സുന്നികൾ ഭൂരിപക്ഷമുള്ള ഒരു മഹല്ലിൽ ജമാഅത്തെക്കാർ കയറിയാൽ മഹല്ലും വാർഡും അവര് സ്വന്തമാക്കുമെന്നും ഹമീദ് ഫൈസി അമ്പലക്കടവ് കുറിച്ചു. മത നവീകരണ വാദികളുമായി അകലം പാലിക്കണമെന്ന സമസ്തയുടെ പ്രഖ്യാപിത നിലപാടിൽ വെള്ളം ചേർക്കാൻ ശ്രമിക്കുന്നത് അപകടകരമാണ്. ജമാഅത്ത്-ബ്രദർഹുഡ് ആശയങ്ങൾക്ക് മുസ്ലീങ്ങളിൽ സ്വാധീനം ചെലുത്താൻ വഴിയൊരുക്കി കൊടുക്കലായിരിക്കും ഇത് എന്ന കാര്യം ബന്ധപ്പെട്ടവർ ആലോചിക്കേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.
advertisement
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
ജമാഅത്തെ ഇസ്ലാമി അത്ര ശുദ്ധമല്ല
ഇന്ത്യയിലെ ജനാധിപത്യ വ്യവസ്ഥിതിയോട് സഹകരിക്കുകയോ വോട്ട് രേഖപ്പെടുത്തുകയോ ചെയ്താൽ ഇസ്ലാമിക വൃത്തത്തിൽ നിന്ന് പുറത്തു പോവുകയും ബഹുദൈവ വിശ്വാസിയായിത്തീരുകയും ചെയ്യുമെന്ന് പ്രഖ്യാപിച്ച ജമാഅത്തെ ഇസ്ലാമി അതേ ഭരണ വ്യവസ്ഥിതിയിൽ പങ്കാളികളാവാൻ വേണ്ടി രാഷ്ട്രീയ പാർട്ടി രൂപീകരിച്ച് മാറിമാറി വ്യത്യസ്ത മുന്നണികളിലായി തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് ഗുരുതരമായി കാണേണ്ടിയിരിക്കുന്നു. ജമാഅത്ത് ഒരു കേഡർ പാർട്ടിയാണ്. ലക്ഷ്യ സാക്ഷാത്കാരത്തിന് ഏതു വഴിയും അവർ സ്വീകരിക്കും. സുന്നികൾ ഭൂരിപക്ഷമുള്ള ഒരു മഹല്ലിൽ അവർ തെരഞ്ഞെടുക്കപ്പെട്ടാൽ, പിന്നീട് സക്കാത്തും റിലീഫും ക്ലാസുകളും ആയി ആ മഹല്ലും വാർഡും അവര് സ്വന്തമാക്കും. അനുഭവമാണ് തെളിവ്.
ജമാഅത്തെ ഇസ്ലാമിയുടെ യുവജന സംഘടനയായ സോളിഡാരിറ്റി കഴിഞ്ഞ ഏപ്രിലിൽ നടത്തിയ എയർപോർട്ട് മാർച്ച് വിവാദമായത് മറക്കാൻ ആയിട്ടില്ല. മുസ്ലിം ബ്രദർഹുഡ് നേതാക്കളുടെ ചിത്രമാണ് മാർച്ചിൽ അവർ ഉയർത്തിക്കാട്ടിയത്. മുസ്ലിം ബ്രദർഹുഡും ജമാഅത്തെ ഇസ്ലാമിയും ഒരു നാണയത്തിന്റെ രണ്ടു പുറങ്ങളാണ്.
സമസ്തയിലെ പ്രശ്നങ്ങളുടെ പിന്നാമ്പുറം പരിശോധിച്ചാൽ തെളിയുന്ന ചിത്രം ഒരു വിഭാഗം ജമാഅത്തെ ഇസ്ലാമിയുമായി പുതിയ ചില ബന്ധങ്ങൾ ഉണ്ടാക്കാൻ ശ്രമിക്കുന്നതാണെന്ന് കണ്ടെത്താനാകും. മത നവീകരണ വാദികളുമായി അകലം പാലിക്കണമെന്ന സമസ്തയുടെ പ്രഖ്യാപിത നിലപാടിൽ വെള്ളം ചേർക്കാൻ ശ്രമിക്കുന്നത് അപകടകരമാണ്. ജമാഅത്ത്-ബ്രദർഹുഡ് ആശയങ്ങൾക്ക് മുസ്ലീങ്ങളിൽ സ്വാധീനം ചെലുത്താൻ വഴിയൊരുക്കി കൊടുക്കലായിരിക്കും ഇത് എന്ന കാര്യം ബന്ധപ്പെട്ടവർ ആലോചിക്കേണ്ടിയിരിക്കുന്നു.
അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ്
23.11.2025
