തൃശൂർ ഒല്ലൂരിലെ കോൺഗ്രസ് സ്ഥാനാർത്ഥി ഷാജി കോടങ്കണ്ടത്തിലിനോടാണ് കോടതി ഇങ്ങനെ ആവശ്യപ്പെട്ടത്.
ഡിജിറ്റല്‍ സര്‍വ്വേ ഉപകരങ്ങള്‍ വാങ്ങിയതില്‍ ഹൈക്കോടതി അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കിയെന്ന് വ്യാജ പ്രചാരണം നടത്തിയെന്ന എൽഡിഎഫ് സ്ഥാനാർത്ഥി കെ രാജന്റെ പരാതിയിലാണ് ഉത്തരവ്.
ഹൈക്കോടതി രജിസ്ട്രാര്‍ ജനറലിന് കെ രാജന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് വിഷയം ഡിവിഷന്‍ ബെഞ്ച് പരിഗണിച്ചത്. കഴിഞ്ഞ തവണ പരാതി പരിഗണിക്കവെയാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് ഷാജി ജെ കോടങ്കണ്ടത്തിനോട് വിശദീകരണം തേടിയത്.
advertisement
ഇല്ലാത്ത ഉത്തരവുണ്ടെന്ന് പ്രചരിപ്പിച്ചത് ഗൗരവതരമെന്നായിരുന്നു ചീഫ് ജസ്റ്റിസ് സൗമന്‍ സെന്‍ അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചിന്റെ നിരീക്ഷണം.
ക്ഷമാപണം പ്രസിദ്ധീകരിച്ച ശേഷം ഇത് സംബന്ധിച്ച സത്യവാങ്മൂലം കോടതിയിൽ ഫയൽ ചെയ്യാനും ചീഫ് ജസ്റ്റിസ് സൗമെൻ സെൻ, ജസ്റ്റിസ് വി.എം. ശ്യാംകുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു.
കേസുമായി ബന്ധപ്പെട്ട് തെറ്റായ വാർത്ത പ്രസിദ്ധീകരിച്ച ദിനപത്രവും തിരുത്തൽ വാർത്ത നൽകണമെന്ന് കോടതി നിർദേശിച്ചു. കോടതിയിൽ നേരിട്ട് ഹാജരായ പത്രാധിപർ തെറ്റായ വാർത്ത നൽകിയതിൽ ഖേദം പ്രകടിപ്പിക്കുകയും ഇത് സംബന്ധിച്ച സത്യവാങ്മൂലം കോടതിയിൽ സമർപ്പിക്കുകയും ചെയ്തു. വസ്തുതകൾ പരിശോധിക്കാതെ വാർത്ത നൽകിയതിലുള്ള കോടതിയുടെ അതൃപ്തിയെത്തുടർന്നാണ് പത്രാധിപർ ഖേദപ്രകടനം നടത്തിയത്.
സർക്കാർ പദ്ധതികളിൽ അഴിമതി ആരോപിക്കുമ്പോൾ കൃത്യമായ രേഖകളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലായിരിക്കണം ഹർജികൾ നൽകേണ്ടതെന്ന് കോടതി ഓർമ്മിപ്പിച്ചു. തെറ്റായ വിവരങ്ങൾ നൽകി കോടതിയെ തെറ്റിദ്ധരിപ്പിക്കുന്നത് ഗൗരവകരമായ നടപടിയാണെന്നും ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചു.
