ജവാദ് മുസ്‌തഫാവിയുടെ ഫേസ്‍ബുക് പോസ്റ്റിന്റെ പൂർണരൂപം
യമനിൽ വ്യവസ്ഥാപിതമായ ഭരണകൂട സംവിധാനങ്ങളല്ല പ്രവർത്തിച്ചു കൊണ്ടിരിക്കുന്നത്. ദക്ഷിണ യമൻ പ്രവിശ്യ അദൻ തലസ്ഥാനമായി റാഷിദ് അൽ അലീമിയുടെയും സാലിം സലാഹ് അബ്ദുല്ലയുടെയും നേതൃത്വത്തിലുള്ള ഗവൺമെന്റിന്റെ അധീനതയിലും ഉത്തര യമൻ പ്രാവിശ്യ അഹ്മദ് അൽ റഹാവിയുടെ നേതൃത്വത്തിൽ സനാ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഹൂതികളുടെ സുപ്രീം പൊളിറ്റിക്കൽ കൗൺസിലിന്റെ അധീനതയിലുമാണുള്ളത്. എന്നാൽ മേൽ രണ്ടു വിഭാഗങ്ങൾക്കും സ്വാധീനമില്ലാത്ത ചില ഗോത്രങ്ങൾ അധികാരം കയ്യാളുന്ന ഒറ്റപ്പെട്ട പ്രവിശ്യകളും വർത്തമാന യമനിൽ ഉണ്ട്. വളരെ അരക്ഷിതമായ ഒരു രാഷ്ട്രീയ സാഹചര്യമാണ് അവിടെ നിലനിൽക്കുന്നത്. കാര്യമായ അന്താരാഷ്ട്ര ബന്ധങ്ങളോ വിദേശ രാജ്യങ്ങളുടെ നയതന്ത്ര സ്ഥാപനങ്ങളോ ഇപ്പോൾ യമനിലില്ല.
advertisement
ഇത് കൊണ്ട് തന്നെ വർത്തമാന യമനിലെ കോടതി വ്യവഹാരങ്ങളിൽ ഇന്ത്യൻ ഗവൺമെൻറിന് ഇടപെടാൻ ഒരുപാട് പരിമിതികളുണ്ട്. ഔദ്യോഗികമായ നീക്കങ്ങൾ സാധ്യമല്ല എന്ന് തന്നെ പറയാം. നിമിഷ പ്രിയയുടെ വധശിക്ഷയുടെയും ഇന്ത്യൻ സർക്കാരിന്റെ നിസ്സഹായതയുടെയും വാർത്തകൾ കാണുമ്പോൾ യമനിൽ പഠനം നടത്തിയ, കുറഞ്ഞ വർഷമെങ്കിലും അവിടെ ജീവിച്ച ഒരാളെന്ന നിലക്ക് ഇപ്പോഴത്തെ സാഹചര്യത്തിൽ അവിടെ എന്തെങ്കിലും ഇടപെടലുകൾ നടത്താൻ ഉസ്താദ് കാന്തപുരം എപി അബൂബക്കർ മുസ്ലിയാർക്ക് മാത്രമേ സാധിക്കുകയുള്ളൂ എന്ന് ഞാൻ ചിന്തിക്കാറുണ്ട്. വിവിധ അറബ്- മധ്യേഷ്യൻ രാജ്യങ്ങളിലെ ഭരണകൂടങ്ങളിലും മത സാമൂഹ്യ നേതാക്കൾക്കിടയിലും വലിയ സ്വാധീനമുള്ള പണ്ഡിതനാണ് കാന്തപുരം. അനൂപ് വി ആറിനോട് ഈ സാധ്യത പങ്കുവെച്ചപ്പോൾ അദ്ദേഹം ചാണ്ടി ഉമ്മനുമായി ബന്ധപ്പെട്ട് കാന്തപുരം ഉസ്താദ് മുഖാന്തിരമുള്ള ഇടപെടലിനു ഇനിഷ്യേറ്റീവ് എടുക്കുകയും ചെയ്തു.
കാന്തപുരം ഉസ്താദിന്റെ ഇടപെടൽ നിമിഷപ്രിയയുടെ കേസിൽ പ്രതീക്ഷയുടെ വഴിത്തിരിവാവുകയാണ്. ഈ വിഷയത്തിൽ നടത്താവുന്ന ഏറ്റവും മികച്ചതും പ്രായോഗികവുമായ നീക്കമാണ് ഉസ്താദ് നടത്തിയിട്ടുള്ളത്. കാന്തപുരത്തിന്റെ അഭ്യർത്ഥനയെ തുടർന്നുള്ള ശൈഖ് ഹബീബ് ഉമറിന്റെ മധ്യസ്ഥ നീക്കം നിർണ്ണായകമാണ്. ലോകത്ത് തന്നെ ഏറ്റവും സ്വാധീനമുള്ള യമനി സൂഫി പണ്ഡിതനാണ് ശൈഖ് ഹബീബ് ഉമർ ബിൻ ഹഫീള്. ജോർദാനിലെ റോയൽ ഇസ്ലാമിക് സ്ട്രാറ്റജിക് സ്റ്റഡീസ് സെന്ററും യുഎസ്സിലെ ജോർജ്ടൗൺ യൂണിവേഴ്സിറ്റിയിലെ പ്രിൻസ് അൽ-വലീദ് ബിൻ തലാൽ സെന്ററും ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള മുസ്‌ലിം നേതാക്കളെ റാങ്ക് ചെയ്ത് "The 500 Most Influential Muslims" പ്രസിദ്ധം ചെയ്യാറുണ്ട്. അതിൽ പ്രഥമ സ്ഥാനത്ത് വരുന്നത് ശൈഖ് ഹബീബ് ഉമറാണ്. നിരവധി തവണ കേരളം സന്ദർശിച്ച അദ്ദേഹത്തിന് കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ, സയ്യിദ് ഇബ്രാഹീം ഖലീലുൽ ബുഖാരി തുടങ്ങിയ മലയാളി മതപണ്ഡിതരുമായി അഭേദ്യമായ ബന്ധമുണ്ട്.
യമൻ ഭരണകൂടവുമായും തലാലിന്റെ സഹോദരനുമായും കാന്തപുരം ഉസ്താദിന് ഇന്നലെ തന്നെ ബന്ധപ്പെടാൻ സാധിച്ചിട്ടുണ്ട്. ഈ കേസിൽ തലാലിന്റെ കുടുംബവുമായി നേരിട്ട് ബന്ധപ്പെടാൻ കഴിയുന്നത് ആദ്യമായിട്ടാണ് എന്നത് ശ്രദ്ധേയമാണ്. ശൈഖ് ഹബീബ് ഉമറിന്റെ പ്രതിനിധി അബ്ദുറഹ്മാൻ അലി മശ്ഹൂറിന്റെ നേതൃത്വത്തിൽ സുപ്രധാനമായ ഒരു യോഗം ഉത്തര യമനിലെ 'ദമറി'ൽ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഭരണകൂട പ്രതിനിധികൾ, ക്രിമിനൽ കോടതി സുപ്രീം ജഡ്ജ്, തലാലിന്റെ കുടുംബാംഗങ്ങൾ തുടങ്ങിയവർ പങ്കെടുക്കുന്ന യോഗത്തിൽ ദിയാധനം കൈപറ്റി നിമിഷക്ക് മാപ്പ് കൊടുക്കണമെന്ന കാന്തപുരം ഉസ്താദിന്റെ അഭ്യർത്ഥന കുടുംബാംഗങ്ങൾ അംഗീകരിക്കുന്നു എന്ന സൂചനയാണ് പുറത്തുവരുന്നത്. വർത്തമാന ഇന്ത്യയിൽ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാരുടെ ചരിത്രപരമായ ഈ ഇടപെടൽ എല്ലാം കൊണ്ടും പ്രാധാന്യമർഹിക്കുന്നതാണ്.
Summary; How Kanthapuram A. P. Aboobacker Musliyar took initiative in Nimishapriya case with Yemani Scholar Habib Omar bin Hafiz