കള്ളപ്ഫണം വെളിപ്പിക്കലും ബിനാമി ഇടപാടുമാണ് ശിവശങ്കറിനെതിരെ ചാർത്തിയിരിക്കുന്ന കുറ്റം. ശിവശങ്കറിനെ നാളെ രാവിലെ 11 മണിയോടെ കോടതിയിൽ ഹാജരാക്കുമെന്നാണ് സൂചന. ശിവശങ്കറിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റുചെയ്തതോടെ ചോദ്യം ചെയ്യാനായി കാത്തുനിന്ന കസ്റ്റംസ് അധികൃതർ അവിടെനിന്ന് മടങ്ങുകയായിരുന്നു.
ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെയാണ് ശിവശങ്കറിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കസ്റ്റഡിയിലെടുത്തത്. അറസ്റ്റിന് തടസ്സമില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയതിനെ തുടർന്നാണ് ഇഡി അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്.
ചികിത്സയിൽ കഴിഞ്ഞിരുന്ന വഞ്ചിയൂരിലെ സ്വകാര്യആയൂർവേദ ആശുപത്രിയിൽ നിന്നാണ് ശിവശങ്കറിനെ 10.55ഓടെ കസ്റ്റഡിയിൽ എടുത്തത്. ശിവശങ്കറിനെ ഇപ്പോൾ കൊച്ചിയിലേക്ക് കൊണ്ടു പോകുകയാണ്. അദ്ദേഹത്തെ ചികിത്സിച്ച ഡോക്ടർ സുരേഷുമായി ആരോഗ്യസ്ഥിതികൾ ചർച്ച നടത്തിയ ശേഷമായിരുന്നു നോട്ടീസ് കൈമാറിയത്.
advertisement
എം ശിവശങ്കറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ രാവിലെ ഹൈക്കോടതി തള്ളിയിരുന്നു. കസ്റ്റംസിന്റെയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെയും എതിര്‍ വാദങ്ങള്‍ അംഗീകരിച്ചാണ് കോടതി ജാമ്യാപേക്ഷ തള്ളിയത്. ഭരണതലത്തിൽ സ്വാധീനമുള്ള ശിവശങ്കറിന് മുന്‍കൂര്‍ ജാമ്യം ലഭിച്ചാല്‍ തെളിവുകള്‍ നശിപ്പിക്കാന്‍ സാധ്യതയുണ്ടെന്ന കേന്ദ്ര ഏജന്‍സികളുടെ വാദം കോടതി അംഗീകരിച്ചു.
ചാർറ്റേഡ് അക്കൗണ്ടുമായി നടത്തിയ വാട്‌സാപ്പ് ചാറ്റുകൾ സ്വർണക്കടത്ത് കേസിലെ ശിവശങ്കറിന്റെ പങ്കിന് പ്രധാന തെളിവായി കസറ്റംസ് ഹാജരാക്കിയിരുന്നു. അന്വേഷണവുമായി സഹകരിക്കുന്നില്ല എന്നും ഇഡി കഴിഞ്ഞ തവണ വാദത്തിനിടെ കോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ശിവശങ്കറിനെതിരായ തെളിവുകള്‍ മുദ്രവെച്ച കവറില്‍ കോടതിയില്‍ സമര്‍പ്പിക്കുകയും ചെയ്തിരുന്നു.
ഒക്ടോബര്‍ 16ന് ചോദ്യം ചെയ്യാനായി കസ്റ്റംസ് ശിവശങ്കറുമായി വീട്ടിൽ നിന്ന് മടങ്ങവെയാണ് വഴിമധ്യേ ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെടുന്നതായി അദ്ദേഹം പരാതിപ്പെട്ടത്. തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ അദ്ദേഹത്തെ എത്തിച്ചു. കാര്യമായ ആരോഗ്യപ്രശ്‌നമില്ലെന്നും പുറംവേദന മാത്രമാണുള്ളതെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. തുടര്‍ന്ന് അദ്ദേഹത്തെ മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ഇതിനിടെയാണ് ശിവശങ്കറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഒക്ടോബര്‍ 28വരെ അറസ്റ്റ് പാടില്ല എന്ന കോടതി ഉത്തരവ് വന്നത്. തുടര്‍ന്ന് മെഡിക്കൽ കോളജ് വിട്ട ശിവശങ്കർ സ്വകാര്യ ആയുർവേദ ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു.