മാസ്കിലും, പി.പി.ഇ. കിറ്റിലും മാത്രമല്ല ഗ്ലൗസ് വാങ്ങിയതിലും വൻ കൊള്ള നടന്നതായി രേഖകൾ തെളിയിക്കുന്നു. കേരളത്തിലെ കടകളിൽ വിൽക്കുന്നതിലും ഇരട്ടിയിലധികം തുകയ്ക്ക് ഒരു കോടി ഗ്ലൗസുകളാണ് വാങ്ങിയത്. അതും പകുതി തുകയായ 6 കോടി രൂപ മുൻകൂറായി നൽകിയായിരുന്നു ഇടപാട്. എന്നാൽ പണം കൈപ്പറ്റിയിട്ടും വാഗ്ദാനം ചെയ്ത ഗ്ലൗസിന്റെ പകുതി പോലും കമ്പനി കേരളത്തിൽ എത്തിച്ചില്ല.
ഒരു ടെൻഡർ പോലും ക്ഷണിക്കാതെ ഒരു കോടി ഗ്ലൗസുകൾ നൽകാമെന്ന വാഗ്ദാനവുമായി ഒരു കമ്പനി എത്തുന്നു. യുകെയിൽ നിന്ന് ഗ്ലൗസുകൾ ഇറുക്കുമതി ചെയ്ത നൽകും എന്ന് വാഗ്ദാനം നൽകുന്നു. മറ്റൊന്നും നോക്കാതെ 2021 മെയ് 31ന് മെഡിക്കൽ സർവ്വീസസ് കോർപറേഷൻ പർച്ചെയ്സ് ഓർഡർ നൽകി. ഒരു കോടി വിനൈൽ നൈട്രൈൽ ഗ്ലൗസ്. GST സഹിതം 12 കോടി 15 ലക്ഷം രൂപയാണ് വില. അതായത് ഒരു ഗ്ലൗസിന് 12.15 രൂപ.
advertisement
മെയ് 27 ന് കേരളത്തിലെ കടകളിൽ ഒരു ഗ്ലൗസ് 5.75 രൂപയ്ക്കേ വിൽക്കാവൂ എന്ന് ഇതേ മെഡിക്കൽ സർവ്വീസ് കോർപറേഷൻ തന്നെ ഉത്തരവ് ഉറക്കിയിരുന്നു. ഇത് മറന്നാണ് ഇരിട്ടിയിലധികം രൂപയ്ക്ക് നാല് ദിവസത്തിന് ശേഷം ഇവർ തന്നെ കേരളത്തിലെ കമ്പിനിയുമായി കരാറിൽ എത്തിയത്. മാത്രമല്ല ജൂൺ 3ന് പകുതി തുകയായ 6 കോടി ഏഴ് ലക്ഷം രൂപ കരാറുകാരന് നൽകി.
തീർന്നില്ല, പണം വാങ്ങിയ ശേഷം ജൂൺ 16 ന് 20 ലക്ഷം ഗ്ലൗസ് എത്തി. ജൂൺ 28ന് ബാക്കി 60 ലക്ഷം എത്തിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും 21.6 ലക്ഷം മാത്രം എത്തിച്ചു. പകുതി തുക മുൻകൂർ വാങ്ങിയെങ്കിലും പകുതി പോലും എത്തിച്ചില്ല. ഗ്ലൗസ് വൈകിയതോടെ കേരളത്തിൽ നിന്ന് പ്രാദേശികമായി വാങ്ങി. കരാർ റദ്ദാക്കി. പക്ഷേ ഇതൊന്നും കാര്യമാക്കാതെ കമ്പനി പിന്നീട് 58.40 ലക്ഷം ഗ്ലൗസ് എത്തിച്ചെങ്കിലും ഇത് ഇപ്പോഴും KMSCL ഗോഡൗണിൽ കെട്ടിക്കിടക്കുകയാണ്.