ദരിദ്ര കുടുംബങ്ങൾക്കായി നിർമ്മിച്ച 5 വീടുകളുടെ രജിസ്ട്രേഷൻ ഫീസിൽ ഇളവ് തേടി മന്ത്രിമാരെ കണ്ടെങ്കിലും സർക്കാർ ഉത്തരവ് ഇതുവരെ ഇറങ്ങിയിട്ടില്ലെന്നും ജിജോ കുര്യൻ ഫേസ്ബുക്ക് പോസ്റ്റിൽ ചൂണ്ടിക്കാട്ടുന്നു. നമ്മുടെ ബജറ്റും സർക്കാർ സംവിധാനങ്ങളും എന്ന് ദരിദ്രന്റെ പക്ഷത്തുനിന്ന് ചിന്തിക്കാൻ തുടങ്ങുമെന്നും ജിജോ ചോദിക്കുന്നു.
ഫേസ്ബുക്ക് പോസ്റ്റ് പൂർണരൂപത്തിൽ
കക്ഷിരാഷ്ട്രീയം ചികയാതെ ഒരു രാഷ്ട്രീയ വായനയ്ക്ക്.
ബജറ്റിൽ രണ്ട് സ്മാരകങ്ങൾക്കായി മന്ത്രി തോമസ് ഐസക് വകയിരുത്തിയത് 10 കോടി രൂപയാണ്. പ്രബുദ്ധ കേരളത്തിൽ ഈ രണ്ടുപേരുടെ രാഷ്ട്രീയ സംഭാവനകൾ എന്തൊക്കെയെന്ന ചർച്ചയിലേയ്ക്ക് കടക്കുന്നില്ല. മറ്റൊരു കാര്യമാണ് പറയുന്നത്.
advertisement
ഭവനരഹിതർക്ക് വീട് വെയ്ക്കാൻ സർക്കാർ നല്കുന്നത് 4 ലക്ഷം വീതമാണ്. ഫണ്ടില്ലായെന്ന കാരണത്താൽ കരയുന്ന കുഞ്ഞുങ്ങൾക്ക് മാത്രം വല്ലപ്പോഴും അൽപം പാലുകൊടുത്ത് അവസാനിപ്പിച്ചാണ് നമ്മുടെ സമ്പൂർണ്ണഭവനനിർമ്മാണ പദ്ധതിയുടെ മെല്ലെപ്പോക്ക്.
10 കോടി 250 ഭവനരഹിതകുടുംബങ്ങൾക്ക് വീടുകൾ നിർമ്മിക്കാനുള്ള പണമാണ്! വ്യക്തിപരമായ പല അനുഭവങ്ങളിൽ ഒരു കൊച്ചനുഭവം മാത്രം പറയാം.
ഒരാൾ ദാനമായി വാങ്ങിത്തന്ന 25 സെന്റ് സ്ഥലത്ത് 5 കൊച്ചുവീടുകൾ ഭൂരഹിതരും ഭവനരഹിതരുമായവർക്ക് വേണ്ടി നാട്ടുകാരുടെ കാരുണ്യത്തിൽ പണിതു. 2 മാസം കൊണ്ട് പണിപൂർത്തിയാക്കി ഡിസം. 25 ന് വീടുകൾ കൈമാറി. ഈ 5 ദരിദ്ര കുടുംബങ്ങൾക്ക് 5 സെന്റ് ഭൂമിവീതം രജിസ്ട്രർ ചെയ്തുകൊടുക്കാൻ രജിസ്ട്രേഷൻ ഫീസിളവിനായി ഒക്ടോബർ മുതൽ ജനുവരി വരെ പലരിലൂടെയും കയറിയിറങ്ങിയത് 2 മന്ത്രിമാരുടെ (തോമസ് ഐസക്, ജി. സുധാകരൻ) ഓഫീസുകളടക്കം സെക്രട്ടേറിയറ്റ്, രജിസ്ട്രാർ ഓഫീസ്, 6 പഞ്ചായത്തുകൾ, 6 വില്ലേജ് ഓഫീസുകൾ. ആളൊന്നുക്ക് വെറും 17000 രൂപ, അത്രയേ ഒഴിവ് വേണ്ടിയിരുന്നുള്ളു. ആരും നോ പറഞ്ഞില്ല, എന്നാൽ ഗവൺമെന്റ് ഓഡർ എന്ന "അത്യുന്നത കൽപന" ഒരിക്കലും വന്നുമില്ല.
അവസാനം വീണ്ടും ആളുകൾക്ക് മുമ്പിൽ കൈനീട്ടി യാചിച്ച് രജിസ്ട്രേഷൻ ഫീസ് സംഘടിപ്പിച്ച് അടുത്തയാഴ്ച ഈ പാവപ്പെട്ട മനുഷ്യർക്ക് ഭൂമി അവരുടെ പേരിലാക്കികൊടുക്കാൻ പോവുകയാണ്. നമ്മുടെ ബജറ്റും സർക്കാർ സംവിധാനങ്ങളും എന്ന് ദരിദ്രന്റെ പക്ഷത്തുനിന്ന് ചിന്തിക്കാൻ തുടങ്ങും!
