പ്രബന്ധത്തിൽ ഗവേഷകന്റെ മൗലികമായ സംഭാവനകൾ ഇല്ലെന്നും അക്കാദമിക വിദഗ്ധരുടെ പാനലിനെക്കൊണ്ട് ഇത് പുനർമൂല്യനിർണയത്തിനു വിധേയമാക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു. യു.ജി.സി സൈറ്റിൽ ജലീലിന്റെ പ്രബന്ധം ലഭ്യമാകാത്തതിനെ തുടർന്ന് വിവരാവകാശ നിയമപ്രകാരം കേരളാ യൂണിവേഴ്സിറ്റിയിൽ നിന്ന് പ്രബന്ധത്തിന്റെ പകർപ്പ് സേവ് യൂണിവേഴ്സിറ്റി കാമ്പയിൻ കമ്മിറ്റി പരിശോധിച്ചത്.
Also Read 'ഇത്തവണ ഔദ്യോഗിക വാഹനത്തിൽ'; മന്ത്രി കെ.ടി ജലീല്‍ ചോദ്യം ചെയ്യലിന് കസ്റ്റംസ് ഓഫീസിൽ ഹാജരായി
മലബാർ ലഹളയിൽ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെയും ആലി മുസയാരുടെയും പങ്കിനെ അധികരിച്ചു തയ്യാറാക്കിയ പ്രബന്ധത്തിനാണ് ജലീൽ 2006 ൽ കേരള സർവകലാശാലയിൽ നിന്ന് ഡോക്ടറേറ്റ് നേടിയത്.
advertisement
സിൻഡിക്കേറ്റ് നിലവിലില്ലാതിരുന്ന പ്രത്യേക കാലയളവിൽ വൈസ് ചാൻസലർ ആയിരുന്ന ഡോ.എം.കെ രാമചന്ദ്രൻ നായർ പ്രത്യേക അധികാരം ഉപയോഗിച്ചാണ് ജലീലിന് ഡോക്ടറേറ്റ് നൽകിയെന്നാണ് പരാതിയിലെ ആരോപണം. ഗവേഷണഫലം സാധൂകരിക്കാൻ ജലീൽ ഉപയോഗിച്ചിട്ടുള്ള ഉദ്ധരണികൾ പലതും വിഷയവുമായി ബന്ധമില്ലാത്തതാണ്. ഇവയ്ക്ക് വേണ്ട സൂചികകൾ ഉപയോഗിച്ചിട്ടില്ല. പ്രബന്ധം പകർത്തിയെഴുതിയതാണെന്ന ആരോപണം ഒഴിവാക്കാൻ ഉദ്ധരണികൾ വളച്ചൊടിച്ചാണ് കാണിച്ചിരിക്കുന്നതെന്നും പരാതിക്കാർ ചൂണ്ടിക്കാട്ടുന്നു.
മൂലഗ്രന്ഥത്തിൽ നിന്നുള്ള ഉദ്ധരണികൾക്ക് പകരം പലതവണ പകർപ്പിന് വിധേയമായവയാണ് ഉപയോഗിച്ചിരിക്കുന്നത്. ഗവേഷകന്റെതായ മൗലിക സംഭാവനകളൊന്നും പ്രബന്ധത്തിലില്ല. ബ്രിട്ടീഷ് വിരുദ്ധ പോരാട്ടത്തിലും ഖിലാഫത്ത് പ്രസ്ഥാനത്തിലും മുൻനിര നേതാക്കളായിരുന്നവരെക്കുറിച്ച് പുതുതായി ഒരു ഗവേഷണ പഠനവും നടത്തിയിട്ടില്ല. വാരിയംകുന്നത്ത് ഹാജി ഈ അടുത്ത കാലത്ത് ചർച്ച വിഷയമായതിനെ തുടർന്ന് മലബാർ ലഹളയുമായി ബന്ധപ്പെട്ട പ്രസിദ്ധീകരണങ്ങളും പ്രബന്ധങ്ങളും പരിശോധിച്ചപ്പോഴാണ് മന്ത്രിയുടെ പ്രബന്ധവും ശ്രദ്ധയിൽപെട്ടതെന്ന് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ഭാരവാഹികൾ പറയുന്നു.
പ്രബന്ധത്തിലെ 302 ഖണ്ഡികകളിലായി 622 ഉദ്ധരണികളാണ് കുത്തി നിറച്ചിരിക്കുന്നത്. അതിൽനിന്ന് ഗവേഷകൻ സ്വന്തമായി എന്താണ് സമർത്ഥി ക്കുന്നതെതെന്ന് പറഞ്ഞിട്ടില്ല. എന്തെങ്കിലും സ്വന്തമായി പറഞ്ഞിട്ടുള്ള ആദ്യ അധ്യായത്തിലും അവസാന അദ്ധ്യായത്തിലുമുള്ള അക്ഷരത്തെറ്റുകളും വ്യാകരണ പിശകുകളും ഗവർണർക്ക് നൽകിയ പരാതിയിൽ അക്കമിട്ട് വിവരിച്ചിട്ടുണ്ട്. വാചകങ്ങൾ നേരായ ഘടനയിലല്ലെന്നും പ്രയോഗങ്ങളും ശൈലികളും കേട്ടുകേൾവിയില്ലാത്തതാണെന്നും പരാതിയിൽ പറയുന്നു.
ഡോ.ബി.ഇക്ബാൽ വൈസ് ചാൻസലർ ആയിരുന്ന കാലത്താണ് ജലീൽ കേരള സർവകലാശാലയിൽ ഗവേഷണത്തിന് രജിസ്റ്റർ ചെയ്തതെങ്കിലും ഗവേഷണം തുടരാത്തതിനാൽ രജിസ്ട്രേഷൻ റദ്ദാക്കിയിരുന്നു. തുടർന്ന് ഡോ. രാമചന്ദ്രൻ നായർ വി.സിയായപ്പോൾ റദ്ദാക്കിയ രജിസ്‌ട്രേഷൻ വീണ്ടും അനുവദിച്ചതും സിൻഡിക്കേറ്റിന്റെ അഭാവത്തിൽ മൂല്യനിർണയം നടത്തി ഡോക്ടറേറ്റ് സമ്മാനിച്ചതും ദുരൂഹമാണെന്ന് സേവ് യൂണിവേഴ്സിറ്റി കാമ്പയിൻ കമ്മിറ്റി ചെയർമാൻ ആർ.എസ്. ശശികുമാറും, സെക്രട്ടറി എം. ഷാജർഖാനും ചൂണ്ടിക്കാട്ടി.