നവംബർ 19നു മുമ്പ് ഹിയറിങ് നടത്തി തീരുമാനമെടുക്കണമെന്നും വൈഷ്ണയെ വോട്ടർ പട്ടികയിൽനിന്ന് ഒഴിവാക്കാൻ പരാതി നൽകിയ ആളും ഹിയറിങ്ങിൽ പങ്കെടുക്കണമെന്നും കോടതി ഉത്തരവിട്ടു.
വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കിയതിനെതിരെ വൈഷ്ണ ഹൈക്കോടതിയെ സമീപിച്ചിരുന്നു. തിരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തിറക്കിയ പ്രാഥമിക വോട്ടർപട്ടികയിലും അന്തിമ പട്ടികയിലും വൈഷ്ണയുടെ പേരുണ്ടായിരുന്നുവെന്ന് അവരുടെ അഭിഭാഷകൻ കോടതിയിൽ വാദിച്ചു. എന്നാൽ ഇതിനിടെയാണ് വൈഷ്ണ ആ വിലാസത്തിലെ താമസക്കാരിയല്ലെന്ന് സിപിഎം ബ്രാഞ്ച് സെക്രട്ടറി പരാതി നൽകിയത്. ഇതിനൊപ്പം രേഖകൾ ഒന്നും സമർപ്പിച്ചിരുന്നില്ല.
advertisement
തുടർന്ന് ഹിയറിങ്ങിനു വിളിപ്പിച്ചെങ്കിലും പരാതിക്കാരൻ ഹാജരാവുകയോ പരാതിക്കടിസ്ഥാനമായ തെളിവുകൾ നൽകുകയോ ചെയ്തില്ല. ഇതോടെയാണ്, എന്തു രേഖകളുടെ അടിസ്ഥാനത്തിലാണ് വോട്ടർ പട്ടികയിൽനിന്നു പേര് നീക്കം ചെയ്യാനുള്ള തീരുമാനമെടുത്തതെന്ന് കോടതി ആരാഞ്ഞത്. പേര് നീക്കം ചെയ്തതിനെ പിന്തുണച്ചു കൊണ്ട് രംഗത്തു വന്ന തിരുവനന്തപുരം കോർപറേഷന് ഇതിൽ എന്താണ് കാര്യമെന്നും കോടതി ചോദിച്ചു.
തുടർന്നാണ് വിഷയത്തിൽ വീണ്ടും ഹിയറിങ് നടത്താൻ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർക്ക് ഹൈക്കോടതി നിർദേശം നൽകിയത്. വൈഷ്ണക്കെതിരെ പരാതി നൽകിയ വ്യക്തിയും ഹിയറിങ്ങിൽ നിർബന്ധമായും പങ്കെടുക്കണമെന്നും കോടതി ഉത്തരവിട്ടു.
വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ അപേക്ഷിച്ചപ്പോൾ നൽകിയ വീട്ട് നമ്പർ തെറ്റായിപ്പോയതാണ് വൈഷ്ണയ്ക്ക് തിരിച്ചടിയായത്. ഇതിനെതിരെ അവർ തിരുവനന്തപുരം ജില്ലാ കളക്ടർക്ക് അപ്പീൽ നൽകിയിരുന്നു. ഈ അപ്പീൽ പരിഗണിച്ച് ഉചിതമായ തീരുമാനമെടുക്കാൻ വേണ്ടിയാണ് ഹൈക്കോടതി ഇപ്പോൾ ഇടക്കാല ഉത്തരവിറക്കിയിരിക്കുന്നത്. സപ്ലിമെന്ററി പട്ടികയിൽ പേരില്ലാത്തതിനു പിന്നിൽ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്നാണ് കോൺഗ്രസ് നേതൃത്വത്തിന്റെ ആരോപണം.
