നിയമസഭ സമ്മേളനം നാളെ ആരംഭിക്കാനിരിക്കെ സര്‍ക്കാറിന് മുന്നില്‍ പ്രതിസന്ധി സൃഷ്ടിക്കുന്നതായിരുന്നു ഗവർണറുടെ നിലപാട്. ഗവർണർ നയപ്രഖ്യാപന പ്രസംഗത്തിൽ ഒപ്പിടാൻ വൈകിയതോടെ സര്‍ക്കാര്‍ തലത്തലും എല്‍ ഡി എഫ് തലത്തിലും അടിയന്തര കൂടിക്കാഴ്ചകള്‍ നടന്നിരുന്നു. ഇതുപ്രകാരമാണ് മുഖ്യമന്ത്രി ഗവർണറെ സന്ദർശിച്ചത്.
മുഖ്യമന്ത്രിയും സ്പീക്കറും നേരിട്ട് ഇടപെട്ടെങ്കിലും ഗവർണർ വഴങ്ങാൻ തയ്യാറായില്ല. സ്പീക്കർ കഴിഞ്ഞ ദിവസം ഗവർണറെ സന്ദർശിച്ചിരുന്നു. അഡീഷണല്‍ പി.എയുടെ നിയമനവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ പുറത്തു വിട്ട കത്താണ് ഗവര്‍ണറുടെ പെട്ടെന്നുള്ള പ്രകോപനത്തിന് കാരണമെന്ന് അറിയുന്നു. ഗവര്‍ണറുടെ അഡീഷണല്‍ പിഎ ആയി ബിജെപി നേതാവ് ഹരി എസ് കര്‍ത്തയെ നിയമിച്ചതാണ് വിവാദമായത്. ഇതോടെ കർക്കശ നിലപാടിൽ ഗവർണർ ഉറച്ചു നിൽക്കുകയായിരുന്നു. മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങള്‍ സര്‍വ്വീസില്‍ രണ്ട് വര്‍ഷം പൂര്‍ത്തിയാക്കിയാല്‍ പെന്‍ഷന് അര്‍ഹരാവും എന്ന ചട്ടം റദ്ദാക്കണമെന്ന ആവശ്യം ഗവർണർ മുന്നോട്ടുവെച്ചു.
advertisement
ഗവര്‍ണറുടെ സ്റ്റാഫ് നിയമനത്തില്‍ വിയോജിച്ച് കത്ത് നല്‍കിയത് ജ്യോതിലാലായിരുന്നു. ഗവര്‍ണറുടെ സ്റ്റാഫായി സജീവ രാഷ്ട്രീയത്തിൽ ഉള്ളയാളെ നിയമിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് വിയോജന കുറിപ്പ് നല്‍കിയത്. സജീവ രാഷ്ട്രീയത്തില്‍ ഉള്ളയാളെ നിയമിക്കുന്ന പതിവ് ഇല്ലെന്ന അതൃപ്തിയാണ് സര്‍ക്കാര്‍ അറിയിച്ചത്. നിയമനത്തിലെ പതിവ് തുടരുന്നതാവും ഉചിതം. ഗവര്‍ണര്‍ താല്പര്യം അറിയിച്ചത് കൊണ്ടാണ് ഹരി എസ്. കര്‍ത്തായെ നിയമിച്ചതെന്നും രാജ്ഭവന് നല്കിയ കത്തില്‍ സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കി. ഈ കത്ത് സര്‍ക്കാര്‍ പുറത്തുവിടുകയും ചെയ്തു. ബിജെപി നേതാവും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനുമായ ഹരി എസ്.കര്‍ത്തയെയാണ് ഗവര്‍ണറുടെ സ്റ്റാഫില്‍ നിയമിച്ചത്. ഗവര്‍ണറുടെ നിര്‍ദേശം പിന്നീട് സര്‍ക്കാര്‍ അംഗീകരിക്കുകയായിരുന്നു.
