ശബരിമല സ്വർണക്കൊള്ള കേസിൽ യുഡിഎഫ് കൺവീനർ അടൂർ പ്രകാശിന്റെ ആരോപണങ്ങൾക്ക് മറുപടിയുമായി ജോൺ ബ്രിട്ടാസ് എംപി. ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ പേര് ആദ്യമായി കേൾക്കുന്നതു തന്നെ ശബരിമല വിവാദവുമായി ബന്ധപ്പെട്ടാണെന്നും അനാവശ്യമായി വിവാദങ്ങളിലേക്ക് തന്റെ പേര് വലിച്ചിഴച്ചാൽ നിയമ നടപടി സ്വീകരിക്കുമെന്നും ജോൺ ബ്രിട്ടാസ് എംപി മാധ്യമങ്ങളോട് പറഞ്ഞു. പോറ്റി ചെയ്ത ഫോൺകോളുകൾ കൈവശമുണ്ടെന്നാണ് അടൂർ പ്രകാശ് പറഞ്ഞത്. അടൂർ പ്രകാശിന്റെ കയ്യിൽ എങ്ങനെയാണ് ഫോൺ കോളുകളുടെ വിവരങ്ങൾ ലഭിച്ചതെന്നും ബ്രിട്ടാസ് ചോദിച്ചു.
advertisement
സ്വർണക്കൊള്ള കേസിലെ പ്രതികൾ കോൺഗ്രസ് നേതാവ് സോണിയാഗാന്ധിയുടെ അടുത്ത് എങ്ങനെ എത്തി എന്ന ചോദ്യത്തിന് ഉത്തരമില്ലാതെ വന്നപ്പോൾ ഉണ്ടയില്ലാ വെടി വെയ്ക്കുകയാണ് യുഡിഎഫ് കൺവീനറെന്നും അടൂർ പ്രകാശ് കോൺഗ്രസിനെ അബദ്ധത്തിന്റെ പടുകുഴിയിൽ വീഴ്ത്തിക്കൊണ്ടിരിക്കുകയാണെന്നും ബ്രിട്ടാസ് പറഞ്ഞു.
അടൂർ പ്രകാശ് വിരുദ്ധമായ തന്റെ പ്രതികരണങ്ങളിലൂടെ അദ്ദേഹത്തെയും അദ്ദേഹത്തിന്റെ പാർട്ടെയെയും വലിയ അപകടത്തിലേക്ക് കൊണ്ടു പോവുകയാണ്. സോണിയാഗാന്ധിക്ക് അസുമായതിനെത്തുടർന്നാണ് ചരടുമായി അവരുടെ അടുത്ത് പോറ്റി പോയതെന്നാണ് കോൺഗ്രസിലുള്ളവർ തന്നെ പറയുന്നത്. എന്നാൽ ചികിത്സയുടെ ഭാഗമായാണ് സോണിയാഗാന്ധി പോറ്റിയെ വിളിച്ചു വരുത്തി നൂല് കെട്ടിയതെന്ന് താൻ വിശ്വസിക്കുന്നില്ലെന്നും വിവാദങ്ങളിലേക്ക് കോൺഗ്രസ് നേതാക്കൾതന്നെ സോണിയാഗാന്ധിയുടെ പേര് വീണ്ടും വീണ്ടും വലിച്ചിഴയ്ക്കുന്നത് ദൌർഭാഗ്യകരമാണെന്നും ബ്രിട്ടാസ് പറഞ്ഞു. സോണിയ ഗാന്ധി അയ്യപ്പ ഭക്തയാണെന്ന് എവിടെയെങ്കിലും പറഞ്ഞിട്ടുണ്ടോ എന്നും പോറ്റി അയ്യപ്പന്റെ പ്രതിപുരുഷനാണെന്ന് സോണിയാ ഗാന്ധിക്ക് പറഞ്ഞു കൊടുത്താരാണെന്നും ബ്രിട്ടാസ് ചോദിച്ചു.
അതീവ സുരക്ഷ കാറ്റഗറിയിലുള്ള സോണിയ ഗാന്ധിയുടെ അടുത്ത് മുതിർന്ന നേതാക്കൾ പോലും എത്താൻ ബുദ്ധിമുട്ടുന്ന സമയത്താണ് പോറ്റിയും സ്വർണവ്യാപാരിയും അടക്കമുള്ളവർ സോണിയ ഗാന്ധിയെ കണ്ടത്. ഇതിനെല്ലാം അടൂർ പ്രകാശ് മറുപടി പറയണമെന്നും ജോൺ ബ്രിട്ടാസ് എംപി പറഞ്ഞു.
