TRENDING:

പ്രതിച്ഛായ മിനുക്കി മുസ്ലിം ലീഗ് വളരുന്നു; മതത്തിനും മലബാറിനും പുറത്തേക്ക്

Last Updated:

മലബാറിന് പുറത്തുള്ള ഇതരമതസ്ഥരായ, മറ്റുപാർട്ടികളിലെ നേതാക്കളും മുസ്ലിം ലീഗിന്റെ ഹരിത പതാക പിടിക്കാൻ തയാറായി മുന്നോട്ടുവരുന്നു. കലാകാരന്മാരും സാമൂഹ്യപ്രവർത്തകരും അടക്കം ഇത്തരത്തിൽ ലീഗിലെത്തുന്നത്, പാർട്ടി നേടിയ സ്വീകാര്യതക്ക് തെളിവായി നേതൃത്വം ഉയർത്തിക്കാട്ടുന്നു

advertisement
മുന്നണി ഇല്ലാതെ ഒറ്റയ്ക്ക് മത്സരിച്ചാലും നിയമസഭയിലേക്ക് തങ്ങളുടെ 10 സ്ഥാനാർത്ഥികളെ എങ്കിലും വിജയിപ്പിക്കാൻ കഴിയുമെന്ന് രാഷ്ട്രീയ എതിരാളികൾ പോലും വിശ്വസിക്കുന്ന പാർട്ടിയാണ് മുസ്ലീം ലീഗ്. ഇതുവരെ രണ്ട് രാമന്മാർ എംഎൽഎ മാരായിട്ടുണ്ട് (സംവരണ മണ്ഡലങ്ങളിൽ കെ പി രാമനും യു സി രാമനും)എങ്കിലും പൊതുമണ്ഡലങ്ങളിൽ ജയിച്ച ആരും ഇതുവരെ നിയമസഭയിൽ ഇല്ലാത്തതിനാൽ മലബാറിലെ മുസ്ലിങ്ങളുടെ പാർട്ടി എന്ന ആക്ഷേപം കേൾക്കേണ്ടിവന്നു.
മുസ്ലിം ലീഗ്
മുസ്ലിം ലീഗ്
advertisement

കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ‌ മിന്നുന്ന ജയമാണ് മുസ്ലിംലീഗ് സ്വന്തമാക്കിയത്. വോട്ടുവിഹിതത്തിൽ സംസ്ഥാനത്ത് നാലാം സ്ഥാനത്തുള്ള ലീഗ് 9.77 ശതമാനം വോട്ടുകളാണ് നേടിയത്. ആകെ 2835 വാർഡുകളിൽ പാർട്ടി ചിഹ്നത്തിൽ വിജയിച്ച മുസ്‍ലിം ലീഗ് സീറ്റെണ്ണത്തിൽ ചരിത്രനേട്ടത്തിലെത്തി. മലബാറിന് പുറത്ത്, എറണാകുളം മുതൽ തിരുവനന്തപുരം വരെയുള്ള ജില്ലകളില്‍ കാഴ്ചവച്ച മികച്ച പ്രകടനം വഴി ഒട്ടേറെ തദ്ദേശ സ്ഥാപനങ്ങളുടെ അധ്യക്ഷ, ഉപാധ്യക്ഷ പദവികളാണ് ലീഗിന് ലഭിച്ചത്.

കാസർഗോഡ് മുതൽ ഗുരുവായൂർ വരെ മാത്രമല്ല, മലബാറിന് പുറത്തേക്കും മറ്റുമതസ്ഥരിലേക്കും പാർട്ടിയുടെ വ്യാപ്തി വർധിപ്പിക്കാനുള്ള തീരുമാനം നേരത്തെ തന്നെ ലീഗ് നേതൃത്വം കൈക്കൊണ്ടിരുന്നു. മലബാറിലെ ശക്തികേന്ദ്രങ്ങളിൽ നിന്ന് നിരവധി പേരുണ്ടായിട്ടും കൊച്ചി സ്വദേശിയായ ഹാരിസ് ബീരാൻ എന്ന അഭിഭാഷകനെ രാജ്യസഭയിലേക്ക് അയച്ചപ്പോൾ മലബാറിന് പുറത്തും പാർട്ടിയുടെ പുതു തലമുറ ഉണ്ടെന്ന സന്ദേശമാണ് നൽകിയത്. നിയമസഭയിലേക്ക് ഇത്തവണ രണ്ടു സ്ത്രീകളെ നിർത്തി. അതിൽ പിന്നാക്ക ഹിന്ദു വിഭാഗത്തിലെ ജയന്തി രാജൻ എന്ന വനിതയും ഉണ്ട്. ലീഗിന്റെ ചരിത്രത്തിൽ വിപ്ലവാത്മകമായ നീക്കം. പാരമ്പര്യത്തിൽ ലീഗിനൊപ്പം നിൽക്കുന്ന മറ്റു ചില ജനാധിപത്യ കക്ഷികൾ അവരുടെ സ്ഥാനാർത്ഥിപട്ടികയിൽ ഒരു മതത്തിലെ ഉയർന്ന വിഭാഗക്കാരെ മാത്രം നിർത്തിയ സാഹചര്യത്തിൽ പ്രത്യേകിച്ചും.

advertisement

ഇപ്പോൾ മലബാറിന് പുറത്തുള്ള ഇതരമതസ്ഥരായ, മറ്റുപാർട്ടികളിലെ നേതാക്കളും മുസ്ലിം ലീഗിന്റെ ഹരിത പതാക പിടിക്കാൻ തയാറായി മുന്നോട്ടുവരുന്നു. കലാകാരന്മാരും സാമൂഹ്യപ്രവർത്തകരും അടക്കം ഇത്തരത്തിൽ ലീഗിലെത്തുന്നത്, പാർട്ടി നേടിയ സ്വീകാര്യതക്ക് തെളിവായി നേതൃത്വം ഉയർത്തിക്കാട്ടുന്നു. ലീഗും പോഷക സംഘടനകളും നടത്തിവരുന്ന കാരുണ്യപ്രവർത്തനങ്ങളിൽ ആകൃഷ്ടരായാണ് ലീഗ് അംഗത്വം സ്വീകരിക്കുന്നത് പലരും പറയുന്നു. ഇതിൽ പലരും തെക്കൻകേരളത്തിൽ നിന്നുമുള്ളവരാണ്.

അഡ്വ. ആർ കൃഷ്ണകുമാർ

മുൻ സിപിഎം നേതാവ് അഡ്വ. ആർ കൃഷ്ണകുമാർ മുസ്ലിംലീഗിൽ ചേർന്നത് മാർച്ച് 26 നാണ്. പത്തനംതിട്ട സിപിഎമ്മിൽ നിരവധി പദവികൾ വഹിച്ചിരുന്ന കൃഷ്ണകുമാർ ഒരു മാസം മുമ്പ് വരെ തോട്ടപ്പുഴശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്നു. എൻഎസ്എസ് മുൻ പ്രതിനിധി സഭാ അംഗവും നിലവിൽ എൻഎസ്എസ് താലൂക് യൂണിയൻ കമ്മിറ്റി അംഗവുമാണ്. ആറന്മുള പള്ളിയോട സേവ സമിതി വൈസ് പ്രസിഡണ്ടായിരുന്നു. കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായും 20 വർഷത്തോളം പദവികൾ വഹിച്ചിരുന്നു. സിപിഎം ഏരിയാ കമ്മിറ്റി അംഗം, മൂന്ന് തവണ ലോക്കൽ കമ്മിറ്റി സെക്രട്ടറി, എസ്എഫ്ഐ പത്തനംതിട്ട ജില്ലാ പ്രസിഡന്റ്, ഡിവൈഎഫ്ഐ പത്തനംതിട്ട ജില്ലാ വൈസ് പ്രസിഡന്റ്, എസ്എഫ്ഐ തിരുവനന്തപുരം ലോ അക്കാദമി ലോ കോളേജ് യൂണിയൻ ചെയർമാൻ, തിരുവിതാംകൂർ ദേവസ്വം ബോർഡ് കേരള ഹൈക്കോടതി സ്റ്റാൻഡിങ് കോൺസൽ, കേരള കർഷക സംഘം ജോയിന്റ് സെക്രട്ടറി, ഇലന്തൂർ കോ ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റ് തുടങ്ങിയ പദവികളും വഹിച്ചിട്ടുണ്ട്. പ്രശസ്തമായ തൊട്ടാവള്ളിൽ കുടുംബത്തിലെ അംഗമാണ്.

advertisement

ഞെരളത്ത് ഹരിഗോവിന്ദൻ ‌

മാർച്ച് 27 നാണ് സോപാന സംഗീതജ്ഞൻ ഞെരളത്ത് ഹരിഗോവിന്ദൻ മുസ് ലിം ലീഗിൽ ചേർന്നത്. പാണക്കാട്ട് എത്തി സംസ്ഥാന അധ്യക്ഷൻ സാദിഖലി തങ്ങളിൽ നിന്ന് അംഗത്വം സ്വീകരിക്കുകയായിരുന്നു.യുഡിഎഫിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമാകുമെന്നും അദ്ദേഹം വ്യക്തമാക്കി.താൻ ഒരു രാഷ്ട്രീയപാര്‍ട്ടിയിൽ ചേർന്നുപ്രവർത്തിക്കുകയാണെങ്കിൽ അത് ലീഗ് ആയിരിക്കുമെന്ന് 10- 12 വർഷം മുമ്പ് തീരുമാനിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ബാബ അലക്‌സാണ്ടര്‍

ഗ്ലോബൽ ഗുഡ്‌വിൽ അംബാസഡറും വിദ്യാഭ്യാസ പ്രവർത്തകനുമായ ബാബ അലക്സാണ്ടർ മുസ്ലിം ലീഗിൽ ചേർന്നത് മാർച്ച് ആദ്യമാണ്. വയനാട് മുട്ടിൽ യതീംഖാനാ എച്ച് ആർ ഡി സെൻ്ററിൽ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിന് എത്തിയ ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളിൽ നിന്നുമാണ് അംഗത്വം സ്വീകരിച്ചത്.

advertisement

സുജ ചന്ദ്രബാബു

കൊല്ലം ജില്ലാ കമ്മിറ്റിയംഗമായിരുന്ന സുജ ചന്ദ്രബാബു ജനുവരിയിൽ 30 വർഷത്തെ സിപിഎം ബന്ധം അവസാനിപ്പിച്ച് മുസ്ലിം ലീഗിൽ ചേർന്നത് വലിയ വാർത്ത ആയിരുന്നു. മൂന്നുതവണ അഞ്ചൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, ഒരുതവണ അഞ്ചൽ ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ, ജനാധിപത്യമഹിളാ അസോസിയേഷൻ മുൻ കൊല്ലം ജില്ലാ സെക്രട്ടറി, സംസ്ഥാന കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഈഴവ സമുദായാംഗമായ 63 കാരി എം എ ഹിസ്റ്ററി ബിരുദധാരിയും പുനലൂർ ശ്രീനാരായണ കോളേജിലെ ഗസ്റ്റ് ലെക്ചറും ആയിരുന്നു.

advertisement

ഇന്ത്യാചരിത്രത്തിനൊപ്പം നടന്ന് രാജ്യത്തിന്റെ തെക്കൻ കോണിൽ മാത്രം ഒതുങ്ങിയ മുസ്ലിം ലീഗ് എന്ന പ്രസ്ഥാനത്തിന് ഇതു വരെ പല പരിമിതികളൂം ഉണ്ടായിരുന്നു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

അധികാരം രാഷ്ട്രീയ പാർട്ടികളുടെ വിളിപ്പാടകലെ എത്തുമ്പോൾ അതിലേക്ക് അവസരം തേടി വരുന്നവർ എല്ലായിടത്തും ഉണ്ട്. എന്നാൽ മുസ്ലിം ലീഗ് എന്ന പാർട്ടിക്ക് സംസ്ഥാനത്ത് പല തവണ അധികാരം കിട്ടിയിട്ടും അങ്ങനെ ഒരു വലിയ മാറ്റം ഉണ്ടായില്ല. അദൃശ്യമായ ഒരു വിലക്ക് പലർക്കും ഉണ്ടായിരുന്നു. പാർട്ടിയുടെ പേര് മുതൽ പ്രദേശം വരെ എല്ലാം ട്രോൾ ആയി. അതിനൊക്കെ ചെറിയ മാറ്റം വരികയാണ്. പല കാരണങ്ങൾ കൊണ്ടും അധികാരത്തിന്റെ ചില നിർണായക ഇടങ്ങളിലേക്ക് ഇതുവരെ കയറാൻ കഴിയാതെ നിന്ന പാർട്ടിക്ക് അതൊക്കെ മറികടക്കാൻ ഈ നീക്കം വഴി സാധിക്കുമെന്ന് കരുതുന്നു. സോപാന ഗായകനും അഭിഭാഷകനുമൊക്കെ അതിന്റെ സൂചനയാണ്.

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
പ്രതിച്ഛായ മിനുക്കി മുസ്ലിം ലീഗ് വളരുന്നു; മതത്തിനും മലബാറിനും പുറത്തേക്ക്
Open in App
Home
Video
Impact Shorts
Web Stories