ഇസ്ലാമിന്‍റെ പ്രമാണം ഖുർആനും പ്രവാചകനായ മുഹമ്മദ് നബിയുടെ ഉപദേശങ്ങളുമാണെന്ന് ഹുസൈൻ മടവൂർ ചൂണ്ടിക്കാട്ടി. ഖുർആനിലോ നബിയുടെ ഉപദേശങ്ങളിലോ ഇല്ലാത്ത കാര്യങ്ങളെ മതപരമായി സ്വീകരിക്കാൻ ആർക്കും ബാധ്യതയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പ്രവാചക പ്രകീർത്തന സദസ്സിൽ വെച്ചാണ് പ്രവാചക കേശം കൊണ്ടുവന്നതിനേക്കാൾ വലുതായെന്ന് കാന്തപുരം പ്രസ്താവിച്ചത്.
കഴിഞ്ഞ 10-15 വർഷമായി ഒരു മുടിയുമായി കാന്തപുരം ജനങ്ങളെ കബളിപ്പിക്കുകയാണെന്ന് ഹുസൈൻ മടവൂർ വിമർശിച്ചു. ഇത് തട്ടിപ്പാണെന്ന് ഏത് ബുദ്ധിയുള്ളവർക്കും മനസ്സിലാക്കാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. "ഇപ്പോൾ അര സെന്റീമീറ്റർ വളർന്നുവെന്നാണ് പറയുന്നത്. കഴിഞ്ഞ കൊല്ലവും ഈ മുടി പുറത്തെടുത്തിരുന്നു. ഒരു വർഷം കൊണ്ട് ഈ മുടി അര സെന്റീമീറ്ററാണ് വളർന്നതെങ്കിൽ 1500 കൊല്ലം കൊണ്ട് എത്ര കിലോമീറ്റർ നീളം വന്നിട്ടുണ്ടാകും?" ഹുസൈൻ മടവൂർ ചോദിച്ചു. കഴിഞ്ഞ വർഷം ഈ മുടിയുടെ നീളം എത്രയായിരുന്നുവെന്ന് പറഞ്ഞിട്ടില്ലെന്നും, ഈ വർഷത്തെ അളവ് രേഖപ്പെടുത്തി വെച്ചാൽ അടുത്ത വർഷം മനസ്സിലാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
advertisement
പ്രവാചക കേശം വളർന്നു എന്ന് പറഞ്ഞതിന് പുറമേ പ്രവാചകൻ്റെ ഉമിനീര് പുരട്ടിയ മദീനയിൽ നിന്നുള്ള വെള്ളവും റൗളാ ഷെരീഫിൽ നിന്ന് വടിച്ചെടുത്ത പൊടികളുമുണ്ടെന്നും കാന്തപുരം പറഞ്ഞിരുന്നു. പ്രവാചകൻ്റെ കൈവിരലുകൾ ഭൂമിയിൽ കുത്തിയപ്പോൾ വന്ന വെള്ളം ഉൾപ്പെടെ എല്ലാം ചേർത്താണ് ഈ വെള്ളം നൽകുന്നതെന്നും, ആരും ഇത് നഷ്ടപ്പെടുത്തരുതെന്നും വൃത്തിയില്ലാത്ത സ്ഥലത്ത് വെക്കരുതെന്നും കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ പ്രസ്താവിച്ചിരുന്നു.