ലോക കേരള സഭയിൽ ഉണ്ടായ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ രൂപീകരിച്ച ഓവർസീസ് കേരളൈറ്റ്സ് ഇൻവെസ്റ്റ് മെൻറ് ആൻഡ് ഹോൾഡിംഗ് ലിമിറ്റഡ് എന്ന കമ്പനിയാണ് വഴിയോര വിശ്രമ കേന്ദ്രങ്ങൾ സ്ഥാപിക്കുന്നത്. ആലപ്പുഴ, എറണാകുളം, വയനാട് ജില്ലകളിലെ ദേശീയ പാതയോരത്ത് ആണ് ആദ്യഘട്ടത്തിൽ പദ്ധതി വരുന്നത്. ആലപ്പുഴ ജില്ലയിലെ ചേർത്തല താലൂക്കിൽ 19 ഹെക്ടർ പുരയിടം ആദ്യഘട്ട പദ്ധതിക്കായി സർക്കാർ കണ്ടെത്തി കമ്പനിക്ക് കൈമാറിയിട്ടുണ്ട്. ഫുഡ് കോർട്ടുകൾ, സ്റ്റോറുകൾ, പെട്രോൾപമ്പുകൾ, വാഹന അറ്റകുറ്റപണി കേന്ദ്രങ്ങൾ, ക്ലിനിക്കുകൾ ,പോലീസ് എയ്ഡ്പോസ്റ്റുകൾ, വാഷ് റൂമുകൾ എന്നിവയാണ് ഓരോ കേന്ദ്രങ്ങളിലും സ്ഥാപിക്കുക.
advertisement
സർക്കാർ പങ്കാളിത്തം നാമമാത്രം
ദേശീയപാതയോരത്തെ സർക്കാരിന്റെ കണ്ണായ ഭൂമി കൈകാര്യം ചെയ്യാൻ പോകുന്ന കമ്പനിയിൽ സർക്കാരിന് നാമമാത്രമായ പങ്കാളിത്തം മാത്രമാണുള്ളത്. 26 ശതമാനം ഓഹരി സംസ്ഥാന സർക്കാരിനും 74 ശതമാനം ഓഹരി പ്രവാസി മലയാളികൾക്കും ആണ് ഉള്ളത്. പൊതുഭൂമി സ്വകാര്യ വ്യക്തികളുടെ കൈവശം എത്തുന്നത് റിയൽ എസ്റ്റേറ്റ് താൽപര്യങ്ങളുടെ അടിസ്ഥാനത്തിലാണ് എന്നാണ് പ്രതിപക്ഷ ആരോപണം.
You may also like:ഷൂട്ടിംഗിനിടെ പരിക്ക് ; നടൻ ടൊവിനോ തോമസ് ആശുപത്രിയിൽ
റവന്യൂ വകുപ്പിൻറെ അനുമതിയില്ലാതെ നടപ്പിലാക്കാനുള്ള നീക്കത്തിൽ ആദ്യം റവന്യൂ മന്ത്രി ഈ ചന്ദ്രശേഖരൻ വിയോജിപ്പ് രേഖപ്പെടുത്തി. ഇതോടെ നോർക്കയുടെ മറവിൽ പുതിയ പദ്ധതി കൊണ്ടുവരികയായിരുന്നു എന്നുമാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിക്കുന്നത്.
ഡയറക്ടർമാരെ നിയമിച്ചതിൽ ദുരൂഹത
മുഖ്യമന്ത്രി പിണറായി വിജയൻ ചെയർമാനായ കമ്പനിയുടെ നിർണായക പദവികളിൽ നിയമിക്കപ്പെട്ട പ്രവാസിമലയാളികളുടെ പങ്കാളിത്തത്തിലും ദുരൂഹതയുണ്ടെന്ന് പ്രതിപക്ഷം ആരോപിക്കുന്നു.
വൈസ് ചെയർമാൻ ആയി നിയമിക്കപ്പെട്ട ഒ വി മുസ്തഫ, സിഇഒ ആയി നിയമിച്ച ബാജു ജോർജ് എന്നിവർക്കെതിരെയാണ് ആരോപണം. മറ്റു നിരവധി കമ്പനികളിൽ പങ്കാളിത്തമുള്ള ഇവർക്കായി പ്രത്യേക സർക്കാർ പ്രത്യേകം താൽപര്യം എടുത്തു എന്നാണ് ആരോപണം. സർക്കാർ തയ്യാറാക്കിയ ധാരണാപത്രത്തിൻ്റെ പൂർണ വിശദാംശങ്ങൾ പുറത്തുവിടണം എന്ന് പ്രതിപക്ഷം ആവശ്യപ്പെടുന്നു.