ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ മൊഴിയെടുത്തതിന് പിന്നാലെ പ്രചരിച്ച വാര്‍ത്തകര്‍ക്കെതിരെ മുന്‍ ദേവസ്വം വകുപ്പ് മന്ത്രിയും കഴക്കൂട്ടം എംഎല്‍എയുമായ കടകംപള്ളി സുരേന്ദ്രന്‍. ചില മാധ്യമങ്ങൾ സങ്കല്പകഥകൾ ചമയ്ക്കുകയാണെന്നും ഇതിലൊന്നും പ്രതികരിക്കേണ്ട എന്ന് കരുതിയതാണ്, എന്നാൽ ജനങ്ങൾ തെറ്റിദ്ധരിക്കപ്പെടരുത് എന്ന നിർബന്ധമുള്ളതുകൊണ്ട് ചില കാര്യങ്ങൾ വ്യക്തമാക്കാനുണ്ടെന്ന് കടകംപള്ളി ഫേസ്ബുക്കിൽ കുറിച്ചു.
advertisement
കഴിഞ്ഞ ശനിയാഴ്ചയാണ് താൻ സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീമിന് മുന്നിൽ ഹാജരായതെന്നും അത് ഏതെങ്കിലും രഹസ്യ കേന്ദ്രത്തിലല്ല മറിച്ച് തിരുവനന്തപുരത്ത് പൊലീസ് ആസ്ഥാനത്തിന് ചേർന്നുള്ള ക്രൈംബ്രാഞ്ച് ആസ്ഥാനത്താണ് മൊഴി രേഖപ്പെടുത്തിയതെന്നും ഇതൊക്കെ പകൽവെളിച്ചത്തിൽ നടന്ന കാര്യങ്ങളാണെന്നും കടകംപള്ളി ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
"ഒരു പ്രമുഖ ദിനപത്രം എഴുതിയിരിക്കുന്നത് ഉണ്ണികൃഷ്ണൻ പോറ്റി നൽകിയ അപേക്ഷയിന്മേൽ അദ്ദേഹത്തെ സഹായിക്കണമെന്ന് ഞാൻ എഴുതി ഒപ്പിട്ടു നൽകി എന്നാണ്. ശബരിമല സ്വർണ്ണപ്പാളി വിവാദവുമായി ബന്ധപ്പെട്ട എല്ലാ ഫയലുകളും ഇപ്പോൾ കോടതിയുടെ പരിഗണനയിലാണ്. എല്ലാ മാധ്യമങ്ങളുടെയും കയ്യിൽ ഈ ഫയലുകളുടെ കോപ്പിയുമുണ്ട്. അത്തരത്തിൽ ഞാൻ കുറിപ്പെഴുതിയ ഒരു അപേക്ഷ ഉണ്ടെങ്കിൽ അത് പുറത്തുവിടാൻ നിങ്ങൾ ഹൃദയ വിശാലത കാണിക്കണം" അദ്ദേഹം പഞ്ഞു.
ഉണ്ണികൃഷ്ണൻ പോറ്റിക്ക് സഹായം ചെയ്യാൻ മന്ത്രി നിർദ്ദേശിച്ചതായി സ്വർണ്ണപ്പാളി കൈമാറാൻ ഉത്തരവിട്ട ഫയലുകളിൽ പരാമർശമുണ്ട് എന്നാണ് തനിക്കെതിരെയുള്ള മറ്റൊരു ആരോപണമെന്നും അങ്ങനെ ഒരു ഉത്തരവ് ഉണ്ടെങ്കിൽ അതും പുറത്തുവിടാൻ അദ്ദേഹം തന്റെ ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു
ഉണ്ണികൃഷ്ണൻ പോറ്റിയുടെ സ്പോൺസർഷിപ്പിൽ മണ്ഡലത്തിൽ വീട് വെച്ചു കൊടുത്തു എന്നാണ് മാധ്യമങ്ങളുടെ മറ്റൊരു കണ്ടെത്തെലെന്നും അത്തരത്തിലൊരു വീട് നിങ്ങൾ കണ്ടെത്തിയിട്ടുണ്ടെങ്കിൽ ആ വീടും അതിലെ ഗുണഭോക്താക്കളെയും ജനങ്ങളെ കാണിക്കാനുള്ള വലിയ മനസ്സെങ്കിലും നിങ്ങൾ കാണിക്കണമെന്നും കടകംപള്ളി ഫേസ്ബുക്ക് കുറിപ്പിൽ കൂട്ടിച്ചേർത്തു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
അന്വേഷണ സംഘത്തിന് മുന്നിൽ ഞാൻ മൊഴി നൽകിയ വിവരം അറിയാൻ വൈകിയതിൻ്റെ പരിഭ്രമത്തിലാവണം ചില മാധ്യമങ്ങൾ സങ്കല്പകഥകൾ ചമയ്ക്കുന്നത്. ഇതിലൊന്നും പ്രതികരിക്കേണ്ട എന്ന് കരുതിയതാണ്, എന്നാൽ ജനങ്ങൾ തെറ്റിദ്ധരിക്കപ്പെടരുത് എന്ന നിർബന്ധമുള്ളതുകൊണ്ട് ചില കാര്യങ്ങൾ വ്യക്തമാക്കാം.
കഴിഞ്ഞ ശനിയാഴ്ചയാണ് ഞാൻ സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീമിന് (SIT) മുന്നിൽ ഹാജരായത്. അത് ഏതെങ്കിലും രഹസ്യ കേന്ദ്രത്തിലായിരുന്നില്ല. തിരുവനന്തപുരത്ത് പൊലീസ് ആസ്ഥാനത്തിന് ചേർന്നുള്ള ക്രൈംബ്രാഞ്ച് ആസ്ഥാനത്താണ് എന്റെ മൊഴി രേഖപ്പെടുത്തിയത്. എം.എൽ.എ ബോർഡ് വെച്ച, ഞാൻ സ്ഥിരം ഉപയോഗിക്കുന്ന കറുത്ത ടൊയോട്ട യാരിസ് കാറിലാണ് ഞാൻ അവിടെ എത്തിയതും, മൊഴി നൽകിയ ശേഷം എന്റെ ഓഫീസിലേക്ക് മടങ്ങിപ്പോയതും. ഇതൊക്കെ പകൽവെളിച്ചത്തിൽ നടന്ന കാര്യങ്ങളാണ്.
ഒരു പ്രമുഖ ദിനപത്രം എഴുതിയിരിക്കുന്നത് ഉണ്ണികൃഷ്ണൻ പോറ്റി നൽകിയ അപേക്ഷയിന്മേൽ അദ്ദേഹത്തെ സഹായിക്കണമെന്ന് ഞാൻ എഴുതി ഒപ്പിട്ടു നൽകി എന്നാണ്. ശബരിമല സ്വർണ്ണപ്പാളി വിവാദവുമായി ബന്ധപ്പെട്ട എല്ലാ ഫയലുകളും ഇപ്പോൾ കോടതിയുടെ പരിഗണനയിലാണ്. എല്ലാ മാധ്യമങ്ങളുടെയും കയ്യിൽ ഈ ഫയലുകളുടെ കോപ്പിയുമുണ്ട്. അത്തരത്തിൽ ഞാൻ കുറിപ്പെഴുതിയ ഒരു അപേക്ഷ ഉണ്ടെങ്കിൽ അത് പുറത്തുവിടാൻ നിങ്ങൾ ഹൃദയ വിശാലത കാണിക്കണം.
മറ്റൊരു ആരോപണം, ഉണ്ണികൃഷ്ണൻ പോറ്റിക്ക് സഹായം ചെയ്യാൻ മന്ത്രി നിർദ്ദേശിച്ചതായി സ്വർണ്ണപ്പാളി കൈമാറാൻ ഉത്തരവിട്ട ഫയലുകളിൽ പരാമർശമുണ്ട് എന്നാണ്. അങ്ങനെ ഒരു ഉത്തരവ് ഉണ്ടെങ്കിൽ അതും നിങ്ങൾ പുറത്തുവിടൂ, ജനങ്ങൾ കാണട്ടെ.
ഇനി മാധ്യമങ്ങളുടെ അടുത്ത 'കണ്ടെത്തൽ', ഉണ്ണികൃഷ്ണൻ പോറ്റിയുടെ സ്പോൺസർഷിപ്പിൽ ഞാൻ മണ്ഡലത്തിൽ വീട് വെച്ചു കൊടുത്തു എന്നാണ്. എന്റെ മണ്ഡലത്തിലെ വീടില്ലാത്ത ഒട്ടേറെ പേർക്ക് സർക്കാരിന്റെയും സുമനസ്സുകളുടെയും സഹായത്തോടെ വീടുകൾ നിർമിച്ചു നൽകാൻ എനിക്ക് കഴിഞ്ഞു എന്നത് യാഥാർത്ഥ്യം തന്നെയാണ്. എന്നാൽ അതിൽ ഒന്നുപോലും ഉണ്ണികൃഷ്ണൻ പോറ്റിയുടെ സ്പോൺസർഷിപ്പിൽ നിർമ്മിച്ചതല്ല. ഇനി മറിച്ച് അത്തരത്തിലൊരു വീട് നിങ്ങൾ കണ്ടെത്തിയിട്ടുണ്ടെങ്കിൽ ആ വീടും അതിലെ ഗുണഭോക്താക്കളെയും ജനങ്ങളെ കാണിക്കാനുള്ള 'വലിയ മനസ്സെങ്കിലും' നിങ്ങൾ കാണിക്കണം.
അവാസ്തവങ്ങൾ പ്രചരിപ്പിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത് ശരിയല്ല.
Ps: സ്വർണ്ണപ്പാളി വിവാദത്തിൽ എനിക്കെതിരെ ആരോപണമുന്നയിച്ച് 84 ദിവസം പിന്നിട്ടിട്ടും കോടതിയിൽ ഒരു കീറക്കടലാസ് പോലും ഹാജരാക്കാൻ പ്രതിപക്ഷ നേതാവിന് ഇതുവരെ കഴിഞ്ഞിട്ടില്ല.
