കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടൈൽ ലിമിറ്റഡ് (സിഎംആർഎൽ) എന്ന സ്വകാര്യ കമ്പനിയാണ് ടി.വീണയ്ക്ക് ഈ പണം നൽകിയത്. സിഎംആർഎലുമായി ടി.വീണയും ടി. വീണയുടെ ഉടമസ്ഥതയിലെ എക്സാലോജിക് സൊല്യൂഷ്യൻസ് എന്ന സ്ഥാപനവും ഐടി, സോഫ്റ്റ്‌വെയർ, മാർക്കറ്റിങ് കൺസൽറ്റൻസി എന്നീ സേവനങ്ങൾ ലഭ്യമാക്കാൻ കരാറുണ്ടാക്കിയിരുന്നു. ഈ കരാർപ്രകാരം മാസം തോറും പണം നൽകിയാതായി സിഎംആർഎൽ മാനേജിങ് ഡയറക്ടർ എസ്.എൻ. ശശിധരൻ കർത്താ ആദായനികുതി വകുപ്പിനു മൊഴി നൽകി.
അതേസമയം മുഖ്യമന്ത്രിയുടെ മകൾ വീണ വിജയനെതിരായ പുതിയ ആരോപണത്തിൽ വിശദീകരണവുമായി CMRL ജോയിന്റ് എം ഡിയും CMRL എം ഡി ശശിധരൻ കർത്തയുടെ മകനുമായ ശരൺ എസ് കർത്ത രംഗത്തെത്തി. എക്‌സാലോജിക്കിന് പണം നൽകിയിട്ടുണ്ടെന്ന് ന്യൂസ് 18നോട് ശരൺ സ്ഥിരീകരിച്ചു. കമ്പനിയിൽ നിന്ന് പൂർണമായ സേവനങ്ങൾ ലഭിച്ചില്ലെങ്കിലും, ചില സർവീസുകൾ ലഭിച്ചിട്ടുണ്ട്. വീണയുടെ കുടുംബ പശ്ചാത്തലം നോക്കിയല്ല, പ്രൊഫഷണൽ ബാക്ക് ഗ്രൗണ്ട് നോക്കിയാണ് കരാർ നൽകിയത്. മുഖ്യമന്ത്രിയെ വ്യക്തിപരമായി അറിയാമെന്നും മുഖ്യമന്ത്രിയെ തൃപ്തിപ്പെടുത്തിക്കൊണ്ട് തങ്ങൾക്കൊന്നും നേടാനില്ലെന്നും ശരൺ എസ് കർത്ത പറഞ്ഞു.
advertisement
കണക്കനുസരിച്ച് വീണയ്ക്ക് 55 ലക്ഷവും എക്സാലോജിക്കിന് 1.17 കോടിയുമായി ആകെ 1.72 കോടി രൂപ സിഎംആർഎൽ നൽകി. എന്നാൽ കരാർപ്രകാരമുള്ള സേവനങ്ങളെന്തെങ്കിലും ലഭിച്ചതായി തങ്ങൾക്കും അറിയില്ലെന്ന് സിഎംആർഎലിന്റെ ചീഫ് ഫിനാൻഷ്യൽ ഓഫിസർ കെ.എസ്. സുരേഷ്കുമാറും ചീഫ് ജനറൽ മാനേജർ പി.സുരേഷ്കുമാറും മൊഴി നൽകി. കർത്തയും കമ്പനി ഉദ്യോഗസ്ഥരും പിന്നീട് മൊഴി പിൻവലിക്കാനായി ഒരു സത്യവാങ്മൂലത്തിലൂടെ ശ്രമിച്ചു എങ്കിലും നിയമവിരുദ്ധമായാണ് വീണയ്ക്കും എക്സാലോജിക്കിനും പണം നൽകിയതെന്ന വാദത്തിൽ ആദായനികുതി വകുപ്പ് ഉറച്ചുനിന്നു.
2017–20 കാലത്ത് മൊത്തം 1.72 കോടി രൂപയാണ് ടി. വീണയ്ക്കും എക്സാലോജിക്കിനുമായി ലഭിച്ചതെന്നും ഇതു നിയമവിരുദ്ധ പണമിടപാടാണെന്നും ആദായനികുതി വകുപ്പ് വാദിച്ചു. ലഭിക്കാത്ത സേവനങ്ങൾക്കാണ് പണം നൽകിയതെന്ന് ശക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ സ്ഥാപിക്കാൻ ആദായനികുതി വകുപ്പിനു കഴിഞ്ഞിട്ടുണ്ടെന്ന് അമ്രപള്ളി ദാസ്, രാമേശ്വർ സിങ്, എം. ജഗദീഷ് ബാബു എന്നിവർ ഉൾപ്പെട്ട സെറ്റിൽമെന്റ് ബോർഡ് ബെഞ്ച് വ്യക്തമാക്കി.
ബാങ്ക് മുഖേനയാണ് ഈ പണം നൽകിയത്. ബിസിനസ് ചെലവുകൾക്കു പണം നൽകുന്നത് ആദായനികുതി നിയമപ്രകാരം അനുവദനീയവുമാണ്. എങ്കിലും പകരം സേവനങ്ങൾ ലഭ്യമാകാത്തതിനാൽ ടി. വീണയ്ക്കും കമ്പനിക്കും നൽകിയ പണം നിയമവിരുദ്ധ ഇടപാടിന്റെ ഗണത്തിൽപെടുത്തണമെന്ന ആദായനികുതി വകുപ്പിന്റെ വാദം ബെഞ്ച് അംഗീകരിച്ചു.
സിഎംആർഎലിന്റെ ഓഫിസിലും ഫാക്ടറിയിലും എംഡിയുടെയും പ്രധാന ഉദ്യോഗസ്ഥരുടെയും വീടുകളിലും ആദായനികുതി വകുപ്പ് 2019 ജനുവരി 25ന് പരിശോധന നടത്തിയിരുന്നു. 2013–14 മുതൽ 2019–20 വരെയുള്ള നികുതിയടവു രേഖകളുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
സിഎംആർഎൽ ചീഫ് ഫിനാൻഷ്യൽ ഓഫിസർ കെ. എസ്. സുരേഷ് കുമാറിന്റെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് ചില പ്രമുഖ രാഷ്ട്രീയ, ട്രേഡ് യൂണിയൻ നേതാക്കൾക്കും പൊലീസിനും ഉദ്യോഗസ്ഥർക്കും മാധ്യമസ്ഥാപനങ്ങൾക്കും പണം നൽകിയതിന്റെ തെളിവുകൾ ലഭിച്ചത്. ഈ പരിശോധനയിൽ സിഎംആർഎലുമായി ടി. വീണയും എക്സാലോജിക്കും തമ്മിലെ കരാറുകളുടെ രേഖയും ലഭിച്ചു.
കമ്പനിയുടെ ചെലവുകൾ പെരുപ്പിച്ചുകാട്ടി വൻതോതിൽ നികുതി വെട്ടിച്ചതായി പരിശോധനയിൽ കണ്ടെത്തി. സിഎംആർഎലും ശശിധരൻ കർത്തയും 2020 നവംബറിൽ നൽകിയ സെറ്റിൽമെന്റ് അപേക്ഷയിലാണ് 2023 ജൂൺ 12നു ബോർഡ് ഉത്തരവിട്ടത്.
ആദായനികുതി നിയമത്തിലെ 245എഎ വകുപ്പു പ്രകാരമുള്ളതാണ് ഇന്ററിം സെറ്റിൽമെന്റ് ബോർഡ്. ഇവരുടെ തീരുമാനം അന്തിമമാണ്, അപ്പീലിനു വ്യവസ്ഥയില്ല. നികുതി വെട്ടിപ്പ് ആരോപിക്കപ്പെടുന്ന വ്യക്തിയോ സ്ഥാപനമോ നൽകുന്ന സെറ്റിൽമെന്റ് അപേക്ഷയാണ് ബോർഡ് പരിഗണിക്കുന്നത്. ആദായനികുതി വകുപ്പ് എതിർകക്ഷിയായി വാദങ്ങൾ ഉന്നയിക്കും. അപേക്ഷ തീർപ്പാക്കുന്നത് തെളിവുകളുടെ അടിസ്ഥാനത്തിലാണ്.
2016 മെയ് 25 നാണ് പിണറായി വിജയൻറെ നേതൃത്വത്തിലെ ആദ്യ എൽ ഡി എഫ് സർക്കാർ നിലവിൽ വന്നത്.

