സര്‍ക്കാരിന്‍റെ സമവായ ശ്രമങ്ങള്‍ തള്ളി സമരം തുടരാന്‍ തന്നെയാണ് സമരസമിതിയുടെ തീരുമാനം. ഖനനം അവസാനിപ്പിക്കാതെ ഒത്തുതീര്‍പ്പില്ലെന്നും സമരക്കാര്‍ നിലപാടെടുക്കുന്നു. ഖനനം നിര്‍ത്തി വെയ്ക്കാനാകില്ലെന്ന് സര്‍ക്കാരും ആവര്‍ത്തിക്കുന്നു. ഖനനം നിര്‍ത്തിയാല്‍ ഐ ആർ ഇയുടെയും കെ എം എമ്മലിന്‍റെയും പ്രവര്‍ത്തനം സ്തംഭിക്കും.
സര്‍ക്കാരിന് ഏറ്റവും അധികം സാമ്പത്തികലാഭം ഉണ്ടാക്കിക്കൊടുക്കുന്ന പൊതുമേഖലാ സ്ഥാപനത്തിന്‍റെ പ്രവര്‍ത്തനം തടസപ്പെടുന്ന ഒരു സമവായത്തിനും സര്‍ക്കാര്‍ തയ്യാറാകില്ലെന്ന് ഉറപ്പ്. സര്‍ക്കാര്‍ പിടിവാശി തുടരുന്ന സാഹചര്യത്തിൽ ഭാവി തീരുമാനിക്കാന്‍ സമരസമിതി ഉടന്‍ യോഗം ചേരും.
advertisement
'സന്യസ്തർക്ക് അച്ചടക്ക നടപടികൾ കർശനമാക്കണം': സീറോ മലബാർ സിനഡ്
വിഷയം വഷളാക്കിയത് സര്‍ക്കാരാണെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തുന്നു. സമരക്കാരുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. സമരത്തിനു പിന്നില്‍ ബാഹ്യ ഇടപെടല്‍ ഉണ്ടെന്നും വരുംദിവസങ്ങളില്‍ സമരത്തിന്‍റെ ശക്തി കുറയുമെന്നുമാണ് സര്‍ക്കാരിന്‍റെ വിലയിരുത്തല്‍.
അതേസമയം, ആലപ്പാട് ഖനനം പൂർണ്ണമായും നിർത്തേണ്ടതില്ലെന്നാണ് സിപിഎം നിലപാട്. ഖനനം നിർത്തിയാൽ IREL പൂട്ടേണ്ട അവസ്ഥയുണ്ടാകും. അതേസമയം, പ്രദേശവാസികളുടെ ആശങ്കകൾ പരിഹരിക്കണമെന്നും സമരം അവസാനിപ്പിക്കാൻ തുടർചർച്ചകൾ നടത്തണമെന്നും സിപിഎം സെക്രട്ടേറിയേറ്റിൽ തീരുമാനിച്ചു.
സർക്കാർ നിലപാട് ആവർത്തിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും രംഗത്തെത്തി. സമരം ന്യായമാണെങ്കിലും ഖനനം നിർത്തി വെച്ച് ചർച്ച ചെയ്യാനാകില്ലെന്ന് കാനം പറഞ്ഞു. ഇക്കാര്യത്തിൽ നിയമസഭാ സമിതിയുടെ കണ്ടെത്തൽ നടപ്പിലാക്കാനാണ് സർക്കാർ ശ്രമിക്കേണ്ടത്. വി എസിന്‍റെ അഭിപ്രായം ആ പാർട്ടിയിലെ ഭൂരിപക്ഷ അഭിപ്രായമല്ല എന്നാണ് മനസിലാക്കുന്നതെന്നും കാനം കോഴിക്കോട് പറഞ്ഞു.
