഗ്രസും കൂടെയുള്ളിടത്തോളം കാലം യുഡിഎഫിന് ഒരു നിലപാടും എടുക്കാൻ സാധിക്കില്ലെന്നും, യുഡിഎഫിനെ നയിക്കുന്നത് ആരാണെന്ന് എല്ലാവർക്കുമറിയാമെന്നും അദ്ദേഹം വിമർശിച്ചു. ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് എടുത്തിട്ടുള്ള കേസുകൾ പിൻവലിക്കണമെന്നും, മെറിറ്റ് നോക്കി പിൻവലിച്ചാൽ മതിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
advertisement
എസ്എൻഡിപിയും എൻഎസ്എസും തെറ്റിദ്ധരിക്കപ്പെട്ടുവെന്നും, അവരെ ബോധ്യപ്പെടുത്തുമെന്നുമുള്ള ഹിന്ദു ഐക്യവേദിയുടെ പ്രസ്താവനയോടും വെള്ളാപ്പള്ളി രൂക്ഷമായി പ്രതികരിച്ചു. "ഹിന്ദു ഐക്യവേദി എന്നെ ബോധ്യപ്പെടുത്താൻ വന്നാൽ, എനിക്കറിയാവുന്ന ഭാഷയിൽ ഞാൻ അവരെയും ബോധ്യപ്പെടുത്താം. എല്ലാ ഹിന്ദുക്കളുടെയും കുത്തകാവകാശം അവർക്കില്ല" - അദ്ദേഹം പറഞ്ഞു.
ആഗോള അയ്യപ്പ സംഗമത്തിന് രാഷ്ട്രീയലക്ഷ്യം പാടില്ല എന്നായിരിക്കും സുകുമാരൻ നായർ ഉദ്ദേശിച്ചതെന്നും വെള്ളാപ്പള്ളി പറഞ്ഞു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെയും അദ്ദേഹം വിമർശനം ഉന്നയിച്ചു. എല്ലാ കാര്യത്തോടും എതിർപ്പ് പ്രകടിപ്പിച്ച് താനാണ് ഏറ്റവും വലുതെന്ന് ഭാവിക്കുകയാണ് സതീശൻ. സതീശൻ കാര്യങ്ങൾ മനസ്സിലാക്കുന്നില്ലെന്നും, ഇപ്പോൾ തന്നെ മുഖ്യമന്ത്രിയാകാനുള്ള റിഹേഴ്സലാണ് അദ്ദേഹം നടത്തുന്നതെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു. ഒരു നിലവാരമുള്ള സമീപനമോ സംസാരമോ അദ്ദേഹത്തിൽ നിന്ന് കാണുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.