28 വർഷം മുമ്പ് തിരുവിതാംകൂർ ദേവസ്വം ബോർഡിൽ ജീവനക്കാരനായ മുരാരി ബാബു 2019ലാണ് ഇരുനില വീട് നിർമ്മിച്ചത്. വീടിന് മാത്രം ഏകദേശം രണ്ട് കോടി രൂപ ചെലവഴിച്ചതായി കരുതപ്പെടുന്നു. തടികൊണ്ടുള്ള നിർമ്മിതികൾ ഉൾപ്പെടെ മുന്തിയ നിലവാരമുള്ള വസ്തുക്കൾ മാത്രമാണ് വീടുപണിക്കായി ഉപയോഗിച്ചത്. മുരാരി ബാബു ശബരിമലയിലെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ആയിരുന്നു. വിവാദമായ സ്വർണമോഷണവും ഇയാൾ വീട് വച്ചതും ഒരേ സമയത്തെന്ന് അന്വേഷണസംഘം കണ്ടെത്തി. ആയതിനാൽ, വീട് നിർമ്മിക്കുന്നതിനുള്ള സാമ്പത്തിക സ്രോതസ്സിനെക്കുറിച്ചും അന്വേഷണമുണ്ട്.
advertisement
തിരുനക്കര, ഏറ്റുമാനൂർ ക്ഷേത്രങ്ങളുടെയും ദേവസ്വം ഗസ്റ്റ് ഹൗസിന്റെയും നിർമ്മാണത്തിന് തേക്കിൻ തടി ആവശ്യമാണെന്ന് പറഞ്ഞ് കോട്ടയം നട്ടാശ്ശേരിയിലെ വനം വകുപ്പിന്റെ തടി ഡിപ്പോയുമായി ഇയാൾ ബന്ധപ്പെട്ടിരുന്നു.
എന്നാൽ, തിരുനക്കരയിലും ഏറ്റുമാനൂരിലും അക്കാലത്ത് ഇത്തരത്തിലുള്ള ഒരു പണിയും നടന്നിട്ടില്ലെന്ന് ദേവസ്വം ഉദ്യോഗസ്ഥർ പറഞ്ഞതായി മനോരമ റിപ്പോർട്ട് ചെയ്യുന്നു. ഏറ്റുമാനൂർ ക്ഷേത്രത്തിലെ പടിഞ്ഞാറെ നടയുടെ തടിപ്പാളികൾ മാറ്റിസ്ഥാപിക്കാൻ പാഴ്മരം കൊണ്ടുവന്നെങ്കിലും, ഉപദേശക സമിതിയുടെ എതിർപ്പിനെത്തുടർന്ന് പണി നടന്നില്ല.
കേരള സായുധ സേനയുടെ നാലാം ബറ്റാലിയനിലെ (കെഎപി കണ്ണൂർ ബറ്റാലിയൻ) 1994 ബാച്ചിൽ കോൺസ്റ്റബിളായി ജോലി ലഭിച്ച മുരാരി ബാബു പരിശീലനം പൂർത്തിയാക്കാതെ ക്യാമ്പ് വിട്ടതിനെത്തുടർന്ന് പിരിച്ചുവിടപ്പെട്ടു.
1997ൽ ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിൽ ഗുമസ്തനായാണ് ദേവസ്വം ബോർഡിൽ തുടക്കം.
ഏറ്റുമാനൂരിലാണ് മുരാരി ബാബു കൂടുതൽ കാലം ജോലി ചെയ്തത്. മഹാദേവ ക്ഷേത്രത്തിലെ സ്വർണ്ണ രുദ്രാക്ഷമാല അപ്രത്യക്ഷമായതും, ശ്രീകോവിലിൽ തീ പിടിച്ചതും, സ്വർണ പ്രഭയിലെ മൂന്നു നാഗപ്പാളികൾ വിളക്കിച്ചേർത്തതും മുരാരിയുടെ കാലത്താണ് സംഭവിച്ചത്.
മറ്റ് ക്ഷേത്രങ്ങളിലേക്ക് മാറിയതിനുശേഷവും, വൈക്കം, ഏറ്റുമാനൂർ, തിരുനക്കര തുടങ്ങിയ പ്രമുഖ ക്ഷേത്രങ്ങളിലെ ഉത്സവങ്ങൾക്ക് 'സ്പെഷ്യൽ ഓഫീസർ' ആയിരുന്നു. ഈ മൂന്ന് ക്ഷേത്രങ്ങളിലെയും ഉത്സവങ്ങൾക്ക് ആനകളുടെ കരാറേറ്റെടുക്കുന്നതിൽ ക്രമക്കേടുകൾ നടന്നിട്ടുണ്ടെന്ന് പിന്നീട് അധികൃതർ കണ്ടെത്തിയിരുന്നു.
