കേരളത്തിൽ തിരുവനന്തപുരം ഡിവിഷനിൽ മാത്രമാണ് ഇപ്പോൾ ഈ പരിഷ്‌കാരം നടപ്പാക്കിയിരിക്കുന്നത്. തിരുവനന്തപുരം ഡിവിഷനിലെ ട്രെയിനുകളിലെ റിസർവേഷൻ സംവിധാനം പൂർണമായും ഡിജിറ്റലാക്കി ടാബ്‌ലെറ്റിലേക്കു മാറ്റി. യാത്രക്കാർക്കു സൗകര്യപ്രദവും ടിക്കറ്റ് എക്‌സാമിനർമാർക്കു ജോലിഭാരം കുറയ്ക്കുന്നതുമാണ് ഈ മാറ്റം. തിരുവനന്തപുരം - എറണാകുളം വഞ്ചിനാട് എക്‌സ്പ്രസിലാണ് പരീക്ഷണാടിസ്ഥാനത്തിൽ ഇതു നടപ്പാക്കിയത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ച എല്ലാ ട്രെയിനുകളിലേക്കും വ്യാപിപ്പിച്ചു. എറണാകുളം ഡിവിഷനിലും ഈ പരിഷ്‌കാരം പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കി തുടങ്ങിയിട്ടുണ്ട്.
കോവിഡ് കാലം കഴിഞ്ഞ് സർവീസ് പുനരാരംഭിച്ചതോടെ വലിയ രീതിയിലെ മാറ്റങ്ങളാണ് രാജ്യത്തെ ട്രെയിൻ ഗതാഗത മേഖലയിലൂണ്ടായത്. അതിന്റെ തുടർച്ചയാണ് ഈ പരിഷ്‌കാരവും. റിസർവേഷൻ ക്രമീകരണങ്ങളിലും ഇക്കാലത്ത് വലിയ മാറ്റമാണുണ്ടായത്. കറന്റ് റിസർവേഷൻ സംവിധാനം എല്ലാ ട്രെയിനുകളിലും ഏർപ്പെടുത്തിയതായിരുന്നു ഇതിൽ പ്രധാനം. ട്രെയിൻ പുറപ്പെടുന്നതിന് അര മണിക്കൂർ മുമ്പും റിസർവേഷൻ ലഭ്യമാകും എന്നതാണ് ഈ സംവിധാനത്തിന്റെ പ്രത്യേകത. മുമ്പ് തെരഞ്ഞെടുത്ത ട്രെയിനുകളിൽ തെരഞ്ഞെടുത്ത സ്റ്റേഷനുകളിൽ മാത്രമാണ് ഈ സംവിധാനം ഉണ്ടായിരുന്നത്.
advertisement
കടലാസ് ചാർട്ട് സംവിധാനം ഇല്ലാതായതോടെ ടിക്കറ്റ് എക്‌സാമിനർമാരുടെ ജോലി ഭാരം വലിയ തോതിൽ കുറഞ്ഞു. ചാർട്ട് തിരഞ്ഞ് യാത്രക്കാരന്റെ പേരും സീറ്റും ഉറപ്പിക്കുന്നതിനും വെരിഫൈ ചെയ്യുന്നതിനും ഇനി ഒരു നിമിഷം മാത്രം മതിയെന്നതു തന്നെ സവിശേഷത. സീറ്റിനെച്ചൊല്ലി കോച്ചുകളിലുണ്ടാകുന്ന കശപിശയും ഇതോടെ ഇല്ലാതാകും.
Also Read- Train Time | ഇനി കോട്ടയം വഴിയുള്ള ട്രെയ്നുകളുടെ വേഗം കൂടും; സമയക്രമത്തിലും മാറ്റം
റിസർവേഷൻ ചാർട്ടുകൾ ടാബ്‌ലെറ്റിലേക്കു മാറിയതോടെ ഓപ്പൺ ടിക്കറ്റെടുത്ത് ട്രെയിനിൽ കയറി സീറ്റുറപ്പിക്കുന്ന രീതിക്കും അവസാനമാകും. ഓരോ സ്‌റ്റേഷനിലും റിസർവേഷൻ അപ്‌ഡേറ്റാകുന്നതോടെ കറണ്ട് റിസർവേഷൻ എടുത്തവർക്കു മാത്രമായിരിക്കും ഇനി ഈ കോച്ചുകളിൽ യാത്ര സാധ്യമാവുക. അതതു സ്‌റ്റേഷനുകളിൽവച്ച് ഒഴിയുന്ന സീറ്റുകളും യാത്രക്കാർ കയറുന്നതുമെല്ലാം അപ്പപ്പോൾ തന്നെ രേഖപ്പെടുത്തുന്നതിനാലാണ് ഇത്. റിസർവേഷൻ നിയമം ലംഘിച്ചു യാത്ര ചെയ്യുന്നവർക്കുള്ള പിഴയീടാക്കാനുള്ള സംവിധാനം കൂടി ടാബ്‌ലെറ്റിൽ വരുന്നതോടെ ടിക്കറ്റ് എക്‌സാമിനർമാരുടെ ജോലി പൂർണമായും ഹൈടെക്ക് ആകും.