പള്ളുരുത്തി സെന്റ് റീത്താസ് പബ്ലിക് സ്കൂളിൽ ശിരോവസ്ത്രം ധരിച്ചതിന്റെ പേരിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയെ ക്ലാസിൽ കയറ്റാതെ പുറത്തുനിർത്തിയ സംഭവത്തിൽ എറണാകുളം വിദ്യാഭ്യാസ ഉപഡയറക്ടറുടെ അന്വേഷണ റിപ്പോർട്ട് സത്യവിരുദ്ധമാണെന്ന് സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ഹെലീന ആൽബിൻ. വിദ്യാഭ്യാസ മന്ത്രിയുടെ നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്നം യൂണിഫോം സ്കൂളിന് നിശ്ചയിക്കാമെന്നാണ് കോടതി ഉത്തരവെന്നും പ്രിൻസിപ്പൽ പറഞ്ഞു.
advertisement
സ്കൂള്‍ മാനേജ്മെന്‍റിന്‍റെ കൈയിൽ എല്ലാ തെളിവുകളുമുണ്ട് . കുട്ടിയെ സ്കൂളിൽ നിന്നും പുറത്താക്കിയിട്ടില്ല. കുട്ടി ഇപ്പോഴും സ്കൂളിലെ വിദ്യാർത്ഥിനിയാണ്. കോടതിയുടെ നിര്‍ദേശം അനുസരിച്ചാണ് സ്കൂള്‍ പ്രവര്‍ത്തിക്കുന്നത്. സ്കൂളിന്‍റെ നിയമത്തിനനുസരിച്ച് പ്രവര്‍ത്തിക്കും എന്നാണ് കഴിഞ്ഞദിവസം കുട്ടിയുടെ പിതാവ് പറഞ്ഞത്.അദ്ദേഹത്തെ ഉടന്‍ തന്നെ മാനേജ്മെന്‍റ് കാണുമെന്നും പ്രിൻസിപ്പൽ കൂട്ടിച്ചേർത്തു.
വിദ്യാർത്ഥിനിയുടെ പിതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് എറണാകുളം വിദ്യാഭ്യാസ ഉപഡയറക്ടർ അന്വേഷണം നടത്തുകയും സ്കൂൾ അധികൃതരുടെ ഭാഗത്ത് ഗുരുതരമായ വീഴ്ച സംഭവിച്ചതായി കണ്ടെത്തുകയും ചെയ്തത്. വിദ്യാർത്ഥിനിയെ ശിരോവസ്ത്രം ധരിച്ചതിന്റെ പേരിൽ ക്ലാസിൽ നിന്ന് പുറത്താക്കിയത് ഗുരുതരമായ കൃത്യവിലോപവും വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ ലംഘനവുമാണെന്നാണ് വിദ്യാഭ്യാസ ഉപഡയറക്ടറുടെ അന്വേഷണ റിപ്പോർട്ടിൽ പറയുന്നത്. ഇന്ത്യൻ ഭരണഘടന ഉറപ്പുനൽകുന്ന പൗരന്റെ മൗലികമായ മതാചാര സ്വാതന്ത്ര്യത്തിന് വിരുദ്ധമായ നടപടിയാണ് സ്കൂളിന്റെ ഭാഗത്തുനിന്നുണ്ടായതെന്നും റിപ്പോർട്ടിൽ പറയുന്നു.