രാജീവ് ചന്ദ്രശേഖറിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
എയർ ഇന്ത്യ അഹമ്മദാബാദ് വിമാനാപകടത്തിൽ ജീവൻ നഷ്ടമായ മലയാളി നഴ്‌സ് രഞ്ജിത ഗോപകുമാറിന്റെ പൂർത്തിയാകാത്ത സ്വപ്നമായിരുന്നു സ്വന്തമായൊരു വീട്. ഇന്ന്, എല്ലാ മലയാളികളും ഓണം ആഘോഷിക്കുന്ന ദിവസം, ആ സ്വപ്നം യാഥാർത്ഥ്യമായി. ഇതിന് വേണ്ടി മുന്നിട്ടിറങ്ങി ആത്മാർത്ഥമായി പരിശ്രമിച്ചത് ശ്രീമതി പത്മജ വേണുഗോപാലാണ്. ആ സ്വപ്നസാക്ഷാത്കാരത്തിൽ ചെറിയൊരു പങ്ക് എനിക്കും വഹിക്കാൻ ആയതിൽ അതിയായ സന്തോഷവും നന്ദിയും. മലയാളികളുടെ സന്തോഷത്തിലും സങ്കടത്തിലും എപ്പോഴും അവരുടെ കൂടെയുണ്ട് ബിജെപി കേരളം.
advertisement
ഇക്കഴിഞ്ഞ ജൂൺ മാസത്തിലെ എയർ ഇന്ത്യ അഹമ്മദാബാദ് വിമാനാപകടത്തിലാണ് രഞ്ജിത മരിച്ചത്. ലണ്ടനിലെ നഴ്സ് ജോലി മതിയാക്കി നാട്ടിൽ തിരികെയെത്തി സർക്കാർ സർവീസിൽ പ്രവേശിക്കാൻ തീരുമാനിച്ചതായിരുന്നു രഞ്ജിത. ഇതിന്റെ നടപടിക്രമത്തിന്റെ ഭാഗമായി ഒപ്പ് രേഖപ്പെടുത്താനായി നാട്ടിലെത്തി മടങ്ങുന്ന വഴിയ്ക്കാണ് അപകടം സംഭവിച്ചത്.
മക്കളോടൊപ്പം കഴിയണമെന്ന് ഏറെ ആഗ്രഹിച്ചാണ് വീട് പണി തുടങ്ങിയത്. വീടുപണി പൂർത്തിയായാൽ നാട്ടിൽ തിരികെ എത്തി സർക്കാർ ജോലിയിൽ വീണ്ടും പ്രവേശിക്കാനായിരുന്നു പദ്ധതി. ഇതിനിടയിലാണ് രഞ്ജിത അപകടത്തിൽപ്പെട്ട് മരിച്ചത്.